Current Affairs

ഗീതയുടെ പരിഹാസവും ഇടതുപക്ഷവും..

ഈയിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഗീത ഗോപിനാഥ് ഒരു മലയാളം ചാനലിനു നല്‍കിയ അഭിമുഖത്തിലെ ഏറ്റവും കൗതുകകരമായ ഭാഗം അവര്‍ നവ ലിബറലിസത്തെപ്പറ്റി പറഞ്ഞതാണ്. ‘അതൊരു ശരിയായി നിര്‍വചിക്കപ്പെട്ട ഒരു പ്രയോഗം പോലുമല്ല. മിക്കപ്പോഴും നമുക്ക് ആരോടെങ്കിലും ദേഷ്യമുള്ളപ്പോഴോ, നമുക്കൊരാളോട് ഇഷ്ടമില്ലെങ്കിലോ അവര്‍ക്കെതിരെ ഉപയോഗിക്കുന്ന പദമാണത്,’ പരിഹാസരൂപേണ അവര്‍ പറഞ്ഞു.
 ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എം, തിരഞ്ഞെടുപ്പ് സമയത്തും അതിനുശേഷവും ഒരായിരം തവണ ആവര്‍ത്തിച്ച ഒരു സാങ്കേതിക സംജ്ഞക്കെതിരെയായിരുന്നു ഗീത ഗോപിനാഥിന്റെ നേരംപോക്ക്. ഇത് നിഷ്‌കളങ്കമായ ഒരു പ്രതികരണമാവാന്‍ വഴിയില്ല. കാരണം, വളരെ വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടുള്ള ഒരു പദം തന്നെയാണ് നവ ലിബറലിസം, നൊബേല്‍ സമ്മാന ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്‌സ് ഉള്‍പ്പടെയുള്ള പല പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്മാരും പലകുറി പ്രതിപാദിച്ചിട്ടുള്ള വിഷയവും. തന്റെ പരിഹാസത്തിലൂടെ സി.പി.എമ്മിന്റെ സാമ്പത്തിക രാഷ്ട്രീയ നിലപാടിന്റെ പൊള്ളത്തരം തുറന്നു കാട്ടുകയാണ് അവര്‍ ചെയ്തത്, അതും ആദ്യ അവസരത്തില്‍ തന്നെ.
ഗീതയുടെ വാക്കുകളിലൂടെ പുറത്തു വന്നത് അവര്‍ മനഃപൂര്‍വം പ്രകടിപ്പിച്ച അഹങ്കാരമായിരുന്നില്ല, മറിച്ച് അവര്‍ക്ക് ഇടതുപക്ഷ സാമ്പത്തിക രാഷ്ട്രീയത്തോടുള്ള പുച്ഛമാണ്. ഇത് തന്നെയാണ് സി.പി.എമ്മിന്റെ ആശയക്കുഴപ്പത്തിന്റെയും, ഇരട്ടത്താപ്പിന്റെയും, ഒരു പക്ഷെ പ്രായോഗിക പരിജ്ഞാന മേഖലയിലെ അന്ധാളിപ്പിന്റേയും അടുത്ത കാലത്തെ ഏറ്റവും നല്ല ഉദാഹരണം. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ മുന്നോട്ടു വച്ച വിപ്ലവകരമായ സാമൂഹിക സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കു ശേഷം, വാചകമടിയിലും, വിപ്രതിപത്തിയിലും കുടുങ്ങിക്കിടക്കുകയാണ് നമ്മുടെ ജനാധിപത്യ വിശ്വാസികളായ വിപ്ലവ നായകന്മാര്‍.

