Malayalam Article

രണ്ടു സുന്ദരികളും ഞാനും – രഘുനാഥന്‍ കഥകള്‍

എറണാകുളത്ത് നിന്നും ആലപ്പുഴ, കായംകുളം, കൊല്ലം വഴി തിരുവനന്തപുരത്തേയ്ക്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്സ്, സ്റ്റാന്റിന്റെ വടക്ക് ഭാഗത്ത് പാര്‍ക്ക് ചെയ്യുന്നു.’

ഈ അറിയിപ്പ് കേട്ട ഞാന്‍ സ്റ്റാന്റിന്റെ വടക്ക് ഭാഗം ലക്ഷ്യമാക്കി ഓടി. എറണാകുളത്തു നിന്നും ഹരിപ്പാടിന് പോകാനായി കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റില്‍ ബസ്സ് കാത്തു നില്കാന്‍ തുടങ്ങിയിട്ട് നേരം കുറേയായി. വരുന്ന ബസ്സുകളിലൊന്നും കാലു കുത്താന്‍ സ്ഥലമില്ല. പോരാത്തതിനു മഴയും. തിരുവനന്തപുരം എന്ന ബോര്‍ഡ് വച്ച സൂപ്പര്‍ ഫാസ്റ്റു ബസ്സ്, ‘പോകണമെന്നുണ്ടെങ്കില്‍ ഉടനെ കേറിക്കോ അല്ലെങ്കില്‍ ഞാനിപ്പോള്‍ സ്ഥലം വിട്ടുകളയും’ എന്ന ഭാവത്തില്‍ ഇരച്ചു കൊണ്ട് നില്‍ക്കുകയാണ്.

പത്തിരുപതു പേര്‍ അതില്‍ കേറാനായി വാതിലിനടുത്ത് തിങ്ങിക്കൂടിയിട്ടുണ്ട്. ചിലര്‍ തങ്ങളുടെ ബാഗും തൂവാലയും മറ്റും ബസ്സില്‍ ഇരിക്കുന്നവരുടെ കയ്യില്‍ ഏല്‍പിച്ച് കാലിയായ സീറ്റുകള്‍ അഡ്വാന്‍സ് ബുക്ക് ചെയ്തിട്ട് വീണ്ടും വാതിലിനടുത്ത് വന്നു ബസ്സിനുള്ളില്‍ കയറിപ്പറ്റാനുള്ള യജ്ഞം തുടങ്ങി. ഒരു വിദ്വാന്‍ െ്രെഡവര്‍ക്ക് കയറാനുള്ള വാതിലില്‍ കൂടി കയറാന്‍ ‘ഡാവില്‍’ ഒന്ന് ശ്രമിച്ചു നോക്കുന്നതും അവിടെ െ്രെഡവര്‍ ഇരിക്കുന്നത് കണ്ടിട്ട് വീണ്ടും തിരിച്ചു വന്നു ഡോറില്‍ തൂങ്ങുന്നതും കണ്ടു. വെറുതെ നോക്കി നിന്നാല്‍ ഇന്ന് പോക്ക് ഉണ്ടാവില്ല എന്ന് മനസ്സിലായ ഞാനും യജ്ഞത്തില്‍ പങ്കു കൊള്ളുകയും അധികം താമസിക്കാതെ ബസ്സിനുള്ളില്‍ എത്തപ്പെടുകയും ചെയ്തു.

