Malayalam WriteUps

അതെ, ഇന്നും എന്റെയേത് വേദനയും ഒഴുക്കി കളയുന്ന എന്തോ ഒരു മാസ്മരികത ഏട്ടന്റെ നെഞ്ചിനുണ്ട്….

ഏട്ടന്റെ തണലിൽ…

എട്ടാം മാസത്തിൽ വളർച്ച പൂർണ്ണമാകാത്ത എന്നെ, പ്രസവിച്ച് അമ്മ കണ്ണടയ്ക്കുമ്പോൾ ഏട്ടന് പതിനഞ്ച് വയസാണ് പ്രായം…

ലേബർ റൂമിൽ നിന്ന്, അമ്മയുടെ ചേതനയറ്റ
ശരീരം കണ്ടാ നിമിഷം താളതെറ്റിയതാണത്രേ അച്ഛന്റെ മനസ്…
ഒരു കർക്കിടക വാവിന്റെ തലേന്ന് ഭ്രാന്ത് മൂത്ത്, തൊടിയിലെ മാവിൻ കൊമ്പിൽ അച്ഛൻ ജീവിതം അവസാനിപ്പിക്കുമ്പോൾ ഞാൻ നടക്കാൻ പഠിച്ചു തുടങ്ങുന്നതേയുള്ളുവത്രേ…

പിന്നീടങ്ങോട്ട് അമ്മയുടെ വാത്സല്യവും പരിചരണവും വേണ്ടിടത്ത് ഏട്ടനെനിക്ക് അമ്മയായി, അച്ഛന്റെ തണൽ ആഗ്രഹിച്ചിടത്ത് അച്ഛനായി… ഒരനിയത്തീടെ കുറുമ്പും വാശിയും കാണിച്ച് തുടങ്ങിയപ്പോൾ എന്റെ പ്രിയപ്പെട്ട ഏട്ടനായി..

അമ്മയുടെ അകന്ന കുടുംബത്തിൽപ്പെട്ടൊരു ചെറിയമ്മയാണ് അന്ന് തൊട്ട് വീട്ടിൽ സഹായത്തിന് നിന്നിരുന്നത്…. ചെറുപ്പം തൊട്ടേ, ഏട്ടന്റെ നെഞ്ചിൽ കെടത്തിയാണ് ഏട്ടനെന്നെ ഉറക്കിയിരുന്നത്, വലുതായപ്പോഴും ആ ശീലം മാറ്റിയില്ല, ഏട്ടന്റെ നെഞ്ചിൽ തലവെച്ചുറക്കി…

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ, ഒരു ഞായറാഴ്ച്ച അടുത്ത വീട്ടിലെ കുട്ടികളോടൊത്ത് കളിച്ച് വീട്ടിലെത്തുമ്പോൾ സന്ധ്യയായി.. വിളക്ക് വെച്ച് , നാമം ജപിച്ച് കഴിഞ്ഞ് വന്നപ്പോൾ തീരെ വയ്യ, കാലു കടച്ചിലും വയറു വേദനയും….


”രാവിലെ തൊട്ടുള്ള ഒാടി കളിയല്ലേ, എങ്ങനാ വേദനിക്കാണ്ടിരിക്ക്യാ”എന്ന് പറഞ്ഞ് ചെറിയമ്മ കൊറേ ശകാരിച്ച്…
അന്നും ഏട്ടനെന്നെ നെഞ്ചിൽ തലവെച്ചുറക്കി… ഏത് വേദനയും ഒഴുക്കി കളയുന്ന ഒരു മാസ്മരികത എന്നും ആ നെഞ്ചിനുണ്ടായിരുന്നു…

പിറ്റേന്ന് എന്റെ കാലിലൂടെ ഒലിച്ചിറങ്ങിയ ചോരതുള്ളിയിൽ നിന്നാണ്, തലേന്നത്തെ വേദനയുടെ കാര്യം എന്താന്ന് ചെറിയമ്മയ്ക്ക് മനസിലായത്…ഞാൻ വല്ല്യ കുട്ടി ആയത്രേ !! 