 

ഗീത പറയുന്നത് പോലെയല്ല കാര്യങ്ങള്‍. നിയോ ലിബറലിസം ഒരു പ്രശ്‌നം തന്നെയാണ്, കാരണം ഇടതുപക്ഷവും സോഷ്യല്‍ ഡെമോക്രാറ്റുകളും മനുഷ്യസ്‌നേഹികളും വിഭാവനം ചെയ്യുന്ന ക്ഷേമരാഷ്ട്രത്തിന്റെ ശത്രുവാണ് ഈ കമ്പോള രാഷ്ട്രീയ പ്രമാണം. അമേരിക്ക പോലുള്ള, എല്ലാം കമ്പോളവല്‍ക്കരിക്കപ്പെട്ട രാജ്യങ്ങളില്‍ ഈ സംഹിതയ്ക്ക് വലിയ അര്‍ത്ഥമൊന്നുമില്ല. പക്ഷെ ദരിദ്ര, വികസ്വര രാജ്യങ്ങളിലും സോഷ്യല്‍ ഡെമോക്രാറ്റിക് രാജ്യങ്ങളിലും ഇംഗ്ലണ്ട് പോലെയുള്ള രാജ്യങ്ങളില്‍ പോലും, സര്‍ക്കാര്‍ കമ്പോളത്തിനു വഴി മാറിക്കൊടുക്കുന്നതു ഭീതിജനകമാണ്.

ഇപ്പോഴത്തെ ഇടതു സര്‍ക്കാരിന്റെ കാലത്ത് ഒരുപക്ഷെ ഗീതയുടെ പരിഹാസം ഉപകാരപ്രദമാണ്. മൈതാന പ്രസംഗങ്ങളിലും സെമിനാറുകളിലുമൊഴികെ നിയോ ലിബറല്‍ പ്രവണതകള്‍ക്കെതിരെ എന്ത് ക്രിയാത്മക സമീപനമാണ് ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എം വരുത്തിയിട്ടുള്ളത് എന്ന് പരിശോധിക്കാനുള്ള അവസരമാണിത്. ഇക്കാണുന്ന വ്യതിയാനങ്ങള്‍ അവര്‍ വലതുപക്ഷമായി കാണുന്ന കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും മേല്‍ ചാരി രക്ഷപെടാന്‍ സി.പി.എമ്മിന് ആകില്ല, കാരണം 1957 നു ശേഷം മാറി മാറി കേരളം ഭരിച്ചവരാണവര്‍.

മറ്റു പലയിടങ്ങളിലും എന്ന പോലെ കേരളത്തിലും നവലിബറല്‍ നയങ്ങള്‍ കൊണ്ട് ഏറ്റവുമധികം തകര്‍ച്ച നേരിടുന്ന രണ്ടു മേഖലകളാണ് ആരോഗ്യവും വിദ്യാഭ്യാസവും. നമ്മോടൊപ്പം ലോകം ആഘോഷിക്കുന്ന കേരള വികസന മാതൃകയുടെ പ്രധാന സൂചികകളെല്ലാം ഈ രംഗങ്ങളില്‍ നിന്നാണ്. പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ കേരളം സ്വയം കത്തെിയ സാമൂഹിക പരിവര്‍ത്തനത്തിന്റെയും, പിന്നീട് സംസ്ഥാന രൂപീകരണത്തിന് ശേഷം മാറി മാറി വന്ന സര്‍ക്കാരുകളുടെയും സമഗ്ര സംഭാവനയാണ് ഈ മോഡല്‍. ഇതില്‍ 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നയങ്ങള്‍ നമ്മുടെ ഭദ്രതയുടെ രാമത്തെ അടിത്തറയായി. പിന്നീട് പല പ്രാവശ്യം ഭരിച്ച ‘വലതുപക്ഷ’ സര്‍ക്കാരുകള്‍ പോലും  ഒരിക്കലും ഈ ക്ഷേമ രാഷ്ട്രത്തിന്റെ അടിക്കല്ലുകള്‍ ഇളക്കാന്‍ ശ്രമിച്ചതുമില്ല. എന്നാല്‍ എണ്‍പതുകളുടെ മധ്യത്തോടെ ഈ സുരക്ഷ തകരാന്‍ തുടങ്ങി. ഇന്ന് ഈ രു മേഖലകളിലും നമ്മള്‍ പെരുവഴിയിലാണ്.

