Uncategorized

ഗൂഢാലോചനയും പ്രതികാരവും മാധ്യമ പ്രവർത്തനമാകുമ്പോൾ

ഇന്നലെ രാത്രി, അടുത്ത ഒരു സുഹൃത്ത് എന്നെ വിളിച്ചു ചോദിച്ചത് നടിയെ അക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റു ചെയ്യുമോ എന്നായിരുന്നു. എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണു ദിലീപിനെ അറസ്റ്റ് ചെയ്യുക എന്നു ഞാൻ തിരിച്ചു ചോദിച്ചപ്പോൾ അയാൾ ഒരു നിമിഷം മിണ്ടാതിരുന്നു. അൽപ്പ നേരത്തെ മൗനത്തിനുശേഷം അയാൾ പറഞ്ഞത്, ഞാനും ഒരു സാദാ പ്രേക്ഷകനെപ്പോലെ ചിന്തിച്ചുപോയി എന്നാണു.

അങ്ങനെ ചിന്തിക്കാൻ എന്താണു കാരണം എന്നു ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് ചാനലുകളിലെ ചർച്ചകൾ കണ്ട് തന്റെ മനസ്സ് അങ്ങനെ സെറ്റായിപ്പോയി എന്നാണു. നടിയെ അക്രമിച്ച കേസിൽ, മലയാളത്തിലെ റേറ്റിംഗിൽ മുന്നിൽ നിൽക്കുന്ന ആദ്യത്തെ മൂന്ന് ചാനലുകളിലാണു, പ്രതി ദിലീപ് തന്നെയാണെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ചർച്ചകളിൽ പ്രഖ്യാപിച്ചത്. ചാനലുകൾ പോലീസിംഗ് ഏറ്റെടുക്കുകയും നാട്ടിൻപുറത്തെ സദാചാര പോലീസിന്റെ നിലവാരത്തിനു താഴെ നിൽക്കുകയും ചെയ്യുന്ന ഹീനമായ ചർച്ചാഭാസമാണു നിരന്തരം വന്നുകൊണ്ടിരിക്കുന്നത്.

ഈ ചർച്ചകൾ കണ്ട് അഭ്യസ്തവിദ്യനായ പ്രേക്ഷകൻ പോലും വഴിതെറ്റപ്പെടുന്നു എന്നുള്ളത് ഭീതിതമായ വിപരിണാമമാണു. നാടിന്റെ നീതി-നിയമ-നിർവഹണത്തിനെക്കുറിച്ച് ഉത്തമ ബോധ്യമുള്ള മലയാളിയുടെ സ്വീകരണ മുറിയിലേക്കാണു അർധസത്യങ്ങളും അതിശയോക്തികളും സത്യമാണെന്ന രീതിയിൽ തട്ടിവിടുന്നത്. ഇതിലെന്തെങ്കിലും വാസ്തവമുണ്ടോ എന്ന് അന്വേഷിക്കാൻ പ്രേക്ഷകനും മെനക്കെടുന്നില്ല. ജനാധിപത്യത്തിന്റെ സംരക്ഷകരെന്ന് ഭംഗി വാക്കിൽ പറയുന്ന മാധ്യമ പ്രവർത്തനം വൻ ഗൂഢാലോചനയും പ്രതികാരവും തീർക്കാനുള്ള വേദിയാവുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണു ദിലീപിനെ വേട്ടയാടുന്നതിൽ നിന്നും വെളിവാകുന്നത്.

നടി അക്രമിക്കപ്പെട്ട കേസിൽ എങ്ങനെയാണു ദിലീപിനെ പ്രതിയാക്കാൻ ഒരു കൂട്ടം മാധ്യമങ്ങൾ ശ്രമിച്ചത് എന്ന് വിശകലം ചെയ്താൽ ഞെട്ടിപ്പോകും. മലയാള മാധ്യമങ്ങൾ സ്ഥിരം നടത്തുന്ന ഹീനമായ കുതന്ത്രമാണു ദിലീപിന്റെ കാര്യത്തിലും കാണിച്ചത്. ദിലീപിനെ പ്രതിയാക്കാൻ പ്രേരിപ്പിച്ച സംഭവങ്ങൾ ഇങ്ങനെ:

കാവ്യ മാധവനെ ദിലീപ് കല്യാണം കഴിച്ച ദിവസം സ്വാതന്ത്ര്യസമര പാരമ്പര്യം അവകാശപ്പെടുന്ന പത്രത്തിന്റെ ചാനൽ അവതാരകനുമായി ദിലീപ് കൊമ്പ് കോർക്കുകയുണ്ടായെന്നു പറയപ്പെടുന്നു. ‘ഒരു ദിനം നിന്നെ എന്റെ കൈയിൽ കിട്ടുമെടാ’ എന്ന് അന്നീ പ്രമുഖ അവതാരകൻ ദിലീപിനെ മാർക്ക് ചെയ്തു. നടി അക്രമിക്കപ്പെട്ട കേസ് വന്നതിനുശേഷം ഈ ചാനൽ അവതാരകൻ തനിക്ക് കിട്ടിയ അവസരം മുതലാക്കുകയും ദിലീപ് തന്നെയാണു പ്രതിയെന്ന രീതിയിൽ ചാനലിൽ ദിനം തോറും ചർച്ച നടത്തുകയും ചെയ്തു. ദിലീപിനെ പൊളിക്കാൻ തനിക്ക് പിന്തുണ നൽകണമെന്ന് ഈ അവതാരകൻ തന്റെ ഒരേ തൂവൽ പക്ഷികളായ മറ്റ് രണ്ട് മുത്തശ്ശി മാധ്യമങ്ങളുടെ അവതാരകരെ സമീപിക്കുകയുമുണ്ടായി.

എന്നാൽ ആദ്യം ഇവർ ഇതിനു ചെവി കൊടുത്തില്ല. ഇതിനിടയിൽ ദിലീപ് ഒരു വെബ് പേജിനു അനിവദിച്ച ഇന്റർവ്യൂവിൽ ഈ അവതാരകൻ ഓടക്കുഴലാണെന്നും ഊത്താണു പ്രധാന തൊഴിലെന്നും പരാമർശിക്കുകയുണ്ടായി. ഇതു വീണ്ടും ഇവർ തമ്മിലുള്ള വിദ്വേഷത്തിനു കളമൊരുക്കി.
പിന്നീട്, ദിലീപിനു പൾസർ സുനി ജയിലിൽ നിന്നെഴുതി എന്ന പേരിൽ പ്രചരിച്ചതും ജനം ടിവി ബ്രേക്ക് ചെയ്തതുമായ കത്തിന്റെ വാർത്ത വന്നതിനുശേഷം എല്ലാത്തിലും ‘ വിശ്വാസം നഷ്ടപ്പെട്ട’ അവതാരകയും പ്രസ് ക്ലബ്ബിലെ ബാർ പരാമർശത്തിൽ കുടിയന്മാരുടെ കണ്ണിലെ കരടുമായ അവതാരകനും ഒന്നിച്ചുകൊണ്ട് ദിലീപിനെതിരെ ചർച്ചക്ക് ആളെ നിരത്തി.

സാമാന്യ മര്യാദയുടെ സർവ സീമകളും ലംഘിക്കുന്ന അപഹാസ്യമായ പരാമർശങ്ങളാണു പിന്നീട് ഈ ചാനലുകളിൽ നിന്നും നാം കേട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഇക്കഴിഞ്ഞ ദിവസം ‘വിശ്വാസം നഷ്ടപ്പെട്ട’ അവതാരകയെ ചാനല്‍ ഈ വാർത്താവതരണത്തിൽ നിന്നു മാറ്റി നിർത്തുകയും ചെയ്തതായാണു വിവരം.

ഒരാൾ പ്രതിയാണെങ്കിൽ അയാൾ ശിക്ഷിക്കപ്പെടണം. പക്ഷേ, അതിനു ഇവിടെ നീതിവ്യവസ്ഥയുണ്ട്. അതിൽ വിശ്വാസമില്ലാത്തവർ ചാനലിൽ കയറി കാട്ടുനീതി നടപ്പിലാക്കുന്നത് ഇല്ലാതായേ തീരു. അനുകമ്പയിലുദിക്കുന്ന മാധ്യമ പ്രവർത്തനം കൈമോശം വന്നവരാണു ചാനൽ മുറികളിലിരുന്ന് മാനുഷികതയെക്കുറിച്ച് വീമ്പിളക്കുന്നത് എന്നതാണു വിരോധാഭാസം.

