Current Affairs

അമ്മ എന്ന വാക്കിന്റെ അർത്ഥം മനസ്സിലായ നാളുകൾ അനുഭവങ്ങളെ കുറിച്ച് ഷിനു ശ്യാമളൻ

7 മാസം തികഞ്ഞു. ആദ്യത്തെ ഗർഭം. വളരെ സന്തോഷത്തിലാണ് എല്ലാവരും.വയറു വീർത്തുവരുന്നതും സ്‌ട്രേച്ചു മാർക്കുകളും കുഞ്ഞികാലിന്റെ ചവിട്ടും ഒക്കെ ആകാംഷയോടെ ഞാൻ സ്നേഹിച്ചു.ചേട്ടന്റെ വയറിൽ തലോടലും സ്നേഹചുംബനങ്ങളും ഒക്കെ ഇപ്പോഴും ഓർമ്മയിൽ നിറയുന്നു.

അങ്ങനെയിരിക്കുമ്പോൾ എനിക്ക് രക്തസമ്മർദ്ദം കൂടി വന്നു. അങ്ങനെ വയനാട് നിന്നും ചുരം ഇറങ്ങി തൃശൂർ മദർ ഹോസ്പിറ്റലിൽ എത്തി. ഗുളിക കൊണ്ട് കുറയുന്നില്ല.പ്രഷർ ദിനംപ്രതി കൂടിവന്നു.ഒപ്പം എന്റെ നെഞ്ചിടിപ്പും. കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോ എന്ന ആധി വല്ലാതെയെന്നെ അലട്ടിക്കൊണ്ടിരുന്നു.

സ്നേഹം നിറഞ്ഞ എന്റെ വാസന്തി ഡോക്ടറെ ഇന്നും ഞാൻ ഓർക്കുന്നു. രോഗികളോടുള്ള ആ സ്നേഹം. എനിക്ക് ഒരുപാടു ഇഷ്ടമായി ഡോക്ടറെ. തൃശ്ശൂരിൽ ഭർത്താവിന്റെ വീട്ടിൽ നിന്നും മദർ ഹോസ്പിറ്റൽ പോകുന്നത് പതിവായി. രാവിലെ എഴുനേറ്റു പല്ലു തേയ്ക്കും മുമ്പ് ഞാൻ പ്രഷർ നോക്കുമായിരുന്നു.

പറഞ്ഞറിയിക്കാൻ പറ്റാത്ത ടെൻഷൻ. ഭർത്താവ് അടുത്തില്ല. വയനാട്ടിൽ ഡോക്ടറാണ്. ലീവ് കിട്ടുമ്പോൾ ഇടയ്ക്ക് വരും.ഞാൻ ആ സാമീപ്യം വല്ലാതെ ആഗ്രഹിച്ചു.പക്ഷെ കുഞ്ഞിനെ ഓർത്തു ഞാൻ അതൊക്കെ വേണ്ടെന്നു വെച്ചു..

ആശുപത്രിയിൽ പോകുന്നത് പതിവായി. പ്രഷർ കൂടിക്കൂടി വന്നു. മിക്ക ദിവസവും ഞാൻ അവിടെ അഡ്മിറ്റ് ആയി. ആ ഇടനാഴികലിലൂടെ ഇന്നും ചില സ്വപ്നങ്ങളിൽ ഞാൻ യാത്രചെയ്യാറുണ്ട്.

അങ്ങനെ ഒരു ദിവസം ഞാൻ ഒരു കൂട്ടുകാരിയെ പരിചയപ്പെട്ടു. തൊട്ടടുത്ത മുറിയിൽ. അവൾ ഒരു ഡാൻസ് ടീച്ചറാണ് ഗൾഫിൽ. അവൾക്കു പ്രമേഹമാണ്. 8 മാസമായി അവൾക്കും. അവൾക്കും കുറെ ടെനൻഷനുകൾ. അവളുടെ ആധികൾ കേൾക്കുമ്പോൾ എന്റെ ടെൻഷൻ ഒന്നുമല്ല എന്നെനിക്കു തോന്നി.എന്റെ അടുത്ത് ഇടയ്ക്ക് ഓടി വരും. വരുമ്പോൾ 2 ഇഡലി കഴിച്ചു. കുഴപ്പമില്ലലോ എന്നൊക്കെ ചോദിക്കും. ഞങ്ങൾക് പങ്കുവെയ്ക്കുവാൻ കുറെ ആധികൾ.