കേരളത്തിലെ ആരോഗ്യ മേഖലയെ അസാധാരണമാക്കിയത് പത്തൊമ്പതാം നൂറ്റാില്‍ തുടങ്ങിയ പുരോഗമനോന്മുഖമായ പൊതു നിക്ഷേപമായിരുന്നു. പിന്നീട് 1956 ലെ സംസ്ഥാന രൂപീകരണം മുതല്‍ 1986 വരെ ആരോഗ്യ മേഖലയിലെ നിക്ഷേപത്തിന്റെ വാര്‍ഷിക compound growth rate കേരളത്തിന്റെ മൊത്തം ചിലവിന്റെയും, ജി.ഡി.പി യുടെയും compund growth rate നെക്കാളും കൂടുതലായിരുന്നു. മൊത്തം ആസ്പത്രി കിടക്കകളുടെ എണ്ണം 1960 നും 1986 നും മദ്ധ്യേ മൂന്നു മടങ്ങു വര്‍ധിച്ചു. പക്ഷേ, പിന്നീടുള്ള പത്തു കൊല്ലം നിഷ്‌ക്രിയതയുടെ കാലവും  ഈ കാലയളവില്‍ കിടക്കകളുടെ എണ്ണത്തില്‍ അധികം വര്‍ധനവുണ്ടായില്ല. ഇവിടെയാണ് 1990 കളില്‍ നമ്മുടെ ആരോഗ്യരംഗത്തിന്റെ തകര്‍ച്ചയുടെ തുടക്കം. ഇത് തന്നെയാണ് നവലിബറലിസത്തിന്റെയും തുടക്കകാലം. 1990-2002 കാലഘട്ടത്തില്‍ കേരളത്തിലെ ആരോഗ്യരംഗത്തെ സര്‍ക്കാര്‍ നിക്ഷേപം 35 ശതമാനം കണ്ടു കുറഞ്ഞു. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വീഴ്ചയായിരുന്നു.

ഇതേ കാലഘട്ടത്തിലാണ് സ്വകാര്യ മേഖല ആരോഗ്യരംഗത്ത് പിടിമുറുക്കുന്നതും. സര്‍ക്കാര്‍ നിക്ഷേപം കുറഞ്ഞപ്പോള്‍, സ്വകാര്യ നിക്ഷേപം കുത്തനെ ഉയര്‍ന്നു; അതും, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ മുകളില്‍. 1986 മുതല്‍ 1996 വരെ സര്‍ക്കാര്‍ ആസ്പത്രികളില്‍ കിടക്കകളുടെ നാല് ശതമാനം മാത്രം വര്‍ധിച്ചപ്പോള്‍, സ്വകാര്യ ആസ്പത്രികളില്‍ അത് അമ്പതു ശതമാനമായിരുന്നു. വര്‍ഷങ്ങളായി കേരളം കെട്ടിപ്പടുത്ത ആരോഗ്യ സുരക്ഷ നമ്മുടെ ഭരണാധികാരികള്‍ കമ്പോളത്തിനു വിട്ടു കൊടുത്തു.

1980കള്‍ക്ക് ശേഷം പറയത്തക്ക അടിസ്ഥാന സൗകര്യവികസനത്തിന് മൂലധനച്ചിലവ് (capital expenditure) സര്‍ക്കാരുകള്‍ നടത്തിയിട്ടില്ല. ചിലവാക്കുന്ന പണമോ ഏറെക്കുറെ ശമ്പളത്തിന് മാത്രം തികയുന്ന അവസ്ഥ. മരുന്നിനു പോലും വകയില്ല. ചില കണക്കുകള്‍ പ്രകാരം ഇന്ന് 80 മുതല്‍ 90 ശതമാനം വരെ ആളുകള്‍ ആശ്രയിക്കുന്നത് സ്വകാര്യ ആസ്പത്രികളെയാണ്. പാവങ്ങള്‍ക്ക് പോലും വേറെ മാര്‍ഗമില്ല.

