Malayalam Article

ഇത് സ്നേഹ ‘ചിതൽ’; ഭർത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ടുപോയ 20 കാരി നൂറുകണക്കിന് കുടുംബങ്ങളുടെ

സിഫിയ ഹനീഫ് , ചിത്രം: ധനേഷ് അശോകന്‍ (എഴുത്ത്: പിങ്കി ബേബി)
ഭർത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ടുപോയ സിഫിയ ഹനീഫ് എന്ന പാലക്കാട് മംഗലംപാലം സ്വദേശിനി പൊരുതാനുറച്ചപ്പോൾ ഒരുപാടുപേർക്കവൾ ആശ്രയമായി.

വിധവകൾക്കും അവരുടെ മക്കൾക്കുമായി പ്രവർത്തനം തുടങ്ങിയ ചിതൽ ഇന്നൊരു മരമാണ്. സ്‌നേഹത്തിന്റെ തണൽ വിരിക്കുന്ന നൻമരം. വിശന്നു വലഞ്ഞ കുഞ്ഞിനെയും നെഞ്ചോടു ചേർത്തു കരഞ്ഞുതീർത്ത ദിനങ്ങളുടെ വേട്ടയാടലാണു വേദനിക്കുന്ന കുഞ്ഞുങ്ങളിലേക്കിറങ്ങിച്ചെല്ലാൻ സിഫിയയെ പ്രേരിപ്പിക്കുന്നത്. സ്വന്തം പേരുപോലും മറന്ന് ചിതലെന്ന നാമം സ്വീകരിച്ചു ഈ പെൺകുട്ടി. സമൂഹ നന്മയ്ക്കായി കെട്ടിപ്പൊക്കിയ സ്നേഹപ്പുറ്റിനുള്ളിൽ ചിതലായി മാറിയ പെൺജൻമം രചിക്കുന്നതു സ്‌നേഹത്തിന്റെ സന്ദേശമാണ്.

സ്‌നേഹം പൂക്കുന്ന തണൽമരം

മഴ കനത്തു പെയ്യുന്ന ജൂൺമാസത്തിലെ ഒരു രാത്രി. പാലക്കാട് വടക്കഞ്ചേരിക്കു സമീപം കൊല്ലത്തറയെന്ന ഗ്രാമം. നാലു മരക്കൊമ്പുകൾ നാട്ടി അതിനു മുകളിൽ ഒരു ടാർപോളിൻ വിരിച്ച കൂരയിൽ രണ്ടു മക്കളെയും നെഞ്ചോടു ചേർത്തു ഹേമ ഉറങ്ങാതെ വിറങ്ങലിച്ചിരിക്കുകയാണ്. അരികിൽ തളർവാതം പിടിച്ചു കിടപ്പിലായ അമ്മ. ചിരട്ടയിട്ടു കത്തിക്കുന്ന നെരിപ്പോട് അമ്മയ്ക്കു ചെറുചൂടു നൽകി പുകയുന്നുണ്ട്. വീശിയടിക്കുന്ന കാറ്റ് കെടുത്തിക്കളഞ്ഞ മണ്ണെണ്ണവിളക്ക് അടുത്തു പിണങ്ങിയിരിക്കുന്നു.

ശക്തിയേറിയ കാറ്റ് ടാർപോളിൻ കശക്കിയെറിഞ്ഞു. മൺതറയിലെ നാലു ജൻമങ്ങളുടെ മേലേക്കു മഴ കോരിച്ചൊരിഞ്ഞു. ഇത് ഒരു ദിവസത്തെ മാത്രം ചിത്രമല്ല. ഹേമയെ ഭർത്താവ് ഉപേക്ഷിച്ചുപോയ അന്നുതൊട്ടിങ്ങനെയാണ്.

തലചായ്ക്കാൻ പോലും വകയില്ലാത്ത താൻ എന്തിനിങ്ങനെ ജീവിക്കണം എന്നു ഹേമയ്ക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ, മക്കളുടെ മുഖമോർക്കുമ്പോൾ, അമ്മയെ കാണുമ്പോൾ, എങ്ങനെയും പിടിച്ചുനിൽക്കണം എന്നു തീരുമാനിക്കും.

