Malayalam ArticleMalayalam WriteUps

ഭൂമിയുടെ അവകാശികൾ …

ഇപ്പോഴെനിക്ക്‌ ഓർക്കുമ്പോൾ ഏറെ വിഷമം തോന്നാറുണ്ട് , ഇതുപോലെ ജീവനില്ലാതെ അവളുടെ സ്വാർത്ഥതയ്ക്കായി നിന്ന് കൊടുക്കേണ്ടി വരുന്നതിനു വേണ്ടിയാണോ അവളെന്നെ ….

ആർക്കും വേണ്ടാത്ത കുപ്പക്കൂനയിൽ അവളെന്തിനായിരുന്നു ഞങ്ങളെ തിരഞ്ഞത് ?

അന്നത്തെ നിഷ്കളങ്കമായ മനസ്സിന്റെ ദയ മുതിർന്നപ്പോൾ ഇല്ലാതാക്കുമ്പോൾ ഞാനെത്ര വേദനിച്ചിരിക്കും എന്നവൾക്ക് ചിന്തിച്ചുകൂടെ ..?

അന്നവിടെത്തന്നെ കൂടിപോയാൽ അരയോ മുക്കാലോ അടിയോളം വളർന്ന് വേനലെത്തുംബോഴോ അല്ലെങ്കിലെതെങ്കിലും പ്രകൃതി സ്നേഹികളുടെ വെട്ടുകത്തിക്കോ ഇരയായി ആ കുപ്പമേടിനെ ശുചിയാക്കുമ്പോൾ വീണ്..കരിഞ്ഞ് ചിലപ്പോൾ അളിഞ്ഞ്‌ മണ്ണിനോട് ചേർന്നേനെ…

പടർന്ന് പിടിക്കും മുൻപേ എന്റെ വേരുകൾക്ക് യാത്ര മതിയാക്കി ശുഷ്കിച്ച് ഉണങ്ങി പോകേണ്ടി വന്നേനെ … പക്ഷെ കൂട്ടുകാരുടെ വിധിയെനിക്ക് ഉണ്ടായില്ല , അവളെന്നെ മാത്രം രക്ഷപ്പെടുത്തി

അന്ന് സ്കൂൾ വിട്ടു വരുന്ന നേരത്താണ് അവളെന്നെ ആദ്യമായി കണ്ടതും സ്വന്തമാക്കിയതും , ആ കുഞ്ഞു കൈകൾ കൊണ്ട് ആദ്യമെന്നെ തലോടിയപ്പോഴും ….

ഉണങ്ങിക്കിടന്ന കമ്പ് എടുത്ത് എന്റെ ചുറ്റിലും വേരറ്റു പോകാതെ കുഴിച്ചെടുക്കാൻ അവൾക്ക് എന്ത് വൈദഗ്ധ്യം ആണെന്ന് മനസ്സിലായപ്പോഴും ….

കുറച്ചു നേരത്തെ ശ്രമഫലമായി എന്നെയും കൊണ്ട് കൂട്ടുകാരുടെ ഇടയിലൂടെ നടക്കുമ്പോൾ അഭിമാനത്തോടെ അവളെന്നെ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടായിരുന്നു . അവളുടെ കയ്യിൽ അതിലേറെ സന്തോഷത്തോടെ ഞാനിരുന്നു

പോകുന്ന വഴിയ്ക്കിടയിൽ അവളുടെ കൂട്ടുകാരുടെ കൈകളിൽ നിന്നും വേര് മുറിഞ്ഞതും തണ്ട് മുറിഞ്ഞതും വിത്തുപോയതും കാരണമാക്കി എന്റെ കൂട്ടുകാരെ പലരെയും വഴിയിൽ ഉപേക്ഷിക്കുന്നുണ്ടായിരുന്നു

എന്റെ അന്നത്തെ സന്തോഷത്തിനു മാറ്റ് കൂട്ടിക്കൊണ്ട് നിലയ്ക്കാത്ത മഴയും വന്നു ..എന്റെ മനസ്സ് നിറഞ്ഞുകൊണ്ട്….പുഴയും കുളവും അരുവികളും നിറച്ചുകൊണ്ട് ..മണ്ണിന്റെ ദാഹം തീർത്തുകൊണ്ട്…. .