ഈ മാറ്റത്തിനു കാരണം മാറി മാറി ഭരിച്ച സര്‍ക്കാരുകളുടെ നയങ്ങളും കൂട്ടുനില്‍ക്കലുമാണ്. ഇത് യു.ഡി.ഫ് സര്‍ക്കാരുകള്‍ മാത്രം വരുത്തി വച്ച വിനയല്ല, മറിച്ച് എല്‍.ഡി.ഫ്/സി.പി.എം സര്‍ക്കാരുകളുടെയും ചെയ്തികളുടെ ഫലമാണ്. 1957 നു ശേഷം 1986 വരെയുള്ള ആരോഗ്യ മേഖലയുടെ സുവര്‍ണകാലത്തു ഇടതു/സി.പി.എം മുഖ്യമന്ത്രിമാര്‍ ഭരിച്ചത് രണ്ടു തവണ മാത്രമാണ്. അതിനാല്‍ ഈ കാലഘട്ടത്തെ വികസനത്തിന്റെ കീര്‍ത്തി അവര്‍ക്കു മാത്രം അവകാശപ്പെട്ടതല്ല. അതെ സമയം 19861996 തകര്‍ച്ചയുടെ കാലത്ത്, കോണ്‍ഗ്രസ്സിനെപ്പോലെ (കരുണാകരന്‍, ആന്റണി) സി.പി.എമ്മും (നായനാര്‍) കേരളം ഭരിച്ചു. 1996 മുതല്‍ 2001 വരെയുള്ള ഏറ്റവും നിര്‍ണായകമായ കാലത്ത് നായനാരായിരുന്നു കേരള മുഖ്യമന്ത്രി. എന്നിട്ട്  ഈ പാര്‍ട്ടി എന്ത് ചെയ്തു? യു.ഡി.ഫ് നയങ്ങള്‍ ജനവിരുദ്ധമാണെങ്കില്‍ മാറ്റേതല്ലേ? 1986 ശേഷം ഒരു ഇടത് സര്‍ക്കാരും കേരളത്തിന്റെ പൊതു ആരോഗ്യ മേഖലയിലെ തകര്‍ച്ചക്കും സ്വകാര്യ നിക്ഷേപത്തിന്റെ വളര്‍ച്ചക്കും എതിരെ ഒന്നും ചെയ്തില്ല എന്നതാണ് വസ്തുത.

ഇനി വിദ്യാഭ്യാസത്തിന്റെ കാര്യം നോക്കാം. 1957ല്‍ കേരള എജുക്കേഷ, ബില്ലിലൂടെ വിപ്ലവം കുറിച്ച ഇടതു സര്‍ക്കാര്‍ ഇന്ന് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൈ കൊട്ടിക്കളിക്കുകയാണ്. ചരിത്രപരമായി നോക്കുമ്പോള്‍, ആരോഗ്യരംഗത്തെ അപേക്ഷിച്ച്, വിദ്യാഭ്യാസരംഗത്തെ കൊടും തകര്‍ച്ചക്ക് കാരണം വലതുപക്ഷ രാഷ്ട്രീയമാണെന്നത് നിസ്സംശയം പറയാന്‍ കഴിയും: 1991ല്‍ യു.ഡി.എഫ് തുടങ്ങി വച്ച്, 2001 ആയപ്പോഴേക്കും അവര്‍ തന്നെ കെട്ടഴിച്ചുവിട്ട ദുര്‍ഭൂതം. പക്ഷേ, 1991ല്‍ യുഡിഫ് പരിയാരം മെഡിക്കല്‍ കോളേജില്‍ തുടങ്ങിയ സെല്‍ഫ് ഫിനാന്‍സിങ് കോളേജ് പ്രോജക്റ്റ്, അന്ന് സമരം ചെയ്തും രക്തസാക്ഷികളെ ബലി കഴിച്ചും എതിര്‍ത്ത സി.പി.എം അധികാരത്തില്‍ എത്തിയപ്പോള്‍ ചുവടുമാറ്റി. (പിന്നീട് അതെ കോളേജില്‍ ഒരു സഖാവിന്റെ മകള്‍ക്കു അസാന്മാര്‍ഗികമായി എന്‍ആര്‍ഐ സീറ്റ് തരപ്പെടുത്താന്‍ ശ്രമിച്ചത് പാര്‍ട്ടിയുടെ ഇരട്ടത്താപ്പിന്റെ ഉത്തമോദാഹരണം).

