Malayalam Article

വെടിയുടെ മകൻ

ഈ ഹെഡിങ് എന്റെ പ്രതിഷേധമാണ് ആരെയെങ്കിലും ഇങ്ങനെ വിളിക്കുന്നവരോടുള്ള അല്ലെങ്കിൽ ആരെയെങ്കിലും ആരെങ്കിലും ഇങ്ങനെ വിളിക്കുമ്പോൾ അത് കേട്ട് പൊട്ടിച്ചിരിക്കുന്നവരോടുള്ള പ്രതിഷേധം…

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഞാൻ അവനെ ആദ്യമായി ശ്രദ്ധിച്ചു തുടങ്ങിയത്…

അന്ന് വൈകുന്നേരത്തെ അവസാനത്തെ പിരിയഡ് ടീച്ചർ ഇല്ലായിരുന്നു….
എന്തോ ട്രെയിനിങ് കാരണം ഒരാഴ്ചത്തേക്ക് ടീച്ചർമാരൊന്നും അധികം ഉണ്ടാവില്ല
ക്ലാസിൽ അനാവശ്യമായി ബഹളം വെക്കുന്നവരുടെ പേരെഴുതി ഏൽപ്പിക്കണം…. എന്ന് ക്ലാസ് ടീച്ചർ നേരത്തെ നിർദ്ദേശം നൽകിയതനുസരിച്ചു ഞാൻ ചോക്കും പിടിച്ചു ബോർഡിന്റെ അടുത്തായി നിന്ന് എല്ലാരെയും കണ്ണുരുട്ടി പേടിപ്പിക്കുന്ന ശ്രമകരമായ ദൗത്യത്തിൽ ആയിരുന്നു…

പെട്ടെന്നാണ് അവിടുത്തെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഒരു ചോദ്യം ഉയർന്നത്….

“ഡാ… നിന്റെ അമ്മ ഇപ്പളും “വെടി” വെക്കാൻ പോകാറുണ്ടോ. ?

എന്റെ ശ്രദ്ധ ആദ്യം പതിച്ചത് ചോദ്യകർത്താവിലേക്കാണ്…..
ക്‌ളാസിലെ ഏറ്റവും തല്ലിപ്പൊളി എന്ന സൽപ്പേരിന്റെ ഉടമയായ “മിർശാദ് ” ആയിരുന്നു ആ ചോദ്യകർത്താവ്…
മൂന്നാലു കൊല്ലം തോൽവിയുടെ രുചി അറിഞ്ഞിട്ടും താടിയും മീശയും ഒക്കെ വളർന്ന് തുടങ്ങിയതിന്റെ യാതൊരു അഹംഭാവവും ഇല്ലാത്ത ആ മാന്യനെ എനിക്ക് പണ്ട് തൊട്ടേ കണ്ണെടുത്താൽ കണ്ടുകൂട…

അപ്പോഴേക്കും ക്ലാസ് ഒന്നടങ്കം ഒരു കൂട്ടച്ചിരി ഉയർന്നു…
ഞാനാണെങ്കിൽ ജീവിതത്തിൽ ആദ്യമായാണ്‌ ഈ “വെടി” എന്ന പദപ്രയോഗം കേൾക്കുന്നതു തന്നെ…
എനിക്കാണെങ്കിൽ എന്താണ് കാര്യം എന്ന് മനസ്സിലാവാത്തതുകൊണ്ട് ചിരിയും കരച്ചിലും ഒന്നും വന്നില്ല…

ഞാൻ ആകെ പ്ലിങ്ങസ്യ എന്നും പറഞ്ഞു നിൽക്കുന്നതിനിടയിൽ ആണ് ക്ലാസിന്റെ ഒരു മൂലയിൽ മറ്റുള്ളവരെ ഫേസ് ചെയ്യാനുള്ള മനക്കരുത്തില്ലാതെ തലയും താഴ്ത്തി ഇരിക്കുന്ന അവനെ ഞാൻ ആദ്യമായി ശ്രദ്ധിച്ചത്…