അന്ന് രാത്രി, ഏട്ടന്റെ കൂടെ കെടക്കാൻ റൂമിലേക്ക് തിരിയുമ്പോഴാണ്, ചെറിയമ്മ പുറകിൽ നിന്ന് വിളിച്ചത്… എന്നെ അടുത്തേക്ക് വിളിച്ചിട്ട് ചെറിയമ്മ പറഞ്ഞു
”ഇനി മോള് ചെറിയമ്മേന്റെ കൂടെ കെടന്നാൽ മതി , പ്രായം തെകഞ്ഞ പിള്ളേര് അങ്ങനെ ആണുങ്ങളെ കൂടെയിങ്ങനെ കെടക്കാൻ പാടില്ല”

”അതെന്താ കെടന്നാല്, ന്റെ ഏട്ടന്റെ കൂടെയല്ലേ”
ഏട്ടന്റെ ഉപ്പ് മണമുള്ള നെഞ്ചിടം, എനിക്ക് നഷ്ടപ്പെട്ട് പോകുമോന്നുള്ള പേടികൊണ്ട് ഞാൻ മറു ചോദ്യം ചോദിച്ചു…

”ഇയ്യ് കുട്ടിയാണ് ഇപ്പതൊന്നും അറിയേണ്ട, പറഞ്ഞതനുസരിച്ചാൽ മതി” എന്ന ചെറിയമ്മേടെ ശാസനയ്ക്ക് മറുപടി കൊടുത്തത് ഏട്ടനാണ്…
” എത്ര വലുതായാലും ഒാളെനിക്കെന്നും ചെറിയ കുട്ട്യാണ് ചെറിയമ്മേ…. എന്റെ നെഞ്ചിലൊന്ന് തലവെച്ചെന്ന് വെച്ച് ഒാള് പെഴക്ക്യാണേൽ പെഴക്കട്ടേന്ന് വെക്കും, അല്ല പിന്നെ”
എന്ന് പറഞ്ഞ്, ഏട്ടനെന്നേം കൂട്ടി റൂമിൽക്ക് പോയി…. അന്നും ആ നെഞ്ചിൽ തലവെച്ചുറങ്ങി…

രാത്രി എത്ര നേരം വൈകിയാലും, ഏട്ടൻ വരണത് വരെ കാത്തിരിക്കും… ”ഏട്ടൻ വൈകും മോളൊറങ്ങിക്കോന്ന് ” വിളിച്ച് പറഞ്ഞാലും ”ഏട്ടൻ വന്നിട്ടേ ഒറങ്ങൂന്ന്” കൊഞ്ചി പറയും….. ഇതൊക്കെ കേൾക്കുന്ന ചെറിയമ്മ , വല്ലാത്തൊരേട്ടനും മോളെന്നും പറഞ്ഞ് പിറുപിറുത്തോണ്ട് പോകും…

കോളേജിൽ രണ്ടാം വർഷം പഠിക്കുമ്പോഴാണ് എന്നിൽ പ്രണയത്തിന്റെ വിത്തുകൾ
ആദ്യമായി മുളപൊട്ടി തുടങ്ങിയത്…. കോളേജിലെ സീനിയർ, അരുണേട്ടൻ… ആദ്യമാദ്യം നല്ല സൗഹൃദം, പിന്നീടെപ്പോഴോ പ്രണയത്തിലേക്ക് വഴിമാറി…

ഇങ്ങനെയൊരിഷ്ടം ഏട്ടനോട് തുറന്ന് പറഞ്ഞപ്പോൾ, എതിർത്തില്ല… അല്ലെങ്കിലും എന്റെ സന്തോഷത്തിനേക്കാൾ വലുതായ് ഏട്ടന് മറ്റൊന്നുമില്ലായിരുന്നല്ലോ..

കല്ല്യാണത്തിന്റെ അന്ന് പടിയിറങ്ങുന്ന നേരം, ഏട്ടന്റെ നെഞ്ചിൽ തല ചേർത്ത് വെച്ച് പൊട്ടി കരഞ്ഞു…
അന്നാദ്യമായി, ആ കണ്ണ് നിറയുന്നത് കണ്ടു… ആരും കാണാതിരിക്കാൻ പാടുപെട്ട് തുടയ്ക്കുന്നതും കണ്ടു…

ഇന്നലെ വരെ ഏട്ടന്റെ നെഞ്ചിലെ ഉപ്പ്മണമറിഞ്ഞ് കിടന്നു.. ഇനി മറ്റൊരു പുരുഷന്റെ തണലിലേക്ക്…
കല്ല്യാണം കഴിഞ്ഞ് മൂന്നാം ദിവസം ഒരു വിരുന്ന് കഴിഞ്ഞ് തിരിച്ച് വരുമ്പോഴാണ്, വിധിയുടെ വെളുപ്പ് നിറമുള്ള ഒരു കാർ എനിക്ക് നേരെ പാഞ്ഞടുത്തത്….