ഒരു ദിവസം അവളുടെ കണ്ണുകൾ നിറഞ്ഞു. എന്താ കാര്യമെന്നു ഞാൻ ചോദിച്ചു. തേങ്ങൽ വിങ്ങി പൊട്ടാതെ അവൾ അടക്കി പിടിച്ചു. അവൾ എന്നോട് മനസ്സു തുറഞ്ഞു..”9ം മാസത്തിൽ എനിക്കെന്റെ ആദ്യത്തെ കുട്ടി നഷ്ടപ്പെട്ടു. പ്രസവിച്ചു ഞാൻ പക്ഷെ. അവന്റെ ഹൃദയം തുടിച്ചില്ല. എനിക്ക് ….” അവളുടെ സ്വരം പതറി….”എനിക്കവനെ നഷ്ടപ്പെട്ടു …”

ഈശ്വരാ, ഞാൻ എന്ത് പറഞ്ഞവളെ അശ്വസിപ്പിക്കും.”സാരമില്ല നീ പേടിക്കാതെ. ഈ കുഞ്ഞിനെ നിനക്ക് പൂർണ്ണ ആരോഗ്യത്തോടെ ലഭിക്കും. നീ പേടിക്കണ്ട.”
ആദ്യത്തെ ഡെലിവറിയിൽ പ്രമേഹം അവളുടെ കുഞ്ഞിനെ കവർന്നു.
ഇപ്പോൾ അവളുടെ രണ്ടാമത്തെ ഗർഭമാണ്. കുഞ്ഞിന്റെ തൂക്കം കൂടി കൂടി വന്നു. ഒപ്പം അവളുടെ ആധിയും…

എന്റെ കുഞ്ഞിന് തൂക്കം കുറവാണ്. 8 മാസം അങ്ങനെ ആശുപത്രിയിൽ തന്നെ കൂടുതലും ഞാൻ ചിലവഴിച്ചു. അവൾ അവിടെ തന്നെ എന്നുമുണ്ടായിരുന്നു. ഒരു ദിവസം പോലും ഡിസ്ചാർജ് ആയി വീട്ടിൽ പോയില്ല. അവളുടെ ഷുഗർ കണ്ട്രോൾ ആയിരുന്നില്ല. ആദ്യത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടത് കൊണ്ട് അവൾക്കു വളരെ ആധിയുണ്ടായിരുന്നു. അവളുടെ ആ ചുരണ്ടമുടിയും സംസാരവും ഞാനിന്നും ഓർക്കുന്നു. 2 വർഷമായി ഞാൻ അവളെ കണ്ടിട്ടു.

35 ആഴ്ചയിൽ എനിക്കു പെട്ടെന്നു കുഞ്ഞിന് അനക്കക്കുറവ് വന്നു. ഡോക്ടർ പെട്ടെന്നു രാവിലെ എമർജൻസി സിസേറിയാൻ ചെയ്യുവാൻ തീരുമാനിച്ചു. ഫോൺ എടുത്തു ഞാൻ ആദ്യം ഭർത്താവിനെ വിളിച്ചു.അടുത്ത ബസിനു ചേട്ടൻ ചുരം ഇറങ്ങി..

എന്റെ അമ്മ പറഞ്ഞു വിവരമറിഞ്ഞപ്പോൾ അവൾ ഓടി എന്റെ അരികിൽ എത്തി.”ടെൻഷൻ അടിക്കേണ്ട. ഒക്കെ ശെരിയാകുമെന്നേ..” അവൾ പറഞ്ഞു.
ആ രാത്രി ഞാൻ ഉറങ്ങിയില്ല. ഉറക്കം വന്നില്ല.ഓരോ മണിക്കൂറും തിരിഞ്ഞും മറിഞ്ഞും ഞാൻ കിടന്നു.

രാവിലെ ഓപ്പറേഷൻ തിയേറ്ററിൽ എന്നെ കയറ്റി. കണ്ണ് മൂടിയിട്ടുണ്ട്. അനസ്‌തേഷ്യ തന്നു. പക്ഷെ ഞാൻ എല്ലാം അറിയുന്നുണ്ട്. വാസന്തി മാഡം ഓപ്പറേഷൻ തീയേറ്ററിൽ വെച്ച് എന്റെ കണ്ണ് തുറന്നു കുഞ്ഞിനെ കാണിച്ചു. അവളുടെ ആദ്യത്തെ കരച്ചിൽ. അത്രയും എനിക്ക് ഓർമ്മയുണ്ട്. പിന്നെ ഞാൻ മയങ്ങി പോയി. റൂമിൽ എത്തിയപ്പോൾ അവൾ ഓടിവന്നു.” നീ റസ്റ്റ് എടുക്കു. ഞാൻ പിന്നെ വരാം.”