സമീനയ്ക്കായി സിഫിയ നിർമിച്ചു നൽകിയ വീടിനു മുൻപിൽ
അവരുടെ ജീവിതത്തിലേക്കു പിറ്റേദിവസം വിളിക്കാതെ ഒരു അതിഥി കയറിവന്നു. ചിതലെന്നു പരിചയപ്പെടുത്തി. ആ മുഖം പക്ഷേ, മക്കൾക്കു പരിചിതമായിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളിൽ ബാഗും ബുക്കുകളും കുടയുമെല്ലാം നൽകിയത് ഈ പെൺകുട്ടിയാണ്.

ഹേമയുടെയും മക്കളുടെയും ജീവിതം സ്‌കൂൾ ടീച്ചറിൽനിന്നു കേട്ടറിഞ്ഞ ചിതൽ കണ്ണീരോടെയാണ് അന്ന് ആ കുന്നുകയറി വന്നത്. അധികനാൾ നീണ്ടില്ല ഹേമയുടെ ടാർപോളിൻ കൂരയ്ക്കു പകരം ചിതലിന്റെ നേതൃത്വത്തിൽ ഒരു വീടു പണിതു. അണഞ്ഞുപോകാമായിരുന്ന കരിന്തിരി മെല്ലെ തെളിഞ്ഞു കത്താൻ തുടങ്ങി.

ബാല്യം പേറിയ വിധവ

ഏഴുവർഷം മുൻപ്, പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും നെഞ്ചോടു ചേർത്തു ഭർത്താവിന്റെ മൃതദേഹത്തിനരികിൽ കണ്ണീർ വറ്റി തളർന്നിരുന്ന 20 വയസ്സുകാരി. 16–ാം വയസ്സിൽ, പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സിഫിയയുടെ വിവാഹം.

ഉപ്പ വാങ്ങിക്കൊടുത്ത സൈക്കിളിൽ ആദ്യമായി സ്‌കൂളിൽ പോകാനുറച്ച ദിവസം രാവിലെ ഉമ്മയാണതു പറഞ്ഞത്, പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നു. ഉമ്മയും താത്തയും പറഞ്ഞപോലെ ഒരുങ്ങിനിന്നു. അവർക്കാ പെൺകുട്ടിയെ നന്നേ ബോധിച്ചു. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി ഇരട്ടി പ്രായമുള്ള ആളുടെ ഭാര്യയായി സിഫിയ ബെംഗളൂരുവിലെത്തി.

മനസ്സിന്റെയും ശരീരത്തിന്റെയും കുട്ടിത്തം മാറിയിട്ടില്ലാത്ത സിഫിയ പതിനേഴാം വയസ്സിൽ ആദ്യത്തെ കുഞ്ഞിനു വേദനയോടെ ജൻമം നൽകി. 19–ാം വയസ്സിൽ രണ്ടാമത്തെ മകനും ജനിച്ചു. ജീവിതം എന്താണെന്നു മനസ്സിലാക്കിത്തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. ഒരവധി ദിവസം സുഹൃത്തുക്കളുമൊത്തു വിനോദ യാത്രയ്ക്കുപോയ ഭർത്താവ് പിന്നെ തിരിച്ചു വന്നില്ല. കാൽതെറ്റി പുഴയിലേക്കു വീഴുകയായിരുന്നു. ആ വീഴ്ചയിലൂടെ സിഫിയ എന്ന പെൺകുട്ടിയെ ഒറ്റപ്പെടലിന്റെ ലോകത്തേക്കു കാലം തള്ളിയിട്ടു.

വീട്ടിലേക്കുള്ള തിരിച്ചുപോക്ക്

പിന്നെ അധികകാലം ഭർതൃഗൃഹത്തിൽ നിന്നില്ല. പറക്കമുറ്റാത്ത മക്കളെയും കൂട്ടി സ്വന്തം വീട്ടിലെത്തി. 16 വയസ്സുവരെ ഓടിക്കളിച്ച വീടായിരുന്നില്ല വിധവയായി തിരിച്ചു വന്നപ്പോൾ സ്വീകരിച്ചത്. വിധവ എന്ന വാക്കിന് ഇത്രമേൽ കുത്തിമുറിവേൽപ്പിക്കാൻ കഴിയുമെന്നവൾ തിരിച്ചറിയുകയായിരുന്നു. വീട്ടിലും നാട്ടിലുമെല്ലാം ഒറ്റപ്പെടുത്തി നിർത്തേണ്ട വ്യക്തിയായാണു സമൂഹം തന്നെ കാണുന്നതെന്ന തിരിച്ചറിവ് ആ പെൺകുട്ടിക്കു താങ്ങാനായില്ല.

