ഭാഗ്യലക്ഷ്മിയും കൂട്ടരും ഒളിവിൽ, ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സൂചന

സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ച വെള്ളായണി സ്വദേശി വിജയ് പി.നായരെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്. ഇത് ഒഴിവാക്കാനാവില്ലെന്ന് പോലീസ് അറിയിച്ചു.ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷ അഡിഷനല്‍ സെഷന്‍സ് കോടതി രൂക്ഷ വിമര്‍ശനത്തോടെ കഴിഞ്ഞദിവസം തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ അറസ്റ്റും റിമാന്‍ഡും ഒഴിവാക്കാന്‍ മറ്റ് മാര്‍ഗമില്ലന്നാണു പൊലീസിന്റെ വിലയിരുത്തല്‍.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ തമ്ബാനൂര്‍ പൊലീസ് മൂവരുടെയും വീടുകളില്‍ അന്വേഷിച്ചെത്തിയിരുന്നു . എന്നാല്‍, ഇവരെ വീടുകളില്‍ കണ്ടെത്താനായില്ല. വിജയ് പി.നായരെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റ് വരിക്കാനും താന്‍ തയ്യാറാണെന്ന് ഭാഗ്യലക്ഷ്‌മി നേരത്തെ പ്രതികരിച്ചിരുന്നു.
സെപ്റ്റംബര്‍ 26ന് തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷന് സമീപം വിജയ് നായര്‍ താമസിക്കുന്ന ലോഡ്ജിലെത്തിയാണ് മൂന്ന് സ്ത്രീകളും കൂടി ഇയാളെ കൈകാര്യം ചെയ്തത്. കരി ഓയില്‍ ഒഴിക്കുകയും ചൊറിയണ പ്രയോഗിക്കുകയും മുഖത്തടിക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രചാരണങ്ങള്‍ നടത്തിയിരുന്ന വിജയ് നായരുടെ മൊബൈല്‍ ഫോണും ലാപ്പ് ടോപ്പും പിടികൂടി ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു.
നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പറഞ്ഞ കോടതി ഭാഗ്യലക്ഷ്മിക്കും ദിയയ്ക്കും ശ്രീലക്ഷ്മിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. ഇവര്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് നിയമം കയ്യിലെടുക്കാനുള്ള പ്രേരണയായി മാറിയേക്കാമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.