വെളുത്തു ചെമ്പൻ മുടിയൊക്കെയുള്ള മെലിഞ്ഞു ശോഷിച്ച ഒരു സുന്ദരൻ പയ്യൻ..
അവന്റെ ശരീരത്തിലെ എല്ലുകളുടെ എണ്ണം എത്രയുണ്ടെന്ന് ഒറ്റ നോട്ടത്തിൽ തന്നെ എണ്ണി തിട്ടപ്പെടുത്താൻ പറ്റും. ….
അങ്ങനെയൊരാൾ ക്ലാസിൽ ഉണ്ടായിരുന്നു എന്ന കാര്യം പോലും ഞാൻ ഓർക്കുന്നത് അപ്പോഴാണ്‌…
അഞ്ചാം ക്ലാസ് മുതൽ അവൻ എന്റെ ക്ലാസിൽ തന്നെ ആയിരുന്നു എന്നുള്ള കാര്യം എനിക്ക് തന്നെ അവിശ്വസനീയമായി തോന്നി…

അപ്പോഴേക്കും ഞാൻ കയ്യിലിരുന്ന ചോക്ക് കൊണ്ട് ബോർഡിൽ ഉച്ചത്തിൽ ചിരിക്കുന്നവരുടെ ഓരോരുത്തരുടെയായി പേരെഴുതാൻ തുടങ്ങിയിരുന്നു…
പേരെഴുത്ത് തുടങ്ങിയതോടെ ക്ലാസ് വീണ്ടും നിശബ്ദമായി..

അപ്പോഴും ഈ “വെടിവെക്കാൻ പോവുക” എന്നതിന്റെ അർത്ഥം എനിക്ക് പിടികിട്ടിയിരുന്നില്ല…
അത് എന്താണ് എന്നറിയാഞ്ഞിട്ട് എനിക്ക് വല്ലാത്തൊരു അസ്വസ്ഥത പോലെ….
എന്തായാലും അതിന്റെ അർത്ഥം അറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു…

വൈകുന്നേരം സ്കൂൾ വിട്ട് കഴിഞ്ഞാൽ ഞാനും ബൈജുവും ഒരുമിച്ചാണ് വീട്ടിലേക്കു പോവുക…
ബൈജു ക്ലാസിലെ മറ്റൊരു തല്ലിപ്പൊളി ആണെങ്കിലും അവൻ ആളൊരു നിരുപദ്രവകാരി ആണ്…
ചുമ്മാ അളിഞ്ഞ കോമഡി അടിച്ചു മറ്റുള്ളവരെ ചിരിപ്പിക്കുക എല്ലാ പിരിയഡിലും ടീച്ചർമാരുടെ കയ്യിൽ നിന്നും മുടങ്ങാതെ തല്ല് വാങ്ങിക്കൂട്ടുക ഇത് രണ്ടും ആണ് ടിയാന്റെ മെയിൻ ഹോബി…

എന്റെ പല സംശയങ്ങൾക്കും ഉള്ള ഉത്തരം അവന്റെ കയ്യിൽ ഉണ്ടായിരുന്നു….
പകരമായി ക്ലാസ് ടെസ്റ്റുകൾ വരുമ്പോൾ അവനെ അടുത്തിരുത്തി നോക്കി എഴുതാനുള്ള സൗകര്യം ഞാനും ചെയ്തുകൊടുക്കും….

അന്നത്തെ എന്റെ സംശയം വെടിവെക്കാൻ പോവുന്നതിന്റെ അർത്ഥം എന്താണെന്നായിരുന്നു….
ബൈജു വളരെ വ്യക്തമായി അതിന്റെ “കർത്താവ്, കർമ്മം, ക്രിയ ” എല്ലാം ഒരു മഹാജ്ഞാനിയെപ്പോലെ എനിക്ക് വിശദീകരിച്ചു തരുകയും ചെയ്തു….