പിൻവിളികളെയും കുടയെടുക്കാനുള്ള വഴക്ക് പറച്ചിലിനെയും വകവെയ്ക്കാതെ നനഞ്ഞ മണ്ണിനു മീതെ എന്നെ വെച്ചിട്ട് അവളകത്തെക്ക് പോയപ്പോൾ അതുവരെയുള്ള സന്തോഷമെല്ലാം അവസാനിച്ചത്‌ പോലെ തോന്നി ….

ഒപ്പം എന്റെ ഇലകളിലെ ചെളിയും വേരിലെ മണ്ണിനെയും അലിയിച്ചു കളഞ്ഞ മഴയുടെ ശക്തി ക്ഷയിച്ചു ചാറ്റലായി മാറിയിരുന്നു ….എന്റെ മുഖം വാടിത്തുടങ്ങും മുൻപേ കയ്യിലൊരു കമ്പുമായി അവൾ അടുത്തേക്ക്‌ വന്നു

വേലിക്കരുകിലായി ആ കുഞ്ഞു കൈകളുടെ മുഴുവൻ ശക്തിയുമെടുത്ത് അവൾ കുഴിക്കുന്നുണ്ടായിരുന്നു , അതുകണ്ടപ്പോൾ അവളോട്‌ എന്തെന്നില്ലാത്ത ഇഷ്ടം തോന്നി ….

അതിനു ശേഷം ചെളിപുരണ്ട കയ്യുമായി എന്നെയെടുത്ത് കുഴിയിലിരുത്തി വേര് തുടങ്ങുന്ന വരേയ്ക്കും ആ കൊച്ചു കുഴിയിലേക്കിറക്കി മണ്ണിട്ട്‌ മൂടി എനിക്ക് പുതിയൊരു ഇരിപ്പിടമുണ്ടാക്കി തന്ന് ചെറിയ ഇടവേളയ്ക്കു ശേഷം പെയ്യുന്ന മഴയിൽ നിന്നും രക്ഷപ്പെടാനായി അകത്തേക്ക് ഓടി

കൊച്ചു മഴ വലുതായപ്പോൾ പുതുമണ്ണിന്റെ ഇണക്കമില്ലായ്മ കൊണ്ട് എനിക്ക് ചെറുതായി നോവുന്നുണ്ടായിരുന്നു , തുള്ളിക്കൊരുകുടം പോലെ പെയ്തപ്പോൾ ഞാൻ മണ്ണിലേക്ക് ചാഞ്ഞു ….

പിന്നെ കണ്ണ് തുറക്കുന്നത് അവളെനിക്കു തടമുണ്ടാക്കുന്നത് കണ്ടിട്ടാണ് …. എന്റെ ചുറ്റിലും കൊച്ചു കമ്പുകൾ കുത്തി വെച്ച് വേലി കെട്ടിയതും അവൾ തന്നെ ആയിരിക്കണം ….

ഇപ്പോഴെന്തോ എനിക്ക് ഇന്നലത്തെ ഇത്തിരി അപരിചിതത്വവും വേദനയും മാറിയിരുന്നു … കാറ്റ് വന്നപ്പോൾ ഞാൻ ഒന്ന് ഇളകി നോക്കി , ഇന്നലെയെങ്കിൽ തളർന്ന് വീണ് പോയേനെ …

ഇന്ന് ഒന്നുമില്ല പഴയ കുപ്പമേട്ടിൽ വച്ചുണ്ടായിരുന്ന ആരോഗ്യം ഞാൻ വീണ്ടെടുത്തിരിക്കുന്നു . ഞാൻ നന്ദിയോടെ ആ കൊച്ചു മുഖത്തേക്ക് നോക്കി , അവളപ്പോഴും തടമൊരുക്കുന്ന തിരക്ക് തന്നെ ,