ബസ് വിട്ടു. മുകളിലെ കമ്പിയില്‍ തൂങ്ങി നിലത്തുമല്ല ആകാശത്തുമല്ല എന്ന അവസ്ഥയില്‍ നില്‍കുകയാണ് ഞാന്‍. പുറകില്‍ മുഴുവന്‍ സ്ത്രീകളാണ്. അത് കൊണ്ടാണെന്ന് തോന്നുന്നു ബസ്സില്‍ കേറിയവര്‍ മുന്‍പോട്ടു നീങ്ങാതെ അവിടെത്തന്നെ കുറ്റിയടിച്ചതുപോലെ നില്‍കുകയാണ്. ബസ്സിന്റെ മുന്‍പില്‍ നില്‍കുന്ന കണ്ടക്ടര്‍, മുന്‍പോട്ടു പോരെ… മുന്‍പോട്ടു പോരെ.. എന്ന് പറയുന്നുണ്ടെങ്കിലും ആരും അത് കേട്ടതായി ഭാവിക്കുന്നില്ല. തന്നെയുമല്ല കിട്ടിയ സ്ഥലത്ത് അല്പം ഒതുങ്ങി നിന്നിട്ട് തന്റെ പുറകില്‍ നില്‍ക്കുന്നവരെ ‘എന്താ മുന്‍പോട്ടു പോകാന്‍ ഇത്ര ബുദ്ധിമുട്ട്?’ എന്ന രീതിയില്‍ നോക്കുന്നുമുണ്ട്.

വാതിലിനു നേരെ മുന്‍പില്‍ നില്‍കുന്ന ഒരു തടിച്ച സ്ത്രീയുടെ വിശാലമായ പിന്‍ഭാഗം തന്റെ സീറ്റാക്കി സുഖ യാത്ര ചെയ്തിരുന്ന ഒരു മധ്യ വയസ്‌കനെ ആ സ്ത്രീ തന്റെ പിന്‍ഭാഗം കൊണ്ട് തന്നെ ഒരു ‘താങ്ങ്’ താങ്ങുന്നതും ആ താങ്ങലോട് കൂടി കൃശഗാത്രനായ ആ മാന്യന്‍ ഒരു മീറ്ററോളം മുന്‍പിലേക്ക് തെറിച്ചു പോകുന്നതും ഞാന്‍ കണ്ടു. ഏതായാലും ഉര്‍വശീ ശാപം ഉപകാരമായി എന്ന് പറഞ്ഞതുപോലെ ആ താങ്ങല്‍ മൂലമുണ്ടായ ഗ്യാപ്പില്‍ എനിക്ക് നില്കാനുള്ള സ്ഥലം കിട്ടുകയും ചെയ്തു.

ബസ് അരൂര്‍ പാലവും കടന്നു മുന്‍പോട്ടു പോയി. അതിനിടയില്‍ കണ്ടക്ടര്‍ വന്നു. മത്തങ്ങയുടെ ആകൃതിയില്‍ ശരീര പ്രകൃതിയുള്ള കണ്ടക്ടര്‍ക്ക് നില്കാന്‍ തന്നെ രണ്ട് പേര്‍ക്കുള്ള സ്ഥലം വേണ്ടി വരുമെന്ന് എനിക്ക് തോന്നി. ഒരു കൈ മുകളിലെ കമ്പിയിലും മറ്റേ കൈ സീറ്റിനു മുകളിളിലുള്ള കമ്പിയിലും പിടിച്ചു ‘ ത്രികോണെ’ എന്ന രീതിയില്‍ നില്‍കുന്ന എന്റെ പുറത്തു ചാരിയാണ് കണ്ടകടര്‍ സാറിന്റെ നില്പ്. ‘പണ്ടേ ദുര്‍ബ്ബല, പോരാത്തതിനു ഗര്‍ഭിണി’ എന്ന രീതിയിലായി എന്റെ അവസ്ഥ.

ഞാന്‍ ശ്വാസം വലിച്ചു കേറ്റി മസ്സില് പിടിച്ചു നിന്നു…
എന്റെ നേരെ പുറകില്‍ നില്‍കുന്നതു പത്തിരുപത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു യുവതിയാണ്. കണ്ടിട്ട് എറണാകുളത്തു എവിടെയോ ജോലി ചെയ്യുന്നതാണെന്ന് തോന്നുന്നു. ഇടതു തോളില്‍ വാനിറ്റി ബാഗും തൂക്കി വലതു കൈ മുകളിലെ കമ്പിയില്‍ പിടിച്ച് പുറത്തേക്ക് അലസമായി നോക്കി നില്‍കുകയാണ് ആ സുന്ദരി.

