Malayalam Article

ആണിനും പെണ്ണിനും പ്രണയം രണ്ടു വിധം!

B4Blaze mlayalam ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച, പ്രണയം’ എന്ന കുറിപ്പിന് പ്രതികരണങ്ങള്‍ ഒഴുകുകയാണ്. പ്രണയത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ ചോദ്യം ചെയ്യുന്നതായിരുന്നു നിഷ മഞ്‌ജേഷ് എഴുതിയ കുറിപ്പ്. അതിനോടുള്ള പ്രതികരണങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത കുറിപ്പുകള്‍ തുടര്‍ച്ചയായി ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.

പ്രണയം കാല്‍പ്പപനികമാണെന്നും ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു മനോഹര അനുഭവമാണെന്നും ഒരു വിഭാഗവും, മഹത്വവല്‍ക്കരിക്കപ്പെടുന്നത് പോലെ ഒന്നുമില്ല എന്ന് മറ്റൊരു വിഭാഗവും വാദിക്കുമ്പോള്‍ സത്യം ഇതിനിടയിലെവിടെയോ ശ്വാസം മുട്ടുകയല്ലേ എന്ന് സന്ദേഹിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ സ്ത്രീ പുരുഷ പ്രണയങ്ങളിലെയും സ്വഭാവത്തിലെയും അന്തരങ്ങളല്ലേ നമ്മെ കൊണ്ട് ഇങ്ങനെ വ്യത്യസ്തമായി ചിന്തിപ്പിക്കുന്നത് എന്ന് തോന്നുന്നു.
ഒറ്റ നോട്ടത്തിലോ, ഒരു കൗതുകത്തിന്റെ പുറത്തോ, സ്ത്രീയിലുള്ള എന്തെങ്കിലും ഒരു ആകര്‍ഷക ഘടകത്തിന്റെ പുറത്തോ പുരുഷന് പ്രണയം തോന്നി തുടങ്ങാമെങ്കിലും, സ്ത്രീക്ക് അത്ര വേഗം പ്രണയം തോന്നി തുടങ്ങില്ലെന്നാണ് കണ്ടു വരുന്നത്. അത് കൊണ്ടാണല്ലോ ചിരപുരാതന കാലം മുതല്‍ പുരുഷന്‍ പ്രണയം അഭ്യര്‍ത്ഥിച്ച് സ്ത്രീയുടെ പിറകെ നടക്കേണ്ടി വരുന്നത്. ചില സന്ദര്‍ഭങ്ങളില്‍ പെട്ടന്ന് തന്നെ സ്ത്രീക്ക് തിരിച്ചും പ്രണയം തോന്നുമെങ്കിലും മിക്കപ്പോഴും പുരുഷന്റെ സാമീപ്യവും കരുതലും ആസ്വദിച്ച് തന്നോട് ശരിക്കും പ്രണയമാണെന്ന് ബോധ്യപ്പെടുന്ന തലത്തിലെവിടെയോ ആണ് അവള്‍ തിരികെ പ്രണയിച്ച് തുടങ്ങുന്നത്. സ്വയമറിയാതെ തന്നെ എവിടെയോ വച്ച അയാളെ പ്രണയിച്ച് തുടങ്ങിയിരിക്കുന്നു എന്ന് അവള്‍ തിരിച്ചറിയുകയാണ് ചെയ്യുക.
എന്നാല്‍ ഈ പ്രണയ പുരോഗതി സ്ത്രീയിലും പുരുഷനിലും രണ്ടു വേഗതയിലാണ് സംഭവിക്കുന്നത്. പ്രണയത്തിലായ സ്ത്രീ ഒരഗ്‌നിപര്‍വ്വതം പോലെയാണ്. പ്രണയച്ചൂടില്‍ തിളച്ച് മറിഞ്ഞാകും അവളുടെ ദിനരാത്രങ്ങള്‍. സമാധാനം നഷ്ടപ്പെട്ട് കാമുകനോടുള്ള പ്രണയത്തിലും ആധിയിലും ഉരുകി മാത്രമേ അവള്‍ക്ക് നിലനില്‍ക്കാനാകൂ. പ്രണയ മീറ്ററില്‍ പൂജ്യത്തില്‍ നിന്ന് തുടങ്ങി 90 ലേക്ക് ഒരു കൂപ്പു കുത്തലാകും അവള്‍ സ്വയമറിയാതെ നടത്തുക. അതിതീവ്രമായ മാനസിക നിലയില്‍ തൊട്ടാല്‍ പൊട്ടി വീഴുന്ന ഒരു കമ്പി പോലെ മുറുകിയ നിലയിലായിരിക്കും അവളുടെ മനോനില. കാമുകനെ ഒന്ന് കണ്ടാല്‍ മതി, ആ ശബ്ദം ഒന്ന് കേട്ടാല്‍ മതി, അയാളുടെ ഗന്ധം ഒന്നറിഞ്ഞാല്‍ മതി എന്നൊക്കെയുള്ള അവളുടെ മാനസിക നിലയെ മനസ്സിലാക്കാന്‍ മിക്ക പുരുഷന്മാര്‍ക്കും കാമുകന്മാര്‍ക്കും കഴിയാറില്ല എന്നതാണ് വാസ്തവം. മൈന്‍ഡ് ചെയ്യാതെയിരുന്ന അവസ്ഥയില്‍ നിന്നും 90 മൈല്‍ സ്പീഡിലേക്ക് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ അവള്‍ ബാംഗീജംപ് നടത്തിയ കാര്യം അവരറിഞ്ഞിട്ടില്ലല്ലോ. അഥവാ അവര്‍ അതറിഞ്ഞാല്‍ തന്നെ അവളുടെ പ്രണയ തീവ്രതയ്‌ക്കൊപ്പം എത്താന്‍ പ്രയാസമാണ്.