കല്യാണം വിളിക്കാൻ വരുന്നവർ കെട്ട്യോനില്ലാത്ത ആ പെണ്ണിനെ കൊണ്ടുവരരുതെന്നു പറയുന്നതുവരെ കേൾക്കേണ്ടതായി വന്നിട്ടുണ്ട്. ഓർമകളിലേക്കു പോകുമ്പോൾ ചിതലിന്റെ കണ്ണുകളിൽ ഇപ്പോളും വേദന പൊടിയുന്നു.

ജോലി ചെയ്യണം, മക്കളെ പോറ്റണം…

ഭർത്താവ് മരിച്ച അന്നുതൊട്ടു മറ്റുള്ളവർക്കു താനും മക്കളും ഭാരമാണോ എന്നചിന്ത സിഫിയയെ വല്ലാതെ അലട്ടിത്തുടങ്ങി. എങ്ങനെയും ഒരു ജോലി സമ്പാദിക്കണം. കാര്യം പിതാവിനോടു പറഞ്ഞു. തൽക്കാലം വീട്ടിൽതന്നെ കൂടാനായിരുന്നു മറുപടി. പക്ഷേ, ആ തീരുമാനത്തോടു യോജിക്കാൻ സിഫിയ ഒരുക്കമായിരുന്നില്ല. പ്ലസ് വണ്ണിൽ മുറിഞ്ഞുപോയ പഠനം തുടരാനുറച്ചു. മാതാപിതാക്കൾ തീരുമാനത്തെ ശക്തമായി എതിർത്തു. ചീത്തപ്പേരു കേൾക്കുമെന്ന ഭയമായിരുന്നു അവർക്ക്.

പക്ഷേ, ലോകത്തെ അവൾക്കൊന്നും ബോധിപ്പിക്കാനില്ലായിരുന്നു. തന്റെയും മക്കളുടെയും ജീവിതത്തിനുള്ള വക കണ്ടെത്തിയല്ലേ മതിയാകൂ.

ഒരു വിധവ സ്വന്തം ജീവിതത്തെ കുറിച്ചു തീരുമാനമെടുക്കുന്നത് അഗീകരിക്കാൻ നാട്ടുകാർ ഒരുക്കമായിരുന്നില്ല. ബസ് സ്റ്റോപ്പിലും നടവഴികളിലുമെല്ലാം കുത്തുവാക്കുകൾ കേട്ട് സിഫിയ മടുത്തു. പക്ഷേ, അതൊന്നും ലക്ഷ്യത്തിൽനിന്നു പുറകോട്ടു വലിച്ചില്ല.

പ്ലസ് ടു പൂർത്തിയാക്കി ഡിഗ്രിക്കു ചേർന്നു. അതോടൊപ്പം ട്യൂഷനടക്കമുള്ള ചെറിയ ജോലികളും ചെയ്തു. ഇത്രയുമായപ്പോഴേക്കും എതിർപ്പു കൂടിക്കൂടി വന്നു. വീട്ടുകാർ പുറത്താക്കുമെന്ന സ്ഥിതി വന്നപ്പോൾ വീടുവിട്ടിറങ്ങാൻ തീരുമാനിച്ചു.

ദുരിതങ്ങളുടെ നഗരം, പ്രതീക്ഷകളുടെയും

മൂത്തമകനെ മാതാപിതാക്കളെ ഏൽപിച്ച് ഇളയ മകനെയും കൂട്ടി സിഫിയ ബെംഗളൂരുവിലേക്കു വീണ്ടും വണ്ടി കയറി. കാലുകുത്തി ആദ്യമിനിഷത്തിൽ തിരിച്ചറിഞ്ഞു ഭർതൃഗൃഹത്തിനുള്ളിൽ നിന്നു ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോൾ കണ്ടതല്ല ആ മഹാനഗരമെന്ന്.

ബെംഗളുരു നഗരം തീർത്തും അപരിചിതത്വമാണു നൽകിയത്. ശിവാജി നഗറിലെ ബസ് സ്റ്റോപ്പിൽ നേരം പുലരുന്നതുവരെ അവൾ ഇരുന്നു. പഴയ സുഹൃത്തുക്കളിൽ ചിലരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ജോലിതേടി പല സ്ഥാപനങ്ങളിലും കയറിയിറങ്ങി. ഉദ്ദേശിച്ചതുപോലെ എളുപ്പമായിരുന്നില്ല ജോലി കണ്ടെത്തൽ.