“എന്നാലും അവന്റെ അമ്മ എന്തെങ്കിലും ആയിക്കോട്ടെ പക്ഷേ അവനെ എല്ലാരുംകൂടി ഇങ്ങനെ കളി ആക്കുന്നത് കണ്ടിട്ട് എന്തോ പോലെ തോന്നുന്നു” എന്ന് ബൈജുവിനോട് പറഞ്ഞപ്പോൾ ബൈജുവും അത് ശരിവച്ചു….
അങ്ങനെ ഒരു സിംപതിയുടെ പുറത്താണ് ഞങ്ങൾ അവനോട് കൂട്ടുകൂടാൻ തീരുമാനിച്ചത്…

പിറ്റേന്ന് ക്ലാസിൽ ചെന്നപ്പോൾ നമ്മുടെ ചെമ്പന്മുടിക്കാരൻ ക്ലാസിന്റെ മൂലയിൽ നേരത്തെ സ്ഥാനം പിടിച്ചിട്ടുണ്ട്….
അവന്റെ തലയും താഴ്ത്തിയുള്ള ഇരിപ്പ് കണ്ടപ്പോൾ തലേന്ന് അവൻ അനുഭവിച്ച അപമാനത്തിന്റെ ആഴം അർത്ഥസഹിതം മനസ്സിലായതിന്റെ ജാള്യത എന്റെ മുഖത്തും ഉണ്ടായിരുന്നു….

പിന്നെയും കുറേ ദിവസം കഴിഞ്ഞിട്ടാണ് ഞാനും ബൈജുവും ചേർന്ന് അവനെ ഒന്ന് മെരുക്കി എടുത്തത്…
അതിന്റെ ആദ്യ ഘട്ടം എന്ന വണ്ണം അവന്റെ ഇരുത്തം ആ മൂലയിൽ നിന്നും മാറ്റി ഞങ്ങളുടെ രണ്ടുപേരുടെയും ഇടയിലേക്ക് മാറ്റി…
അതിന് ശേഷം അവനെ അധികം ആരും കളിയാക്കാൻ ധൈര്യപ്പെട്ടില്ല..

അങ്ങനെയിരിക്കെ സ്കൂളിൽ ഒരു PTA മീറ്റിംഗ് നടക്കുന്ന ദിവസം….
അന്നാണ് അവന്റെ അമ്മയെ നേരിട്ട് കാണാനുള്ള അവസരം ഞങ്ങൾക്ക് കിട്ടിയത്….
മീറ്റിംഗ് കഴിഞ്ഞു പോകാൻ നേരത്ത് അവൻ ഞങ്ങളെയും കൂട്ടി അമ്മയുടെ അടുത്തേക്ക്‌ ചെന്നു…

അവരെ കാണുന്നതിനു തൊട്ട് മുമ്പ് വരെ ഞങ്ങൾക്ക് അവരുടെ അടുത്തേക്ക്‌ ചെല്ലാൻ എന്തോ ഒരു അറപ്പ് പോലെ ആയിരുന്നു…
ചെമ്പൻ മുടിക്കാരൻ ഞങ്ങളുടെ കൂട്ടുകാരൻ ആണെങ്കിലും അവന്റെ അമ്മ ഒരു വൃത്തികെട്ട സ്ത്രീ ആണെന്നുള്ള പൊതുബോധത്തിൽ ഞങ്ങളും അടിയുറച്ചു വിശ്വസിച്ചിരുന്നു എന്നത് തന്നെ കാരണം ….
അതുകൊണ്ട് തന്നെ അതുവരെ അവന്റെ അമ്മയെക്കുറിച്ചു ഞങ്ങൾ അവനോട് ഒന്നും ചോദിക്കാറില്ലായിരുന്നു…

പക്ഷേ അവരെ നേരിട്ട് കണ്ടതോടെ ഞങ്ങളുടെ എല്ലാ തെറ്റിദ്ധാരണകളും മാറുകയായിരുന്നു…

ഒറ്റ നോട്ടത്തിൽ തന്നെ അറിയാം ഒരു പാവം സ്ത്രീ….
വിലകുറഞ്ഞ സാരിയാണ് ഉടുത്തതെങ്കിലും അവരെ കാണാൻ വല്ലാത്തൊരു ഭംഗി ഉണ്ടായിരുന്നു…

ഞങ്ങളെ കണ്ടയുടനെ “കുട്ടന്റെ കൂട്ടുകാർ ആണല്ലേ… ” എന്നും പറഞ്ഞു അവർ അവനോടൊപ്പം ഞങ്ങളെയും ചേർത്ത് നിർത്തി…..