ഇനി, നടിയെ ആക്രമിച്ച കേസിൽ ചാനലുകൾ ദിലീപിന്റെ പിറകെ പ്രതികാരം തീർക്കാൻ നടന്നപ്പോൾ ഇവിടെ കാണേണ്ട പലതും കാണാതെ പോവുകയും ചെയ്തു. ഈ കേസിൽ അവശ്യം ചോദ്യം ചെയ്യേണ്ട മൂന്ന് പേരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. അതിൽ ആദ്യത്തേയാൾ തൃക്കാക്കര എം.എൽ.എ. ശ്രീ പി.ടി.തോമസാണു. അദ്ദേഹം എങ്ങനെയാണു ഈ കേസിൽ ഇടപെടുന്നതെന്നു നോക്കാം:

പി. ടി. തോമസ്
നടി ആക്രമിക്കപ്പെട്ട വിവരമറിഞ്ഞ് തൃക്കാക്കര എം.എൽ.എ. ശ്രീ പി.ടി.തോമസ് ലാലിന്റെ വീട്ടിലെത്തി. എന്നാൽ ഒരു എം.എൽ.എ. എന്ന നിലയിൽ, തോമസ് പോലീസിനെ വിളിക്കാൻ മുതിരാത്തതിൽ തികഞ്ഞ ദുരൂഹതയുണ്ട്. പിന്നീട് ലാലാണു പോലീസിനെ വിളിച്ചത്. പോലീസ് സ്ഥലത്തെത്തുന്നതിനു മുൻപേ, ഡ്രൈവർ മാർട്ടിനിൽ നിന്നും എം.എൽ.എ പൾസർ സുനിയുടെ നമ്പർ വാങ്ങുകയും അയാളെ ഫോണിൽ വിളിക്കുകയും ചെയ്തു. അപ്പോഴേക്കും സംഭവം പാളിയെന്ന് പൾസർ സുനിക്ക് മനസ്സിലാവുകയും അയാൾ മൊബൈൽ ഓഫാക്കി സമർത്ഥമായി മുങ്ങുകയും ചെയ്തു. പിന്നീട് സുനിയെ പിടിക്കുന്നത് കോടതിയിൽ വെച്ചാണു.

പി.ടി.തോമസ് പൾസർ സുനിയെ വിളിച്ചപ്പോൾ അവൻ പനമ്പിള്ളി നഗറിലെവിടെയോ ആണെന്നാണു പറഞ്ഞത്. രാത്രിയുടെ ഇരുട്ടിൽ നഗരത്തിൽ ഒരാളെ കണ്ടുപിടിക്കുക എന്നത് സാധ്യമാകാതെ പോയി.

ലാലിന്റെ വിവരപ്രകാരം പോലീസ് ഉദ്യോഗസ്ഥർ രാത്രിയിൽ അവിടേക്ക് പാഞ്ഞെത്തി. അപ്പോഴാണു അവർ പി.ടി. തോമസ് സുനിയെ വിളിച്ചെന്നും അപകടം മണത്ത് അയാൾ ഫോൺ സ്വിച്ച് ഓഫാക്കി എന്നും അറിയുന്നത്. അവിടേയെത്തിയ ഒരു ഉന്നത പോലീസുദ്യോഗസ്ഥൻ അന്ന് ഒരു മാധ്യമ പ്രവർത്തകനോട് പറഞ്ഞത് ‘പി.ടി.തോമസ് പൾസർ സുനിയെ വിളിച്ച് കാര്യങ്ങളാകെ കുള’മാക്കിയെന്നാണു.

ഒരു ജനപ്രതിനിധി തന്റെ ഉത്തരവാദിത്തം മറന്ന് പ്രവർത്തിച്ചതെന്തിനാണെന്ന് ഇതുവരെ ആരും ചോദിച്ചിട്ടില്ല. മനപ്പൂർവമല്ലെങ്കിൽ പോലും പൾസർ സുനിയെ ആദ്യം രക്ഷപ്പെടാൻ സഹായിച്ചത് എം.എൽ.എയാണു. എന്നുമാത്രമല്ല, പൾസർ സുനിക്ക് അപകട വിവരം കൊടുത്തിരുന്നില്ലെങ്കിൽ ഇയാൾ അന്നേ ദിവസം തന്റെ ഫോണിൽ വിളിക്കുന്നവരെക്കുറിച്ച് പോലീസിനു കൃത്യമായ വിവരം കിട്ടുമായിരുന്നു. അതും എം.എൽ.എയുടെ ഫോൺ വിളിയിൽ ഇല്ലാതായി. ഇക്കാര്യങ്ങളൊക്കെ പകൽ പോലെ വ്യക്തമായിട്ടും

അന്വേഷണോദ്യോഗസ്ഥർ ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ തുനിഞ്ഞിട്ടുമില്ല. എന്തുകൊണ്ട്? ഇതൊന്നും ചാനൽ പോലീസുകാർക്കും വിഷയമല്ല.