നേരം സന്ധ്യമയങ്ങി, തലചായ്ക്കാൻ പോലും സുരക്ഷിതമായ താവളം ലഭിച്ചില്ല. ഹോട്ടലിൽ മുറിയെടുക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്തതിനാൽ അന്നു ശിവാജി നഗറിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഇരുന്നുറങ്ങി. രാത്രി തണുപ്പു തുടങ്ങിയതോടെ കുഞ്ഞ് കരയാൻ തുടങ്ങി. കരഞ്ഞു തളർന്ന് ഉറങ്ങി. പിറ്റേദിവസവും വ്യത്യാസമില്ലാതെ കടന്നുപോയി. രണ്ടാം ദിവസമായപ്പോഴേക്കും കുഞ്ഞു കൂടുതൽ ക്ഷീണിച്ചു. അവശയായ അമ്മ, വിശന്നു കരയുന്ന മകൻ, ഇങ്ങനൊരു ജീവിതം അന്നോളം സിഫിയയുടെ ദുഃസ്വപ്നത്തിൽ പോലുമില്ലായിരുന്നു.

കൈയിൽ കരുതിയിരുന്ന പണം തീർന്നു. താമസിക്കാൻ സ്ഥലമില്ലാതെ നാടോടിയെപ്പോലെ കുഞ്ഞിനെയും ചേർത്തുപിടിച്ച് ഓഫിസുകൾ കയറിയിറങ്ങി. നാലാം ദിവസം രാത്രി ഭക്ഷണമില്ലാതെ ആശയറ്റ് ശിവാജി നഗറിലെ തെരുവോരത്തു വിധിയെ പഴിച്ച്, കണ്ണീരിൽ നനഞ്ഞ് ഇരിക്കുകയാണ്. വിശപ്പു സഹിക്കാനാകാതെ കുഞ്ഞു കരയുന്നുണ്ട്. വിശപ്പിന്റെ തളർച്ചയോടൊപ്പം പനി കൂടി ആ കൊച്ചുശരീരത്തെ ആക്രമിച്ചു തുടങ്ങി. മകനു മരുന്നു വാങ്ങാൻപോലും കഴിയാത്ത ഗതികേട്. മൂന്നു ദിവസത്തെ അലച്ചിൽ തളർത്തിയ ആ മാതൃശരീരത്തിൽ നിന്നു മുലപ്പാൽപോലും കുഞ്ഞിനു ലഭിച്ചില്ല.

മുലപ്പാൽ എന്ന അവകാശംപോലും സ്വന്തം മകനു നിഷേധിക്കേണ്ടി വരുന്നതാണ് ഒരമ്മയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ദുഃഖമെന്നു സിഫിയ പറയുന്നു. മകൻ വിശന്നു നിലവിളിച്ചപ്പോളെല്ലാം സിഫിയ കാലത്തെ പഴിച്ചു. ദൈവത്തെ വിളിച്ചു കരഞ്ഞു. തളർച്ച കൂടി ബോധരഹിതയായി നിലം പതിക്കുമെന്നു തോന്നിയ നേരം ഇടതു തോളിൽ തണുത്ത ഒരു കരസ്പർശം. തലയുയർത്തി നോക്കി. പ്രായമായൊരു സ്ത്രീ.

നിലവിളി കേട്ട് ദൈവം ഇറങ്ങി വന്നതുതന്നെ, അവൾ ഉറപ്പിച്ചു.

എന്നമ്മ….?

തമിഴിലാണ് ആ സ്ത്രീ അവളോടു സംസാരിച്ചത്.

കരച്ചിൽ കടിച്ചമർത്താൻ ശ്രമിച്ചതല്ലാതെ സിഫിയ ഒന്നും പറഞ്ഞില്ല.

എന്ന, കുളന്ത അഴകിറെ…?