ഇടതിന്റെ കാലത്തും സ്വകാര്യം വളര്‍ന്നു പന്തലിച്ചു. 1996-2001 കാലഘട്ടത്തില്‍ ഇടതു സര്‍ക്കാര്‍ ചോദിച്ചവര്‍ക്കെല്ലാം പ്ലസ് ടു സ്‌കൂളുകള്‍ നിര്‍ലോഭം വാരിക്കൊടുത്തു. 2001ല്‍ എ.കെ ആന്റണിയുടെ കാലത്തു തുടങ്ങിയ എന്‍ഒസി പ്രളയം പിന്നീട് വന്ന അച്ചുതാനന്ദന്‍ സര്‍ക്കാര്‍ നിയന്ത്രിച്ചതുമില്ല. അധികാരത്തിനു പുറത്താവുമ്പോള്‍ സമരം ചെയ്യുകയും അധികാരം കിട്ടിക്കഴിഞ്ഞാല്‍ നിശബ്ദത പാലിക്കുന്നതുമായ സിപിഎം ഇരട്ടത്താപ്പ് ഏറ്റവും വ്യക്തമായത് സെല്‍ഫ് ഫൈനാന്‍സിങ് കോളേജുകളുടെ കാര്യത്തിലാണ്. ഇന്ന് ധാരാളം ഇടതു നേതാക്കളുടെ മക്കള്‍ എഞ്ചിനീയറിങ്ങ് പഠിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന് തന്നെ ശാപമായ ഇത്തരം കോളേജുകളിലാണ്.

ആരോഗ്യരംഗത്തെപ്പോലെ അമ്പതുകളുടെ മദ്ധ്യം മുതല്‍ എണ്‍പതുകള്‍ വരെ തിളങ്ങിനിന്ന വിദ്യാഭ്യാസരംഗത്തും സര്‍ക്കാര്‍ നിക്ഷേപം താഴോട്ട് തന്നെ. എട്ടാം പദ്ധതികാലത്തു 5.7 ശതമാനം ആയിരുന്ന മൂലധനച്ചിലവ് പതിനൊന്നാം പദ്ധതി ആയപ്പോഴേക്കും 2.1 ശതമാനമായി ചുരുങ്ങി. ഈ രംഗത്ത് ശമ്പളം കൊടുക്കുകയല്ലാതെ പുതുതായി ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. പഴയകാല പ്രതാപികളായ സര്‍ക്കാര്‍ സ്‌കൂളുകളും കോളേജുകളും അടച്ചുപൂട്ടലിന്റെയും ഗുണ്ടാ വിളയാട്ടത്തിന്റെയും ഭീഷണിയിലും.

സര്‍ക്കാര്‍ സ്വന്തം ജനക്ഷേമകരമായ കടമകളില്‍ നിന്ന് മാറിനില്‍ക്കുകയും, അത് കമ്പോളത്തിന് കൈമാറ്റം ചെയ്യുന്നതുമാണ് ഉത്തമമായ നിയോ ലിബറലിസം. അതില്‍ വലതുപക്ഷത്തോടൊപ്പം ഇടതുപക്ഷവും ഒരേ പോലെ കുറ്റക്കാരാണ്.