വണ്ടി കുലുങ്ങുമ്പോഴും ബ്രേക്ക് ചെയ്യുമ്പോഴും അവളുടെ ശരീരത്തിന്റെ മുന്‍ഭാഗം എന്റെ വലതു തോളില്‍ മുട്ടുന്നുണ്ട്. പക്ഷെ ഒരു പട്ടാളക്കാരനായ ഞാന്‍ പൊതു സ്ഥലങ്ങളില്‍, ജനങ്ങളോട്, പ്രത്യേകിച്ച് സ്ത്രീകളോട് കാണിക്കേണ്ട മര്യാദകളെ മാനിക്കേണ്ടാവനായതിനാല്‍ ആ സ്പര്‍ശന സുഖത്തെ അവഗണിച്ച് കൊണ്ട് എന്റെ യാത്ര തുടര്‍ന്നു.

പക്ഷെ എന്റെ മുന്‍പില്‍ നില്‍കുന്ന ഒരു മാന്യന്‍ ഞാനവിടെ നില്കുന്നത് ഇഷ്ടമില്ല എന്ന രീതിയില്‍ ഇടയ്ക്കിടയ്ക്ക് രൂക്ഷമായി എന്നെ നോക്കുന്നുണ്ടായിരുന്നു. വണ്ടി ചേര്‍ത്തലയില്‍ എത്തിയപ്പോള്‍ രണ്ടുമൂന്നു പേര്‍ ഇറങ്ങുകയും അത്രയും പേര്‍ കയറുകയും ചെയ്തു. ഇതിനിടയില്‍ ആ മാന്യന്‍ എന്നെ അവിടെനിന്നും മാറ്റാനെന്ന വണ്ണം അയാളുടെ പൊസിഷന്‍ ഒന്ന് ചേഞ്ച് ചെയ്തു.

പക്ഷെ അതോടെ പുറകില്‍ നിന്ന സുന്ദരിക്ക് കൂടുതല്‍ സ്ഥലം കിട്ടുകയും അവള്‍ എന്നോട് കൂടതല്‍ ചേര്‍ന്ന് നില്‍കുകയും ചെയ്തു. ഉര്‍വശീ ശാപം വീണ്ടും ഉപകാരമായി. വണ്ടി കൂടുതല്‍ കുലുങ്ങാനും െ്രെഡവര്‍ കൂടുതല്‍ ബ്രേക്ക് ചെയ്യാനും ഞാന്‍ ആഗ്രഹിച്ചു പോയി. (പട്ടാളക്കാരനായാലും ഞാനുമൊരു പുരുഷനല്ലേ? അതും യവ്വന യുക്തനായ പുരുഷന്‍??)

ഇതോടെ മാന്യന്‍ കൂടുതല്‍ രൂക്ഷമായി എന്നെ നോക്കാന്‍ തുടങ്ങി. സുന്ദരിയായ ഒരു യുവതിയെ മുട്ടി ഉരുമ്മി യാത്ര ചെയ്യാന്‍ പറ്റാതെ പോവുകയും അടുത്ത് നില്കുന്നവന്‍ അത് അനുഭവിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ ഒരു സാധാരണ പുരുഷന് തോന്നുന്ന വികാരമായി മാത്രം ഞാനത് കണക്കാക്കുകയും അദ്ദേഹത്തിന്റെ നോട്ടത്തെ ഒട്ടും മൈന്‍ഡ് ചെയ്യാതെയും സുന്ദരിയുടെ മൃദുല സ്പര്‍ശനത്തെ അല്പാല്പമായി മൈന്‍ഡ് ചെയ്തും ഞാന്‍ എന്റെ യാത്ര തുടര്‍ന്നു.