സിഫിയയുടെ കൈയിൽ നിന്ന് ആ സ്ത്രീ കുഞ്ഞിനെ വാരിയെടുത്തു. ഒരു മുത്തശ്ശിയുടെ വാത്സല്യത്തോടെ അവരാ കുഞ്ഞിനെ മാറോടു ചേർത്തു. സ്‌നേഹത്തിന്റെ കരസ്പർശം ഏറ്റ കുഞ്ഞു കരച്ചിൽ നിർത്തി പതുക്കെ ഉറങ്ങി…വിശന്നു പനിപിടിച്ച കുഞ്ഞിനെ നോക്കി സിഫിയ നിസഹായയായി വിതുമ്പി. ആ സ്ത്രീ സിഫിയയുടെ അരികിലിരുന്നു. തന്നാലാകുന്നവിധം സിഫിയ തന്റെ കഥ അവരോടു പറഞ്ഞു. പ്രതീക്ഷയുടെ അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു സിഫിയയ്ക്ക് ആ സ്ത്രീ. ആ രാത്രി സിഫിയയെയും മകനെയും വഴിയിൽ ഉപേക്ഷിച്ചിട്ടു പോകാൻ അവർക്കു കഴിഞ്ഞില്ല.

അന്നുമുതൽ സിഫിയ അവരെ പാട്ടി എന്നാണു വിളിക്കുന്നത്. തമിഴ്‌നാട്ടുകാരിയായ പാട്ടി ചണമില്ലിലെ തൊഴിലാളിയാണ്. സിഫിയയ്ക്കു മതിവരുവോളം പാട്ടി അന്നു ഭക്ഷണം കൊടുത്തു. അന്തിയുറങ്ങാൻ സ്ഥലവും. എങ്ങനെയും ജോലി സമ്പാദിക്കാമെന്നും അതുവരെ സമീപത്തെ ഒരു അനാഥ മന്ദിരത്തിൽ താമസ സൗകര്യമൊരുക്കാമെന്നും ആശ്വസിപ്പിച്ചു.

കന്യാസ്ത്രീകൾ നടത്തുന്ന ഒരു അനാഥ മന്ദിരത്തിലേക്ക് പിറ്റേ ദിവസം പാട്ടി അവരെ കൊണ്ടുചെന്നു. മന്ദിരത്തിലെ അമ്മയോട് സിഫിയ തന്റെ വിഷമങ്ങളെല്ലാം പറഞ്ഞു. പകൽ സമയം മകനെ അമ്മമാരുടെ അടുക്കൽ ഏൽപിച്ച് സിഫിയ ജോലിതേടി നടന്നു. മകന്റെ പനി ഓരോ ദിവസവും കൂടിക്കൂടി വന്നു. ഇതിനിടയില്‍ ഒരു കോൾസെന്ററിൽ ജോലിക്കു കയറി.

ശിവാജിനഗറിലെ അന്നദാനം

ആദ്യ ശമ്പളം കിട്ടിയതിന്റെ പിറ്റേന്നു ശിവാജി നഗറിലേക്ക് ഒരു വലിയ ബാഗു നിറയെ ഭക്ഷണപ്പൊതികളുമായി സിഫിയ വണ്ടിയിറങ്ങി. തെരുവിൽ പട്ടിണി കിടക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും അന്നം നൽകി. മൂന്നുദിവസത്തോളം മകനു നിഷേധിക്കപ്പെട്ട മുലപ്പാലിന്റെ കടമാണ് സിഫിയ അന്നവിടെ വീട്ടിയത്. പിന്നീടുള്ള ഓരോ മാസവും സ്വന്തം കടമപോലെ സിഫിയ തെരുവിൽ താമസിക്കുന്നവർക്കു ഭക്ഷണം കൊടുത്തു. എല്ലാമാസവും തങ്ങൾക്കു ഭക്ഷണവുമായി വരുന്ന സിഫിയയെ ആ കുഞ്ഞുങ്ങൾ കാത്തിരിക്കുമായിരുന്നു.

ഓരോ കുഞ്ഞിലും അവൾ കണ്ടതു സ്വന്തം മകന്റെ വിശന്ന മുഖമാണ്. ഏഴുമാസത്തോളം ബെംഗളൂരുവിൽ ജോലി ചെയ്തു. അപ്പോഴേക്കും മകൻ ഒരു സ്ഥിരം രോഗിയായി മാറി. മകന്റെ കാര്യങ്ങൾ പോലും നോക്കാൻ സിഫിയയ്ക്കു സമയം കിട്ടാതായി. അതോടെ ജോലി ഉപേക്ഷിച്ചു. ജീവിക്കാൻ വകയില്ലാതായതോടെ തിരിച്ചു നാട്ടിലേക്കു മടങ്ങി. ആരുമില്ലാത്ത നഗരത്തിൽ ലഭിച്ച കരുതലിന്റെ ഓർമ പുതുക്കാൻ എല്ലാ വർഷവും സിഫിയ പാട്ടിയെ കാണാൻ ബെംഗളൂരുവിലേക്കു പോകാറുണ്ട്. അവധിക്കു വീട്ടിൽ തിരിച്ചെത്തുന്ന മകളെ പോലെ ആ അമ്മ അവളെ സ്വീകരിക്കും.