പിന്നീട് ബോധം വീഴാൻ എത്രയോ ദിവസങ്ങളെടുത്തു… ഒാർമ വന്ന് കണ്ണ് തുറന്നപ്പോളാണറിഞ്ഞത്, അരയ്ക്ക് കീഴ്പ്പോട്ടെന്റെ ശരീരം അനങ്ങുന്നില്ലാന്ന്… ”ഇതിലും ഭേദം എന്റെ ജീവനെടുക്കുന്നതായിരുന്നില്ലേ” ന്ന് പറഞ്ഞ് ഉറക്കെ പറഞ്ഞ് കരഞ്ഞു…

ഹോസ്പറ്റലിൽ നിന്ന് ഡിസ്ചാർജായി എന്നെ കൊണ്ടുവന്നത് അരുണേട്ടന്റെ വീട്ടിലേക്കാണ്… രണ്ട് മൂന്നാല് മാസം കഴിഞ്ഞിട്ടും എന്റെ അവസ്ഥയിൽ മാറ്റമില്ലന്ന് കണ്ടപ്പോൾ, അരുണേട്ടന്റെ അമ്മയാണെന്നോട് വിവാഹ മോചനത്തെ പറ്റി പറഞ്ഞത്. ഞാനെതിർത്തൊന്നും പറഞ്ഞില്ല.. ”അരുണേട്ടനു സമ്മതമാണേൽ ഞാനൊപ്പിട്ട് തന്നോളാം” എന്ന് മാത്രം പറഞ്ഞു… അരുണേട്ടനു പ്രണയം, തളർന്ന് പോയ എന്റെ ശരീരത്തോടായ്രുന്നെന്ന് മനസിലാക്കാൻ അത് മാത്രം മതിയായിരുന്നു…

ഇനിയിപ്പോ ഈ വീട്ടിൽ ഞാനാരുമല്ല… ഏട്ടനോട് വിളിക്കാൻ വരാൻ പറയാൻ, അമ്മയോടാവശ്യപ്പെടുമ്പോൾ മനസിലൊന്നുറപ്പിച്ചിരുന്നു... ഒരിക്കലും, എന്റെ തളർന്ന ശരീരം ഏട്ടനൊരു ബാധ്യതയാകരുതെന്ന്…, എന്റെ കാരണം ഏട്ടന്റെ ജീവിതം കൂടി ഇല്ലാണ്ടാകരുതെന്ന്… ആ നിമിഷം ഏട്ടന്റെ ജീവിതം ഞാനാണെന്ന സത്യം പോലും മറന്ന് പോയി… അത് കൊണ്ടാണ്, നഖം മുറിക്കാനെന്ന പേരും പറഞ്ഞ് അമ്മയുടെ കൈയ്യിൽ നിന്ന് ബ്ലേഡ് വാങ്ങിയത്..


ഇടത് കൈത്തണ്ടയിലെ ഞെരമ്പിന് മുകളിൽ ബ്ലേഡ് വെച്ച് ആഴത്തിൽ മുറിച്ച്, ഒലിച്ചിറങ്ങുന്ന ചോരയിൽ നിന്ന് ഒാർമയുടെ ശീലുകൾ അവസാനിക്കുമ്പോൾ അവസാനം കണ്ട മുഖം ഏട്ടന്റേതായ്രുന്നു.., മൂക്കിലേക്ക് അരിച്ച് കേറിയ അവസാന ഗന്ധം ഏട്ടന്റെ നെഞ്ചിന്റെ ഉപ്പ് മണമായിരുന്നു…

പിന്നീട് കണ്ണ് തുറന്നപ്പോൾ ഹോസ്പ്പിറ്റലിലാണ്.. മരണത്തിന്പോലും എന്നെ വേണ്ടാതായോന്ന് വിചാരിച്ചപ്പോഴാണ്, തൊട്ടടുത്ത് ഏട്ടൻ ഇരിയ്ക്കുന്നത് കണ്ടത്….
”എന്തിനായ്രുന്നു മോളെ, ഏട്ടനുള്ളപ്പോ….”
എന്ന് ചോദിച്ച് കൊണ്ടെന്നെ കെട്ടി പിടിച്ചു കരഞ്ഞു… പിന്നീട് ഏട്ടന്റെ നെഞ്ചിൽ തലവെച്ച് കൊറേ നേരം കിടന്നു… എന്തോ ഒരാശ്വാസം…

അതെ, ഇന്നും എന്റെയേത് വേദനയും ഒഴുക്കി കളയുന്ന എന്തോ ഒരു മാസ്മരികത ഏട്ടന്റെ നെഞ്ചിനുണ്ട്….
എന്റെ ഏട്ടന്റെ നെഞ്ചിനു മാത്രം…. #രചന :#jaisha #jayan

Back to top button