കോവിഡ് സെന്ററിന് തീപിടിച്ചു ; 13 ജീവൻ പൊലിഞ്ഞു

മഹാരാഷ്ട്രയിലെ കോവിഡ് 19 കേന്ദ്രത്തിൽ തീപിടിത്തം .
13 രോഗികളുടെ ജീവൻ നഷ്ടമായി .
മഹാരാഷ്ട്രയിൽ പാൽഘർ ജില്ലയിലെ വസായ് വിരാർ മുനിസിപ്പൽ പരിധിയിലെ വിരാറിലെ കൊവിഡ് -19 കേന്ദ്രത്തിൽ ഇന്ന് രാവില തീപിടുത്തം . വിജയ് വല്ലഭ് ആശുപത്രിയിലാണ് സംഭവം. സംഭവത്തിൽ 13 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
പുലർച്ചെ മൂന്നുമണിക്ക് ശേഷമാണ് വിരാറിലെ നാല് നിലകളുള്ള വിജയ് വല്ലഭ് ഹോസ്പിറ്റലിന്റെ രണ്ടാം നിലയിലെ ഐസിയു വിഭാഗത്തിൽ തീപിടിത്തമുണ്ടായത് . മണിക്കൂറിനുള്ളിൽ പടർന്നു പിടിച്ച തീ പുലർച്ചെ 5.20 നാണ് അഗ്നിശമന സേനാംഗങ്ങൾക്ക് അണക്കാൻ കഴിഞ്ഞത് .
തീപിടുത്തമുണ്ടായപ്പോൾ ഐസിയുവിൽ 17 രോഗികളുണ്ടായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. നാല് രോഗികളെ രക്ഷപ്പെടുത്തി പ്രദേശത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. മുംബൈയിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് വിരാർ
ആശുപത്രിയിലെ ഐസിയു വിഭാഗത്തിലാണ് തീപിടുത്തമുണ്ടയത്. ഐസിയുവിലെ എസി യൂണിറ്റിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമായി പറയുന്നത്.
ഗുരുതരാവസ്ഥയിലുള്ളവർ ഉൾപ്പെടെയുള്ള രോഗികളെ അടുത്തുള്ള സ്ഥലങ്ങളിലേക്ക് മാറ്റിയതായി ആശുപത്രിയിലെ പ്രധാന ഡോക്ടർ ഡോ. ദിലീപ് ഷാ പറഞ്ഞു.
ഇവിടെ ഇന്നലെ വരെ മൂന്ന് മലയാളികളും ചികിത്സയിൽ ഉണ്ടായിരുന്നു. നല്ലൊസപ്പാറയിൽ താമസിക്കുന്ന അവർ രോഗമുക്തി നേടി ഇന്നലെയാണ് ഡിസ്ചാർജ് ചെയ്തതെന്ന് പ്രദേശത്തെ മലയാളി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
സമാനമായ തീപിടുത്തത്തിൽ മുംബൈയിലെ ഭാണ്ഡൂപ്പിലെ ഡ്രീംസ് മാളിന്റെ മൂന്നാം നിലയിലെ കോവിഡ് ആശുപത്രിയിൽ ഉണ്ടായ വലിയ തീപിടുത്തത്തിലും പത്ത് രോഗികൾ മരിച്ചിരുന്നു. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുടെ അഭാവമാണ് ഇവിടെയെല്ലാം ദുരന്തം വിതച്ചതിന് കാരണമായി കണ്ടെത്തിയത്.
ഓക്സിജൻ വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് നാസിക്കിലെൻ ആശുപത്രിയിൽ 24 കോവിഡ് രോഗികൾ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു ഇതിനെ തുടർന്നുണ്ടായ മറ്റൊരു ദുരന്തമായി മാറി വസായ് ആശുപത്രിയിലുണ്ടായ സംഭവം ..
വിജയ് വല്ലഭ് കോവിഡ് കെയർ ഹോസ്പിറ്റലിലെ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉത്തരവിട്ടു.