ബന്ധുക്കൾ എല്ലാവരും ഉണ്ട്…എന്റെ കുഞ്ഞു 1.8 തൂക്കം ഉള്ളൂ. NICU യിൽ ആയിരുന്നു രണ്ടു ദിവസം. ആ 2 ദിവസം 2 യുഗം പോലെ പോയി. എന്റെ പൊന്നുമകൾ. ഞാൻ ആ രണ്ടു ദിവസം ഉറങ്ങിയിട്ടില്ല.

“എടീ എനിക്ക് ഷുഗർ കൂടുന്നു .ഞാൻ ആകെ 1 ദോശയാണ് കഴിച്ചത്. എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല. കുഞ്ഞിന് തൂക്കം കൂടുമെന്ന് ഡോക്ടർ. എനിക്കെന്റെ ആദ്യത്തെ മോനെ നഷ്ടപ്പെട്ടു..ഈ നശിച്ച രോഗം. ഞാൻ എന്താടി ചെയേണ്ടത്”. അവൾ വല്ലാതെ കരഞ്ഞു.

അമ്മ എന്ന വാക്കിന്റെ അർഥം മനസ്സിലായ നാളുകൾ. മക്കൾക്കുവേണ്ടി കരയുന്ന അമ്മമാർ. അവിടെ ആ വാർഡിൽ വേറെയുമുണ്ട് കുറെ അമ്മമാർ. ഒരു അമ്മയുടെ കുഞ്ഞു NICU ലായിട്ടു 1 മാസം ആയി. 6 മാസത്തിൽ ഉണ്ടായതാണ് അവളുടെ കുഞ്ഞു. അങ്ങനെ എത്രയോ അമ്മമാർ.

എന്റെ മോൾ രണ്ടാം ദിവസം എന്റെ അരികിൽ എത്തി. എനിക്ക് വളരെ സന്തോഷമായി. അവളും ഓടിവന്നു കുഞ്ഞിനെ കാണാൻ. അങ്ങനെ ഞാൻ ഡിസ്ചാർജ് ആയി. പക്ഷെ അവൾ അപ്പോഴും അവിടെ ആ മുറിയിൽ ഉണ്ട്. ഓരോ ദിവസവും അവൾ എണ്ണി നീക്കിക്കൊണ്ടിരിക്കുന്നു. പക്ഷെ പോകാൻ നേരം ഞാൻ അവളെ കണ്ടില്ല. അവൾ ടെസ്റ്റുകൾക്കും മറ്റുമായി ലേബർ റൂം പോയിരുന്നു. ഞാൻ നമ്പർ വാങ്ങിയതുമില്ല. എന്റെ നമ്പർ അവൾ വാങ്ങിയിരുന്നു. ഞാൻ ആ സന്തോഷത്തിൽ ഇറങ്ങി. അവൾ എന്നെ വിളിക്കുമെന്നെങ്കിലും. പക്ഷെ 2 വർഷം കഴിഞ്ഞു. ഒരുപക്ഷെ നമ്പർ കളഞ്ഞു പോയിട്ടുണ്ടാകും. അറിയില്ല.

എനിക്ക് ഇത്രയും അറിഞ്ഞാൽ മതി. നിന്റെ രണ്ടാമത്തെ കുഞ്ഞിനെയെങ്കിലും നിനക്ക് പൂർണ ആരോഗ്യത്തോടെ ലഭിച്ചെന്ന് മാത്രം. നീയും കുഞ്ഞും കൂടിയുള്ള ഒരു ഫോട്ടോ എനിക്ക് അയക്കണം. എന്റെ ഒരു പൊന്നുമ്മ കുഞ്ഞിന് കൊടുക്കണം..
പ്രിയ നർത്തകി….നിന്റെ കാലുകൾ ഇന്ന് സന്തോഷത്തോടെ താളം പിടിയ്ക്കുന്നു എന്ന് ഞാൻ കരുതട്ടെ…

** അമ്മ എന്ന വാക്കിന്റെ അർത്ഥം മനസ്സിലായ നാളുകൾ **7 മാസം തികഞ്ഞു. ആദ്യത്തെ ഗർഭം. വളരെ സന്തോഷത്തിലാണ് എല്ലാവരും.വയറു…

Gepostet von Dr Shinu Syamalan am Dienstag, 29. August 2017

Back to top button