“വീട്ടിൽ വന്നാൽ എപ്പോഴും നിങ്ങളെക്കുറിച്ചു പറയാനേ ഇവന് നേരമുള്ളൂ.. അച്ഛനില്ലാത്ത കുട്ടിയാണ്…. നിങ്ങളിവനെ നല്ലോണം നോക്കണം ട്ടോ…. പിന്നെ എന്റെ അസുഖത്തിന്റെ കാര്യം ഒക്കെ കുട്ടൻ.. ”
പറഞ്ഞു തീരുന്നതിനു മുൻപേ ചെമ്പൻ മുടിക്കാരൻ അമ്മയെ പിച്ചുന്നത് ഞാൻ കണ്ടു…

പിച്ചു കിട്ടിയതോടെ അവര് പറഞ്ഞു വന്ന കാര്യം പൂർത്തി ആക്കാതെ ഞങ്ങളോട് യാത്ര പറഞ്ഞു പിരിയാനൊരുങ്ങി…
പോകുന്നതിനു മുൻപായി കയ്യിലിരുന്ന മൂന്ന് മിഠായികൾ ഓരോരുത്തരുടെയും കയ്യിൽ ബലമായി പിടിച്ചേല്പിച്ചിട്ടാണ് അവർ നടന്നു നീങ്ങിയത്….

രണ്ടുമൂന്നു വർഷങ്ങൾക്കു ശേഷം അവരുടെ മരണവാർത്ത അറിഞ്ഞു….
പിന്നീട് പത്താംക്‌ളാസ് കഴിഞ്ഞതോടെ ചെമ്പന്മുടിക്കാരനും ഞങ്ങളിൽ നിന്നും എവിടെയോ പോയി മറഞ്ഞു….

പക്ഷേ അന്നത്തെ ആ സംഭവത്തിനു ശേഷം അവനിൽ നിന്നും ഞങ്ങൾ അവന്റെ അമ്മയെക്കുറിച്ചു ചോദിച്ചറിഞ്ഞ കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു…

അവന്റെ അച്ഛനെ സ്നേഹിച്ച ഒരു പാവം നഴ്സിന്റെ കഥ….
ആ അച്ഛന്റെ മരണശേഷം ചെറിയ ശമ്പളത്തിന് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെട്ട് അവനെ വളർത്തിയ ഒരു അമ്മയുടെ കഥ…
രാത്രി ജോലിക്ക് പോയി പകൽ തിരിച്ചു വരുന്നത് കാണുന്ന ചില അയൽവാസികൾ പറഞ്ഞു പരത്തിയ ചില നുണക്കഥകൾ…

ആ കഥകൾ ആ സ്ത്രീയുടെ മകൻ പഠിക്കുന്ന ക്ലാസ്മുറിക്കുള്ളിലെ കൊച്ചു കുട്ടികളുടെ ചെവികളിൽ വരെ എത്തി എന്നത് അതിന്റെ ഗൌരവം വർദ്ധിപ്പിക്കുന്നു….

പിന്നെ അവരുടെ ശരീരത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന മാരകരോഗത്തെക്കുറിച്ചും….
അവൻ ഞങ്ങളോട് മാത്രമായി പറഞ്ഞിരുന്നു…
അത് പറഞ്ഞു തീർന്നപ്പോൾ കണ്ട അവന്റെ നിറഞ്ഞുതുളുമ്പിയ കണ്ണുകൾ ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു…

ഇതുപോലുള്ള ചെമ്പന്മുടിക്കാരും…
തെറ്റ് ചെയ്യാതെ ക്രൂശിക്കപ്പെട്ട അമ്മമാരും നമുക്ക് ചുറ്റും ഒരുപാടുണ്ട്….

അവരെ സഹായിക്കാൻ പറ്റിയില്ലെങ്കിലും അവരെക്കുറിച്ചു മോശമായി ചിന്തിക്കാതിരിക്കാനും നമ്മുടെയൊക്കെ ദുഷിച്ച നാവുകൊണ്ട് അവരെക്കുറിച്ചു അനാവശ്യമായ അപവാദങ്ങൾ പറയാതിരിക്കാനും ശ്രമിക്കുക…
അതായിരിക്കാം അവർക്ക് വേണ്ടി ചെയ്തു കൊടുക്കാൻ പറ്റുന്ന ഉപകാരം…

എന്റെ ചെമ്പന്മുടിക്കാരൻ എവിടെയായിരുന്നാലും അവന് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു…

Back to top button