പ്രണയത്തിലായ സ്ത്രീ ഒരഗ്‌നിപര്‍വ്വതം പോലെയാണ്

പുരുഷന്റെ പ്രണയം സ്വാഭാവികമായി വളരുന്ന ഒരു ചെടി പോലെയാണ്. പതിയെ വളര്‍ന്ന് ഒരില വന്ന് അല്‍പ്പം പൊക്കം വച്ച് സാവകാശത്തില്‍ വീണ്ടും ഇലകള്‍ വന്നു പൂക്കളും കായ്കളും വരുന്ന പ്രണയം. പ്രണയ മീറ്ററില്‍ പൂജ്യത്തില്‍ നിന്ന് തുടങ്ങി സ്‌റ്റെഡിയായി മുമ്പോട്ട് പോകുന്ന അവസ്ഥ. സ്പീഡും തീവ്രതയും കൂടുന്നതും പതിയെ ആയിരിക്കും. പക്ഷെ അപ്പോഴേക്കും അങ്ങേയറ്റം തീവ്രതയിലെത്തി നില്‍ക്കുന്ന സ്ത്രീയെ മനസ്സിലാക്കാന്‍ തന്നെ ചിലപ്പോള്‍ അവന്‍ പാടുപെടും. ഇവള്‍ക്ക് പെട്ടന്ന് എന്ത് പറ്റി, ഇവളെന്താണിങ്ങനെ എന്ന് ചിന്തിച്ച് തുടങ്ങുന്നിടത്ത് പൊരുത്തക്കേടുകളും തുടങ്ങുകയായി. അത്ര പ്രണയമാണെന്ന് പറഞ്ഞിട്ട് തന്നെ ഒന്ന് വിളിച്ചില്ല, കാണണമെന്ന് പറഞ്ഞില്ല തുടങ്ങിയ പരിഭവങ്ങള്‍ കാമുകിയുടെ ഭാഗത്ത് നിന്നും ആരംഭിക്കുകയായി. അവനോടുള്ള അദമ്യമായ പ്രണയത്തില്‍ നിന്നാണ് ഇങ്ങനെ പറയുകയും പെരുമാറുകയും ചെയ്യുന്നത് എന്ന് തിരിച്ചറിയാന്‍ അവനു കഴിയില്ല; കാരണം അവനിപ്പോഴും 50 മൈല്‍ സ്പീഡില്‍ നില്‍ക്കുന്നതേയുള്ളു എന്നത് തന്നെ കാരണം. അവന്‍ നില്‍ക്കുന്ന ലെവല്‍ മനസ്സിലാക്കാന്‍ സ്ത്രീക്കും കഴിയാറില്ല.

പുരുഷന്റെ പ്രണയം സ്വാഭാവികമായി വളരുന്ന ഒരു ചെടി പോലെയാണ്.