മനസ്സു തുറന്നുവിട്ട ഭൂതം

തിരിച്ചു നാട്ടിലെത്തിയ സിഫിയ അടുത്ത വീടുകളിലെ കുട്ടികൾക്കു ട്യൂഷൻ എടുക്കാൻ തുടങ്ങി. ഈ കാലയളവിലാണു ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നവരുടെ ദുരിതങ്ങളെക്കുറിച്ചു ചിന്തിച്ചു തുടങ്ങുന്നത്. മരണ വീടുകളായിരുന്നു സിഫിയയെ ഏറെ അലട്ടിയത്. വിധവകൾക്കായി എന്തെങ്കിലും ചെയ്യണം എന്ന ചിന്ത വേട്ടയാടി.

സിഫിയ ഹനീഫ് നൊച്ചിപ്പറമ്പ് കൊല്ലത്തറ കോളനിയിലെ കുട്ടിക്കൊപ്പം.
ഇതിനിടെ ഒരു ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലിക്കു കയറി. ആ വരുമാനത്തിൽനിന്നു മിച്ചംപിടിച്ച് വിധവകളായ സ്ത്രീകളുടെ അഞ്ചു കുട്ടികളുടെ പഠനം സിഫിയ ഏറ്റെടുത്തു. അന്നോളം മനസ്സിന്റെ തടവറയിൽ ബന്ധിച്ചിട്ടിരുന്ന നന്മയുടെ ഭൂതത്തെ സിഫിയ പതിയെ കൂടുതുറന്നു വിടുകയായിരുന്നു. അംഗപരിമിതരായ കുഞ്ഞുങ്ങളുടെ ചികിത്സാ സഹായവും ഏറ്റെടുത്തു തുടങ്ങി. കൂടുതൽ പണം ആവശ്യമായി വന്നതോടെ രാത്രി വൈകിയും ട്യൂഷൻ ക്ലാസുകൾ ആരംഭിച്ചു.

വിധവകളായ സ്ത്രീകളുടെ കാര്യം തിരക്കാൻ അവരുടെ വീട്ടുകാരുണ്ട്, നീ ഇടപെടേണ്ട എന്നായിരുന്നു വീട്ടിൽനിന്നു കിട്ടിയ പ്രതികരണം. പക്ഷേ, അതൊന്നും പ്രവർത്തനങ്ങളിൽ നിന്നു പിൻതിരിപ്പിക്കാൻ പര്യാപ്തമായില്ല. ഭർത്താക്കൻമാർ മരിച്ച വീടുകൾ തിരഞ്ഞുപിടിച്ചു പോയി വിധവകൾക്കു സഹായവും ഉൾക്കരുത്തും പകർന്നു. പതുക്കെ സിഫിയയുടെ പ്രവർത്തനങ്ങൾക്കു മാതാപിതാക്കൾ പിന്തുണ നൽകി.

ഒരുകാലത്തു വിധവയായി സിഫിയ ജോലിക്കു പോകുന്നതിനെ കുറ്റപ്പെടുത്തി സംസാരിച്ചവർപോലും സിഫിയയെ പിന്നീടു മാതൃകയാക്കിയതു ചരിത്രം. അച്ചാർ കമ്പനികളിലും പലഹാരങ്ങൾ നിറയ്ക്കുന്ന ജോലികളിലുമെല്ലാം സ്ത്രീകൾ പോയിതുടങ്ങി. സിഫിയ നൽകിയ പ്രചോദനത്തിലൂടെ ഉൾഗ്രാമത്തിലെ ഇരുപത്തഞ്ചോളം വിധവകളാണ് ഇന്നു ജോലിക്കു പോകുന്നത്.