ഇതിനിടയില്‍ ചേര്‍ത്തലയില്‍ നിന്നും കേറിയ മറ്റൊരു യുവതി കൂടി എന്റെ ഇടതു ഭാഗത്ത് നില്കാന്‍ തുടങ്ങി. അതോടെ ആ മാന്യദേഹം ‘രണ്ട് സുന്ദരികളും ഞാനും’ എന്ന നോവലിലെ നായകനെപ്പോലെ നില്‍കുന്ന എന്നെ നോക്കി ഒരു ചോദ്യം!!
‘താനെന്താ പെണ്ണുങ്ങളുടെ ഇടയില്‍ കിടന്നു വെരകുന്നത്. മുന്‍പോട്ടു കേറി നിന്നു കൂടെ?’

ശെടാ …യാതൊരു കുഴപ്പവും ഉണ്ടാക്കാതെ മാന്യമായി യാത്ര ചെയ്യുന്ന എന്നോട് ഇയാള്‍ എന്തിനിത്ര ചൂടാകണം? ഞാന്‍ നില്കുന്നത് മൂലം അയാള്‍ക്ക് യാതൊരു കുഴപ്പവും ഉണ്ടാകുന്നില്ല. തന്നെയുമല്ല എന്റെ ചുറ്റും നില്‍ക്കുന്ന യുവതികള്‍ എന്നെപ്പറ്റി യാതൊരു പരാതിയും ഉന്നയിച്ചിട്ടുമില്ല.

‘സ്ഥലമില്ലാത്ത ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ അല്പം ബുദ്ധിമുട്ടൊക്കെ സഹിക്കേണ്ടി വരും അല്ലാത്തവര്‍ സ്വന്തം കാറോ ബസ്സോ ഒക്കെ വാങ്ങി യാത്ര ചെയ്യണം’എന്നൊക്കെ പറയാന്‍ തോന്നിയെങ്കിലും ഞാന്‍ സംയമനം പാലിച്ചു. എന്നിട്ട് പറഞ്ഞു.
‘സാറേ മുന്‍പോട്ടു പോകാന്‍ ഒട്ടും സ്ഥലമില്ല. പിന്നെ എന്ത് ചെയ്യും. യാത്ര ചെയ്യണ്ടേ’?

‘അത് ശരി. അല്ലാതെ പെണ്ണുങ്ങളെ മുട്ടാനല്ല താന്‍ എവിടെ നില്‍ക്കുന്നത് അല്ലേ? എടോ ഞാനിതൊത്തിരി കണ്ടതാ. തന്റെ രോഗം എനിക്കറിയാം.വേണമെങ്കില്‍ അതിപ്പോ തീര്‍ത്ത് തരാം.’
അതോടെ എന്റെ കണ്‍ട്രോള്‍ വിട്ടു. ‘കണ്ടിട്ട് മാന്യനാണെന്ന് തോന്നുന്നല്ലോ എന്ന് കരുതിയാണ് ഞാനും മാന്യമായി സംസാരിച്ചത്. അപ്പോള്‍ താനെന്താ എന്നെ മര്യാദ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണോ? എന്നാലതൊന്നു കാണണമല്ലോ?’ ഞാനും ശബ്ദമുയര്‍ത്തി.

ഇത് കണ്ടു അടുത്ത് നിന്ന യുവതികള്‍ പെട്ടെന്ന് ഒതുങ്ങി നിന്നു. എന്നെ മുട്ടി നിന്ന യുവതി പേടിയോടെ അയാളെ നോക്കി. ബസ്സിലെ യാത്രക്കാര്‍ ശബ്ദം കേട്ട് എന്നെയും ആ മാന്യനേയും ശ്രദ്ധിച്ചുതുടങ്ങി. മുന്‍പിലായിരുന്ന കണ്ടക്ടര്‍ തന്റെ വലിയ ശരീരം ഉരുട്ടി ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. പോരു കോഴികളെപ്പോലെ പരസ്പരം നോക്കി എന്തിനും തയ്യാറായി നില്‍കുന്ന ഞങ്ങളെ നോക്കി കണ്ടക്ടര്‍ ചോദിച്ചു..