രണ്ട് കാര്യങ്ങള്‍ കൂടി ഈ അവസരത്തില്‍ പറയേണ്ടതുണ്ട്. പുരുഷനെ സംബന്ധിച്ച് പ്രണയം എക്‌സ്‌ക്‌ളൂസീവല്ല. ഒരുവളോട് കടുത്ത പ്രണയത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ മറ്റൊരു സ്ത്രീ അവനോടു മധുരമായി സംസാരിച്ചു കൊണ്ട് വന്നാല്‍ അവന്‍ തിരികെ സംസാരിച്ചെന്നിരിക്കും അത് ആസ്വദിച്ചെന്നിരിക്കും ; എന്നാല്‍ സ്ത്രീയുടെ പെരുമാറ്റം ഇതിനു കടക വിരുദ്ധമായിരിക്കും. അവളുടെ പ്രണയി അല്ലാതെ മറ്റൊരു പുരുഷന്‍ കാമം നിറഞ്ഞ കണ്ണുകൊണ്ട് അവളെ നോക്കുന്നത് പോലും ഇഷ്ടപ്പെടാത്തവരാണ് ഭൂരിപക്ഷം കാമുകിമാരും.

മറ്റൊന്ന് പ്രണയത്തിലെ ശാരീരിക ബന്ധമാണ്. പ്രണയതീവ്രതയില്‍ എത്തിയ ശേഷം മാത്രമേ ഒരു സ്ത്രീ സാധാരണ ഗതിയില്‍ ശാരീരിക ബന്ധത്തിന് മുതിരാറുള്ളൂ.. പക്ഷെ പുരുഷനെ അതിലേക്ക് നയിക്കുന്നതിന്റെ പ്രഥമ കാരണം പ്രണയമല്ല; മറിച്ച് കാമമാണ്. അവന്റെ പ്രണയം ദ്രുതഗതിയില്‍ നീങ്ങി തുടങ്ങുക അതിനു ശേഷമായിരിക്കും.

പ്രണയതീവ്രതയില്‍ എത്തിയ ശേഷം മാത്രമേ ഒരു സ്ത്രീ സാധാരണ ഗതിയില്‍ ശാരീരിക ബന്ധത്തിന് മുതിരാറുള്ളൂ

ചില ബന്ധങ്ങള്‍ ഈ വ്യത്യാസങ്ങളെയൊക്കെ തരണം ചെയ്ത് മുമ്പോട്ട് പോകാറുണ്ട്. പക്ഷെ ചേര്‍ച്ചക്കുറവുകള്‍ വരുന്നത് ഇത്തരം ചില കാര്യങ്ങള്‍ കൊണ്ടാണെന്ന് മാത്രം.  പ്രണയ പരാജയങ്ങളിലും ഈ വ്യത്യാസം പ്രകടമാണ്. സ്ത്രീ എന്നും വൈകാരികതയുടെ കെട്ടുപാടിലായിരിക്കും. എന്നാല്‍ പുരുഷന്‍ അവളെക്കാള്‍ എന്നും പ്രാക്ടിക്കല്‍  ആയി ചിന്തിക്കുന്നവനായിരിക്കും.

ഈ പറഞ്ഞതിനപവാദമായി രണ്ടു ഭാഗത്തും ആളുകള്‍ ഉണ്ടാകും. പുരുഷന്റേതായി ഇവിടെ പറഞ്ഞ സ്വഭാവങ്ങള്‍ കാട്ടുന്ന സ്ത്രീയും; മറിച്ചും. ഒരു സാമാന്യ വല്‍ക്കരണം എന്നതില്‍ കവിഞ്ഞു മറ്റൊന്നും ഞാനുദ്ദേശിച്ചിട്ടില്ല. പ്രണയത്തിന്റെ ഭാവവും നിറവും ഒക്കെ തീരുമാനിക്കുന്നത് കാല്‍പ്പനികതയോ ഒരിക്കലേ പ്രണയിക്കൂ എന്ന അലിഖിത നിയമമോ ഒന്നുമല്ല; സ്ത്രീ പുരുഷ സ്വഭാവങ്ങളാണ്, അല്ലെങ്കില്‍ അവയിലെ വ്യതിയാനങ്ങളാണ്.

Back to top button