Malayalam Article

ഇവാൻ ഇളങ്കോയ്ക്ക് ഒരു തുറന്ന കത്ത്..

എന്ന് മുതലാണ്‌ നിങ്ങൾ എന്നെ പിടികൂടിയതെന്നെനിക്കറിയില്ല. എന്നോ ഒരിക്കൽ… എവിടെയോ ഇരിക്കുമ്പോൾ… ആരോ എന്നോട് പറഞ്ഞു നിങ്ങളെ പറ്റി. കേട്ടപ്പോൾ കാര്യമായി ഒന്നും തോന്നിക്കാതെ കടന്നുപോയി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും തികട്ടി വരുന്ന എന്തോ ഒന്നായി നിങ്ങൾ മാറി.

നിറങ്ങൾ കൊണ്ട് ദൈവം സൃഷ്‌ടിച്ച ചുരുൾമുടിക്കാരൻ. എന്നേക്കാൾ മുടിയുണ്ടല്ലോ അവന് എന്ന് നിങ്ങളുടെ ചിത്രം കണ്ടപ്പോൾ എന്റെ അമ്മ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. ശരിയാണ്. നല്ല മുടിയുണ്ട്. നല്ല നീളൻ മുടിയുണ്ട്. എന്റെ പോലത്തെ വെറും നാരല്ല. അസ്സല് കട്ടി മുടി.

മുടിക്ക് മാത്രമല്ല ഇവാൻ, നിങ്ങളുടെ ജീവിതത്തിനുമുണ്ട് ഭാരം. തൂക്കി നോക്കാൻ ശ്രമിച്ചാൽ കൈ കിണഞ്ഞു പോകുന്ന ഭാരം. നിങ്ങളുടെ അപ്പയുടെ.. അമ്മയുടെ.. ചങ്ങായിമാരുടെ.. ചിത്രങ്ങളുടെ… അവർക്കൊക്കെ നിങ്ങളോടുള്ള സ്നേഹത്തിന്റെ ഭാരം. ഇനിയും നിങ്ങൾക്ക് വേണ്ടി ആയിരക്കണക്കിന് ചുമരുകൾ ബാക്കിയുണ്ടായിരുന്നു. അതിലും ഭംഗിയുള്ളത് തേടിയാണോ നിങ്ങൾ പോയത്‌ ? പക്ഷേ കണ്ടെത്താനാകുമോ ? നിങ്ങൾക്ക് പ്രിയപ്പെട്ടതൊക്കെ ഇവിടല്ലേ ? നിങ്ങളുടെ ചായപെൻസിലുകളും ഇവിടല്ലേ ? അതിൽ എത്രയെണ്ണം ഒടിഞ്ഞെന്നറിയാമോ ? എത്രയെണ്ണം ഒടിയാതെ ശോഭേച്ചി നെഞ്ചോട്‌ ചേർത്തെന്നറിയാമോ ? അറിയില്ല.. നിങ്ങൾക്കൊന്നും അറിയില്ല. പറഞ്ഞു തരാൻ എനിക്കും…

കടലിനെ പ്രണയിച്ചവനേ…നക്ഷത്രങ്ങളെ കെട്ടിപിടിച്ചവനേ..യാത്രകളെ അറിഞ്ഞവനേ…നിന്നോടുള്ള മുഴുവൻ സ്നേഹവും നിലനിർത്തി ഞാനവരെ വെറുക്കുന്നു.. അഗാധമായി വെറുക്കുന്നു..

ഇല്ലെങ്കിൽ പറയൂ..ഒരു ടിപ്പറിനടിയിലേക്ക് നിന്നെ ഇരുളിന്റെ ചിറകുകൾ അടർത്തിയെടുക്കുമ്പോൾ അവരൊക്കെ എവിടെയായിരുന്നു ? ഏത് പൊത്തിലായിരുന്നു ?

മിന്നാതെ മിനുങ്ങാതെ മേഘങ്ങളെ കൂട്ടുപിടിച്ചവർ..
അലറാതെ കരയാതെ ശാന്തമായി ഒഴുകിയവർ..
വെറുക്കുന്നു ഞാൻ നിങ്ങളെയൊക്കെ…

നിങ്ങൾ വിളിച്ചെങ്കിൽ അവൻ കേട്ടേനെ..
നിങ്ങൾ വിളിച്ചെങ്കിൽ അവൻ നിന്നേനെ..
നിങ്ങൾ വിളിച്ചെങ്കിൽ അവൻ വന്നേനെ..

വരാതിരിക്കാൻ അവന് കഴിയില്ലായിരുന്നു. വരച്ചിട്ട വരകൾ ഇനിയാര് മുഴുമിക്കാനാണ് ? അതിനിപ്പോഴും കാണില്ലേ അവന്റെ വിയർപ്പിന്റെ ഗന്ധം ?

കാണാൻ കൊതിയുള്ള ഏതത്ഭുതം തിരഞ്ഞാണ് നീ പോയത്‌ ? മറ്റാരും കേൾക്കണ്ട. എന്നോടെങ്കിലും ഒന്ന് പറയൂ. ആ വഴി ഞാനുമൊന്നറിയട്ടെ. ഇരുട്ടാണെങ്കിൽ ഒരൽപ്പം വെട്ടം തെളിക്കട്ടെ. നിന്റെ കാലുകൾ വേദനിച്ചിരുന്നോ ? പേടി തോന്നിയിരുന്നോ ? തനിച്ചല്ലേ പോയത്‌ ? ഉറങ്ങിയല്ലേ വീണത്‌ ?

ഉണരാൻ സമയമാകുമ്പോൾ ആ വഴിയേ മടങ്ങരുത്. അത് മറ്റാരോ നിന്നെ നയിച്ച വഴിയാണ്‌. പുതിയൊരു വഴി വെട്ടണം. അതിൽ പൂക്കൾ വിതറണം. ചുറ്റും നിന്റെ ചിത്രങ്ങൾ കൊണ്ട് നിറയ്ക്കണം. മറ്റാരുടേയുമല്ല നിന്റേത് മാത്രം. അതു കണ്ട്‌ ദേവലോകം പോലും അസൂയപ്പെടണം. അപ്പോഴേക്കും നേരമേറെ കടന്നിരിക്കും. നീ തളർന്നിരിക്കും. വൈകണ്ട. വീട്ടിലേക്ക് ചെല്ലണം. വിശക്കുന്നു അമ്മേ എന്ന് വിളിച്ചു നീ കേറി വരുന്നതും കാത്ത് ശോഭേച്ചി ഉണ്ടവിടെ..

ഇനീം കൊറേയുണ്ട് പറയാൻ.. പിന്നീടാവട്ടെ.. കണ്ണുകൾ വല്ലാതെ വിയർക്കുന്നു…

ആരെങ്കിലും അതുവഴി പോകുമ്പോൾ ഈ കത്ത് കൊടുക്കുമെന്ന പ്രതീക്ഷയിൽ.. അല്ല.. ചിലപ്പൊ ഞാൻ തന്നെയാകും…

Back to top button