ഗീതയുടെ ഉപദേശം സ്വീകരിക്കുകയാണെങ്കില്‍ പിണറായി സര്‍ക്കാരിന്റെ കാപട്യമോ അറിവില്ലായ്മയോ ആവും പുറത്തു വരിക. കാരണം അവര്‍ താല്‍പര്യം പ്രകടിപ്പിച്ച ഒരു മേഖല ആരോഗ്യമാണ്. അതിനു അവര്‍ നല്‍കുന്ന പ്രതിവിധി അമേരിക്കയിലെ ഒബാമ കെയറില്‍ നിന്ന് പഠിക്കുക എന്നതാണ്. ലോകത്തെ ഏറ്റവും ചൂഷണ സ്വഭാവമുള്ള ഇന്‍ഷുറന്‍സ് വ്യവസ്ഥയിലൂന്നിയതാണ് ഒബാമ കെയര്‍. അതില്‍ നിന്നെന്തു പഠിക്കാന്‍? പിണറായിക്കോ, പാര്‍ട്ടിക്കോ ഇക്കാര്യത്തില്‍ ഗൗരവമുണ്ടെങ്കില്‍ വായിച്ചു മനസ്സിലാക്കേണ്ടത് പ്ലാനിങ് കമ്മീഷന്റെ സാങ്കേതിക വിദഗ്ദ്ധര്‍ തയ്യാറാക്കിയ High Level Expert Group Report on Universal Health Coverage for India ആണ്. അതിലെല്ലാമുണ്ട്. ഇന്‍ഷുറന്‍സിനു പകരം എന്ത് കൊണ്ടാണെന്നു നമുക്ക് cashless universal access ആണ് വേണ്ടതെന്നു ഈ റിപ്പോര്‍ട്ട് അസന്നിഗ്ദ്ധമായി സമര്‍ഥിക്കുന്നു. വിദേശ ഉദാഹരണങ്ങള്‍ അറിഞ്ഞേ തീരൂ എന്നുണ്ടെങ്കില്‍ പഠിക്കേണ്ടത് ഇംഗ്ലണ്ടിലെ NHSല്‍ നിന്നോ (തോമസ് ഐസക് തന്റെ ഫേസ്ബുക് പോസ്റ്റില്‍ ഒരു പ്രാവശ്യം അതിനെ കുറിച്ച് എഴുതിയിട്ടുണ്ട്) തായ്‌ലന്‍ഡില്‍ നിന്നോ, ക്യൂബയില്‍ നിന്നോ ആണ്. ഒപ്പം സോഷ്യല്‍ ഡിറ്റര്‍മിനന്റ്‌സ് ഓഫ് ഹെല്‍ത്ത് എന്ന് WHO വിളിക്കുന്ന മറ്റു പല ഘടകങ്ങള്‍ (കുടിവെള്ളം, പൊതുശുചിത്വം, ജീവിതശൈലികള്‍ തുടങ്ങിയവ) കൂടെ വളരെയേറെ നന്നാക്കേണ്ടിയിരിക്കുന്നു.

ജനക്ഷേമത്തിന് സ്വകാര്യ മോഡലുകളെ ആശ്രയിക്കുന്നത് അപകടമാണ്. എത്രയും പെട്ടെന്ന് കൈവിട്ടുപോയ ആരോഗ്യ വിദ്യാഭ്യാസ മേഖലകളെ സര്‍ക്കാര്‍ വീണ്ടെടുത്തില്ലെങ്കില്‍ നമ്മുടെ ചരിത്രം ഇടതുപക്ഷത്തോട് പൊറുക്കില്ല. ആരോഗ്യവും വിദ്യാഭ്യാസവും സൗജന്യമാവേണ്ടതുണ്ട്. പണക്കാര്‍ അവര്‍ക്കു വേണ്ടത് കമ്പോളത്തില്‍ നിന്ന് വാങ്ങിക്കൊള്ളട്ടെ.

Back to top button