‘എന്താ കാര്യം ങേ? ‘
‘അല്ല സാര്‍ ഞാനിവിടെ ഒരു ശല്യവുമുണ്ടാക്കാതെ വെറുതെ നിന്നതാ. ഇയാള്‍ക്ക് അതിഷ്ടപ്പെടുന്നില്ല. ഞാന്‍ എന്തെങ്കിലും കുഴപ്പമുണ്ടാക്കിയോ എന്ന് ഇവരോട് ചോദിക്കൂ.’ ഞാന്‍ ആ യുവതികളെ നോക്കി കണ്ടക്ടറോട് പറഞ്ഞു..

‘ഇയാള്‍ എറണാകുളം മുതല്‍ ഇവിടെത്തന്നെ നില്ക്കുകയാ. സ്ഥലം കിട്ടിയിട്ട് മാറുന്നുമില്ല. ഇവനെയൊക്കെ പിടിച്ച് പോലീസ്സില്‍ ഏല്പിക്കണം. അതാ വേണ്ടത്’
‘ആഹാ!! അതുശരി. അപ്പോള്‍ താനെന്നെ പോലീസ്സില്‍ ഏല്പിക്കും അല്ലെ?’ എന്നിലെ പട്ടാളക്കാരന്‍ ഉണര്‍ന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ വരെ പങ്കുകൊണ്ട ഒരു വീര ജവാനെ പോലീസ്സിനെകൊണ്ട് പിടിപ്പിക്കുമെന്ന് കേട്ടപ്പോള്‍ എനിക്ക് സഹിച്ചില്ല. ഞാന്‍ കണ്ടക്ടറോട് പറഞ്ഞു.

‘സാര്‍ വണ്ടി നേരെ പോലീസ്സ് സ്‌റ്റേഷനിലേയ്ക്ക് വിട്. ബസ്സില്‍ മാന്യമായി യാത്ര ചെയ്യുന്ന ഒരു പട്ടാളക്കാരനെ യാതൊരു കാരണവുമില്ലാതെ പോലീസ്സിനെക്കൊണ്ട് പിടിപ്പിക്കുമെങ്കില്‍ അതൊന്നു കാണണം.’

എന്റെ വീറും വാശിയും കണ്ടു യാത്രക്കാര്‍ ഞെട്ടി. എന്നെ മുട്ടിനിന്ന യുവതികളുടെ മുഖത്ത് ചെറിയ ഒരു ആരാധന നിഴലിച്ചതായി എനിക്ക് തോന്നി. പട്ടാളക്കാരന്‍ എന്ന് കേട്ടപ്പോള്‍ ആ മാന്യനും ഒന്നു ഞെട്ടിയതായി എനിക്ക് മനസ്സിലായി.

‘അപ്പോള്‍ പട്ടാളത്തെ പേടിയുണ്ട് അല്ലേ’ ഞാന്‍ മനസ്സില്‍ പറഞ്ഞു..
വണ്ടി ആലപ്പുഴയെത്തി. മാന്യന്‍ ഇറങ്ങി. കൂടെ യുവതിയും. ഇറങ്ങുന്നതിനു മുന്‍പ് അയാള്‍ എന്നെ നോക്കി. എന്നിട്ട് പറഞ്ഞു..

ഞാനും പട്ടാളക്കാരനാ….ഇതെന്റെ ഭാര്യയാ…..നിങ്ങളെ കണ്ടാല്‍ പട്ടാളക്കാരന്‍ ആണെന്ന് തോന്നത്തില്ല. ഞാന്‍ കരുതി വല്ല വായില്‍ നോക്കിയും ആയിരിക്കുമെന്ന്. അതു കൊണ്ടാ ഞാന്‍ അങ്ങിനെയൊക്കെ പറഞ്ഞത്. ക്ഷമിക്കണം.
മാന്യന്‍ യുവതിയോടൊപ്പം മുട്ടിയുരുമ്മി നടന്നു നീങ്ങുമ്പോള്‍ ഞാന്‍ ആലോചിച്ചുപോയി. ‘എന്നെ കണ്ടാല്‍ പട്ടാളക്കാരന്‍ ആണെന്ന് തോന്നുന്നില്ലെങ്കില്‍ പിന്നെ ഞാന്‍ ആരാ.’

Back to top button