ചിതലിലേക്കുള്ള പരിണാമം

സാമൂഹിക പ്രവർത്തനങ്ങൾക്കിടയിൽ സിഫിയ പാവപ്പെട്ടവരുടെയും വിധവകളുടെയും പ്രശ്‌നങ്ങളെ വെളിപ്പെടുത്താനായി ചിതലെന്ന പേരിൽ ഒരു ഫെയ്‌സ്ബുക് പേജ് തുടങ്ങി. അതിലൂടെ അവരുടെ പ്രശ്‌നങ്ങളെ കുറിപ്പുകളായും കവിതകളായും അവൾ അവതരിപ്പിച്ചു. ആളുകൾ ചിതലിന്റെ പ്രവർത്തനം ശ്രദ്ധിച്ചു തുടങ്ങി. സഹപ്രവർത്തകരും ഡോക്ടർമാരും അധ്യാപകരും കൂട്ടുകാരുമെല്ലാം സാമ്പത്തിക സഹായം നൽകിയും കൂടെനിന്നും സഹായിച്ചു. വിധവകളുടെ വീടുകളിലേക്കു ഭക്ഷണ സാധനങ്ങളടക്കം നൽകാൻ കഴിഞ്ഞു.

സാധനങ്ങൾ വാങ്ങുന്ന പലചരക്കു കടക്കാരന്റെ അക്കൗണ്ട് നമ്പറാണു സഹായിക്കാൻ മനസ്സുള്ളവർക്കു കൊടുത്തത്. സഹായമെത്തിച്ച ഓരോരുത്തർക്കും വാങ്ങിയ സാധനങ്ങളുടെ ലിസ്റ്റും നന്ദിപറഞ്ഞുള്ള കത്തും അയയ്ക്കാറുണ്ട് സിഫിയ. പ്രതിസന്ധി ഘട്ടങ്ങളിൽ കടക്കാരനും സഹായിച്ചിട്ടുണ്ടെന്നു സിഫിയ പറയുന്നു. റേഷൻ കടകളിൽ നിന്നു കിട്ടാത്ത പോഷകാഹാരങ്ങളാണ് ആദിവാസി മേഖലകളിലേക്കും മറ്റും എത്തിച്ചു നൽകുന്നത്.

ആദ്യ റമസാന് അഞ്ചു വീടുകളിൽ സഹായം എത്തിച്ചു കൊടുത്ത ചിതൽ ഈ പെരുന്നാളിന് 750 വീടുകളിലാണ് കിറ്റുകൾ നൽകിയത്. അതിനായി 750 വീടുകളിലും സിഫിയ നേരിട്ടു പോയി. ഇന്നു ചിതൽ നേരിട്ടു സഹായിക്കുന്ന 45 കുടുംബങ്ങളുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിലാണു പ്രധാന പ്രവർത്തനങ്ങൾ. ഇതുവരെ 30 പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുത്തു. ഏഴു വീടുകളും 12 ശുചിമുറികളും നിർമിച്ചു നൽകി. 100 കുട്ടികൾക്കു പഠന സഹായം നൽകുന്നുണ്ട്. അട്ടപ്പാടിയിലെ കുന്നിൻ പ്രദേശങ്ങളിൽ ഒറ്റയ്ക്കു തലച്ചുമടായി ആഹാരസാധനങ്ങൾ എത്തിച്ചുകൊടുക്കുന്നുണ്ട്.

നാട്ടുകാരും ജനപ്രതിനിധികളും ഇപ്പോൾ സിഫിയയ്‌ക്കൊപ്പമുണ്ട്. എല്ലാകാര്യങ്ങൾക്കും ഉപ്പയുടെയും ഉമ്മയുടെയും മക്കളുടെയും സഹായമുണ്ട്. പ്രവർത്തനങ്ങൾക്കു പിന്തുണയുമായി ആലത്തൂർ എംഎൽഎ കെ.ഡി.പ്രസന്നനുമുണ്ട്.

ഇപ്പോൾ ബി.എഡ് പഠനത്തിലാണ് ചിതൽ. ടീച്ചറാകുകയെന്നത് ചിതലിന്റെ ഒരു സ്വപ്നമാണ്. ടീച്ചറായാൽ സമൂഹത്തിലേക്കിറങ്ങാൻ രാവിലെയും വൈകിട്ടും സമയം കിട്ടും. മറ്റുള്ളവർക്കു വേണ്ടി ജീവിക്കാൻ രണ്ടുമാസം അവധിക്കാലവും.

Back to top button

buy windows 11 pro test ediyorum