ലാൽ
നടനും സംവിധായകനുമായ ലാലാണു ഈ കേസിലെ ആദ്യ സാക്ഷി. ലാലിന്റെ വീട്ടിലേക്കാണു അക്രമിക്കപ്പെട്ട നടി ഓടിക്കയറിയത്. എന്നുമാത്രമല്ല, ലാൽ നിർമിച്ച ഹണീബി രണ്ടിന്റെ ഡബ്ബിംഗിനാണു നടി തൃശൂരിലെ തന്റെ വീട്ടിൽ നിന്നും വന്നതെന്നാണു വിവരം. എന്നാൽ പോലീസ് ഇതുവരെ ലാലിനെ ചോദ്യം ചെയ്തിട്ടില്ല. ഇതും ചാനൽ പോലീസുകാർക്ക് വിഷയമല്ല.

ജീൻ പോൾ
ലാൽ ജൂനിയർ എന്നറിയപ്പെടുന്ന ജീൻ പോൾ സംവിധാനം ചെയ്ത ഹണീബി രണ്ടിന്റെ ഡബ്ബിംഗിനായി വരുന്നതിനിടയിലാണു നടി ആക്രമിക്കപ്പെടുന്നത്. ലാൽ പ്രൊഡക്ഷൻസ് വാടകക്കെടുത്ത കാറിലാണു ഈ സംഭവം നടന്നത്.

എന്നു മാത്രമല്ല, ഈ സിനിമയുടെ വർക്കിലുടനീളം പൾസർ സുനി ഡ്രൈവറായി ഉണ്ടായിരുന്നുതാനും അപ്പോൾ ആദ്യം ചോദ്യം ചെയ്യപ്പേടേണ്ടവരിൽ ഒരാളാണു ഈ സംവിധായകൻ. അതുമുണ്ടായില്ല. അതും നമ്മുടെ ചാനൽ ഡി വൈ എസ് പി മാർക്ക് പ്രശ്നമല്ല. അവർ ദിലീപിന്റെ ഗേറ്റിൽ ക്യാമറ വെച്ച് അന്തിച്ചർച്ച നടത്തുകയാണു. കാവ്യാമാധവന്റെ അമ്മ തെളിവു നശിപ്പിച്ചു എന്ന് ആണയിടുകയാണു. ‘അമ്മ’ സംഘടന പോക്രിത്തരം കാണിക്കുന്നു എന്ന് അലറുകയാണു. മുകേഷ് – ഗണേഷ് നടന്മാർ പ്രകോപിതരായി എന്ന് നിലവിളിക്കുന്നു.

പ്രിയപ്പെട്ട ചാനൽ അവതാരകരേ, അവരുടെയൊക്കെ പെരുമാറ്റം നിങ്ങളേക്കാൾ മാന്യമാണെന്ന് ഖേദപൂർവം പറയേണ്ടി വരുന്നു.

വാൽക്കഷ്ണം:
സിനിമാരംഗം ഒന്നടങ്കം മലയാള ചാനലുകളെ ബഹിഷ്കരിക്കുകയാണെങ്കിൽ കുറഞ്ഞത് അഞ്ച് ചാനലുകൾ മലയാളത്തിൽ പൂട്ടിപ്പോകും. സിനിമയില്ലാതെ, അവാർഡ് നൈറ്റുകളില്ലാതെ, ഇന്റർവ്യൂകളില്ലാതെ, ഓണം-വിഷു-ബക്രീദ്-ക്രിസ്മസ്-ന്യൂ ഇയർ വിശേഷങ്ങളിൽ താരങ്ങളുടെ സാന്നിധ്യമില്ലാതെ ഈ ചാനലുകൾക്ക് നിലനിൽപ്പില്ല. ഓർത്താൽ നന്ന്

Back to top button