Current Affairs

പ്രണയം പൂത്തുലഞ്ഞത് വേശ്യാലയത്തിൽ; നേപ്പാളിൽ നിന്നെത്തിയ പെണ്ണിനെ കഷ്ടപ്പെട്ട് സ്വന്തമാക്കിയ

ഡല്‍ഹി ജി.ബി റോഡിലെ വേശ്യാലയത്തിലെ അരണ്ട വെളിച്ചം മാത്രമുള്ള ആ മുറിയിൽ അവൾ പ്രതീക്ഷിച്ചത് എന്നത്തേയും പോലെ ഒരു ഇടപാടുകാരനെയാണ്. പക്ഷേ അയാൾക്ക് വേണ്ടത് അവളുടെ മാംസമായിരുന്നില്ല, പ്രണയമായിരുന്നു. അന്തി ചന്തയിലെ തിരക്കിൽവച്ചു ഒറ്റ നോട്ടത്തിൽ മനസു കവർന്നു കടന്നു കളഞ്ഞ ആ സുന്ദരിയെ തേടി എത്തിയതായിരുന്നു അയാൾ. ആ രാത്രിയിൽ ആയാൾ തന്റെ പ്രണയം കൈമാറി. പുലരുവോളം അവർ പരസ്പരം വിശേഷങ്ങൾ പങ്കുവച്ചു. രാവിലെ യാത്ര ചൊല്ലി പിരിയുമ്പോഴേക്കും അവർ അകലാൻ കഴിയാത്ത വിധം അടുത്തിരുന്നു. പിന്നീട് ആ വേശ്യാലയത്തിൽ അയാൾ പതിവുകാരനായി, അവളെ കാണാൻ വേണ്ടി മാത്രം. അവരുടെ പ്രണയം പുത്തുലഞ്ഞു.

നേപ്പാളിൽ നിന്ന് എത്തിയതായിരുന്നു ആ27 വയസുകാരി. ഭുകമ്പത്തിൽ എല്ലാം തകർന്നടിഞ്ഞപ്പോൾ ജീവിതം തേടി ഡൽഹിയിലെത്തി. പക്ഷേ വിധി അവളെ എത്തിച്ചത് ഡൽഹി ജിബി റോഡിലെ വേശ്യാലയത്തിൽ. സഹായം വാഗ്ദാനം ചെയ്തയാൾ വിറ്റതാണ്. സങ്കടക്കടൽ ഉള്ളിലൊതുക്കി അവൾ ജീവിച്ചു. സ്വപ്നം കണ്ട ജീവിതത്തിലേക്ക് ഒരു മടക്കയാത്ര ഇല്ലെന്ന തിരിച്ചറിവിൽ. അപ്പോഴാണ് ഡ്രൈവറായ 28 വയസുകാരൻ അവളെ ചന്തയിൽ വച്ചു കണ്ടുമുട്ടുന്നത്. അവളെ തേടിയുള്ള അവന്റെ അന്വേഷണം എത്തിയതാകട്ടെ ആ വേശ്യാലയത്തിലും. പരസ്പരം പ്രണയം തുറന്നു പറഞ്ഞെങ്കിലും ആഗ്രഹം സഫലമാകാൻ പിന്നെയും കാത്തിരിക്കേണ്ടി വന്നു. അതും രണ്ടും വർഷം.

പെൺകുട്ടിയെ വിവാഹം ചെയ്യാൻ യുവാവ് ആഗ്രഹിക്കുന്നുണ്ടെന്നു മനസിലാക്കിയ വേശ്യാലയം നടത്തിപ്പുകാർ ഉടക്കി. പരസ്പരമുള്ള കൂടിക്കാഴ്ച പോലും വിലക്കി. യുവതി അവിടെയുള്ള മറ്റൊരു ലൈംഗികത്തൊഴിലാളിയോടു വിവരം പറഞ്ഞു. അവരുടെ സഹായത്തോടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ യുവാവ് ഡൽഹിയിലുള്ള ഒരു സന്നദ്ധ സംഘടനയുടെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് വലിയൊരു സംഘം പൊലീസ് ഉദ്യോഗസ്ഥരും വനിതാ കമ്മിഷനിലെ കൗണ്‍സിലര്‍മാരും വേശ്യാലയം റെയ്ഡ് ചെയ്താണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. പ്രണയത്തെക്കുറിച്ച് യുവാവ് വീട്ടുകാരോട് തുറന്നു പറഞ്ഞിട്ടുണ്ട്. എത്രയും വേഗം വിവാഹിതരാവാനാണ് തീരുമാനം.

2015ല്‍ നേപ്പാളിലുണ്ടായ ഭൂകമ്പമാണ് യുവതിയുടെ ജീവിതം മാറ്റിമറിച്ചത്. പാവപ്പെട്ട കുടുംബത്തിലെ കുട്ടിയായിരുന്നു അവൾ. അവള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. ഭക്ഷണത്തിനു പോലും വകയില്ലാതായതോടെ ജീവിക്കാന്‍ അവള്‍ ഡല്‍ഹിയിലെത്തി. അവിടെ ആരോ അവളെ ജെ.ബി. റോഡില്‍ വിൽക്കുകയായിരുന്നുവെന്ന് ഡിസിഡബ്വ്യു ചെയർപേഴ്സൺ സ്വാതി മലിവാൾ പറയുന്നു. ജിബി റോഡിൽ നിരവധി വേശ്യാലയങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവിടെയെല്ലാം പരിശോധന നടത്തി അവയെല്ലാം അടച്ചു പൂട്ടാനുള്ള നടപടിയും അധികൃതർ തുടങ്ങിയിട്ടുണ്ട്. ഒരിക്കൽ ഈ വേശ്യാലയങ്ങളിൽ പെട്ടാൽ പിന്നീടൊരു തിരിച്ചുപോക്കില്ലെന്ന വിശ്വാസം കൂടിയാണ് ഈ പ്രണയം തിരുത്തിയെഴുതുന്നത്.

Back to top button