Current Affairs

മുലക്കണ്ണ് ഞെരിച്ചുടച്ചു; ജനനേന്ദ്രിയം തകര്‍ത്തു: പൊലീസ് ആത്മഹത്യ ചെയ്യിപ്പിച്ച ദലിത് യുവാവിന് കസ്റ്റഡിയില്‍ സഹിക്കേണ്ടി വന്നത് ക്രൂരപീഡനം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്ത ദലിത് യുവാവിന് പാവറട്ടി പൊലീസ് സ്റ്റേഷനില്‍ ഏറ്റത് മനസാക്ഷിയെ മരവിപ്പിക്കുന്ന പീഡനം. മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചും മുടിവലിച്ചു പറിച്ചും അതിക്രൂരമായാണ് വിനയകന്‍ എന്ന 19 കാരനെ പൊലീസ് മര്‍ദ്ദിച്ചത്.

വിനായകനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്താണ് ഈ മര്‍ദ്ദനം നേരിട്ട് കണ്ടത്. പ്രദേശത്തെ സിപിഐഎം ഏരിയ സെക്രട്ടറിയോടും തനിക്ക് സ്‌റ്റേഷനിലേറ്റ പൈശാചിക പീഡനത്തിന്റെ വിവരങ്ങള്‍ മരിക്കുന്നതിന് തലേദിവസം വിനായകന്‍ വെളിപ്പെടുത്തിയിരുന്നു. തൊഴിലാളിയുടെ മകന്‍ മുടി വളര്‍ത്തി എന്നതായിരുന്നു പൊലീസിന് വിനായകനെ കസ്റ്റഡിയിലെടുക്കാനുണ്ടായ കാരണം. സുഹൃത്തായ പെണ്‍കുട്ടിയോടൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ് പൊലീസ് വിനായകനെയും കൂട്ടുകാരനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

പാവറട്ടി സ്റ്റേഷനിലെ ശ്രീജിത്ത് എന്ന പൊലീസുകാരനാണ് വിനായകനെയും ശരത്തിനെയും കസ്റ്റഡിയിലെടുത്തത്. തൊഴില്‍, കുടുംബ പശ്ചാത്തലം, ജാതി തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മാലമോഷണം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് മര്‍ദ്ദനം തുടങ്ങി.

സാജനെന്ന പൊലീസുകാരനാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. 19 കാരനായ വിനായകന്റെ തൊഴില്‍, ആധുനിക രീതിയിലുള്ള ഹെയര്‍സ്റ്റൈല്‍ തുടങ്ങിയവയായിരുന്നു പൊലീസിനെ പ്രകോപിച്ചത്. ഭിത്തിയില്‍ ചാരിനിന്ന വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചു. നെഞ്ചില്‍ ഇടിച്ച ശേഷം മുലഞെട്ടുകള്‍ രണ്ടും ഞെരടിപ്പൊട്ടിച്ചു. വേദന കൊണ്ട് കരഞ്ഞ വിനായകന്റെ ലിംഗത്തില്‍ മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനെല്ലാം സാക്ഷിയായ ശരത്തിനെ കുനിച്ചു നിർത്തി കൈമുട്ടുകൊണ്ട് ഇടിച്ചു.

ഒരു റൗണ്ട് മര്‍ദ്ദനം കഴിഞ്ഞപ്പോള്‍ ക്ഷീണിതരായ യുവാക്കളോട് പൊലീസ് ഇരിക്കാന്‍ പറഞ്ഞു. ഇരുന്നപ്പോള്‍ കാലില്‍ ബൂട്ടിട്ട് ചവിട്ടി. തങ്ങളൊരു കുറ്റവും ചെയ്തില്ലെന്ന് കരഞ്ഞപേക്ഷിച്ചിട്ടും പൊലീസ് മര്‍ദ്ദനം നിര്‍ത്തിയില്ല.

വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. മുടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് വലിക്കുന്നതിന് ‘തെളിവായി’ പൊലീസ് ചൂണ്ടിക്കാട്ടിയത്. പിതാവിനൊപ്പെം വീട്ടിലെത്തിയ വിനായകന്‍ തൊട്ടടുത്ത ദിവസം ആത്മഹത്യ ചെയ്തു.

മരിച്ചതിന്റെ അന്നു വിനായകന്റെ മുറിയില്‍ രക്തം കണ്ടിരുന്നതായി ബന്ധു സുകുമാരന്‍ നാരദ ന്യൂസിനോട് പറഞ്ഞു. വിനായകനെ കാണുമ്പോള്‍ അവന്റെ ശരീരം ചതവു മൂലം നീരു വെച്ചിരുന്നതായി സിപിഐഎം ഏരിയ സെക്രട്ടറി സുല്‍ത്താന്‍ പറഞ്ഞു. വിനായകനും ശരത്തും കൂടിയാണ് തന്നെ കാണാന്‍ വന്നത്. പൊലീസ് മര്‍ദ്ദനത്തെ കുറിച്ച് ഇരുവരും വിശദമായി തന്നെ പറഞ്ഞു. ആശുപത്രിയില്‍ പോകാനും പൊലീസിനെതിരെ പരാതി നല്‍കണമെന്നും വിനായകനോട് ആവശ്യപ്പെട്ടിരുന്നുവെന്നും സുല്‍ത്താന്‍ നാരദ ന്യൂസിനോട് പറഞ്ഞു.

വിനായകന്‍ മരിച്ച ശേഷം മൃതദേഹ പരിശോധനയ്ക്ക് വന്ന എസ്.ഐയുയും പൊലീസുകാരനെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. ആര്‍ഡിഓയും ഉന്നത പൊലീസുദ്യോഗസ്ഥരും സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതിന് ശേഷമാണ് മൃതദേഹം തുടര്‍നടപടികള്‍ക്ക് വിട്ടുകൊടുക്കാന്‍ ബന്ധുക്കളും നാട്ടുകാരും സമ്മതിച്ചത്. വിനായകനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത ശരത് തൃശൂര്‍ മെഡിക്കല്‍ കൊളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു പുറത്തിറങ്ങിയ ശേഷം ദലിത്, തൊഴിലാളി യുവാക്കള്‍ക്കെതിരായ പൊലീസ് അതിക്രമം വ്യാപകമാണ്. കറുത്തവർക്കെതിരിയായി നിരവധി അധിക്ഷേപ പരാമർശങ്ങളുള്ള സിനിമയില്‍ ഫ്രീക്ക് സ്റ്റൈലുള്ള രണ്ടു യുവാക്കളെ പിതാവിൻറെ തൊഴില്‍ പറഞ്ഞു അധിക്ഷേപിക്കുന്ന രംഗം അതേപടി ആവർത്തിക്കുകയായിരുന്നു വിനായകൻറെ കേസിലും. സിനിമ ഇറങ്ങിയ ശേഷം ആക്ഷന്‍ ഹീറോ ബിജു സ്റ്റൈലിലുള്ള അനേകം ആക്രമങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദളിതരും ന്യൂനപക്ഷങ്ങളുമാണ് അക്രമിക്കപ്പെട്ടതില്‍ ഏറെയും. ആക്ഷന്‍ ഹീറോ ബിജു ബാധ കേരളത്തില്‍ തുടരുന്നത് ജാഗ്രതയോടെ തിരിച്ചറിയേണ്ടതുണ്ട്.

വിനായകന്‍ മുടിവെട്ട് തൊഴില്‍ ചെയ്യുന്ന യുവാവാണ്. ദളിതരായ ഫ്രീക്കന്മാരെ പ്രത്യേകം തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നതും കുറ്റവാളികളായി ചിത്രീകരിച്ച് കേസില്‍ കുടുക്കുന്നതും കേരളത്തില്‍ തുടരുകയാണ്- വിനായകന്‍ വംശീയമായ ആ ക്രൂരതയ്ക്കാണ് ഇരയായത്.

Back to top button