എവിടുന്നോ ചാരവും വളവും എന്റെ അടുത്ത് കൊണ്ടിട്ടിരുന്നു , എനിക്കപ്പോൾ ചിരി വന്നു , “ഇതൊന്നുമില്ലെങ്കിലും മഴയും മണ്ണും തന്നെ എനിക്ക് ധാരാളം എന്നവൾക്ക് അറിയില്ലായിരുന്നല്ലോ എന്റെ കൊച്ചു സുന്ദരിക്കുട്ടിക്ക് ”

പിന്നീട് മിക്ക ദിവസവും അവളെന്നെ കാണാൻ വന്നു … എന്റെ ഇലകൾ മഞ്ഞുകാലത്ത് പഴുത്തു …വേനലിൽ ഉതിർന്നു അടുത്ത മഴയിൽ വീണ്ടും തളിരിലകൾ വന്നു …. പിന്നെയും മഞ്ഞിൽ പഴുത്തും വേനലിൽ കൊഴിഞ്ഞും മഴയിൽ തളിരിലകൾ വന്നുമിരുന്നു

അവളും പതിയെ പതിയെ എന്റെ അടുത്തേക്കുള്ള വരവ് കുറച്ചു … വല്ലപ്പോഴും വരുമ്പോൾ അവളുടെ കാലിനു അകമ്പടിയായി ചെരുപ്പുണ്ടായിരുന്നു … അവളും വളർന്നിരുന്നു ഞാനും …

അവളുടെ കയ്യിൽ ഒതുങ്ങിയിരുന്ന ഞാനിപ്പോൾ അവളുടെ ഇരട്ടി ഉയരം വന്നു , പക്ഷെ തടി കൂടുതൽ അവൾക്ക് തന്നെ …. അവളുടെ യൂണിഫോംന്റെയും നിറം ഒപ്പം മാറി മാറി വന്നു …

അവളെന്നെ ഒട്ടും കാണാൻ വരാതായി ….പിന്നെ കുറച്ച് വർഷങ്ങൾക്ക് ശേഷം വേനലിലും മഞ്ഞു കാലത്തും എന്റെ തണലിൽ വന്നിരുന്ന്‌ പഠിക്കുന്ന പതിവ് ആരംഭിച്ചു … അവൾക്ക് വേണ്ടി ഞാൻ ചെറിയ കാറ്റിനെ പോലും പിടിച്ചു നിർത്തി നല്കി ….

അവൾക്കായി എന്റെ ശാഖകൾ കുടനിവർത്തി നിന്നു…, അവളുടെ മേലെ വീണ് വേദനിക്കാതിരിക്കാൻ എന്റെ പഴുത്ത ഫലങ്ങളെ പോലും പൊഴിച്ചില്ല .. എങ്കിലും ഇടയിൽ ഓരോന്ന് വീഴുമ്പോഴും അവളുടെ മേൽ വീഴരുതെന്ന് പ്രാർത്ഥിച്ചു

അവളെന്നെ തൊടുമ്പോൾ എല്ലാം ഞാനേറെ സന്തോഷിച്ചു … അപ്പോഴും എന്നെ ശ്രദ്ധയോടെ കുപ്പമേടിൽ നിന്നും അടർത്തിയെടുത്ത സുന്ദരമുഖമായിരുന്നു അവൾക്ക് …

നാളുകൾ കഴിയുമ്പോൾ ഞാൻ പിന്നെയും വളർന്ന് കൊണ്ടേയിരുന്നു .. എന്റെ ശരീരത്തിന്റെ വണ്ണവും നീളവും വർദ്ധിച്ചു, ഫലങ്ങൾ കൂടി ,ശാഖകൾ കൂടി … ആ മുറ്റം മുഴുവൻ തണൽ പരത്താനെനെനിക്ക് കഴിഞ്ഞിരുന്നു

പിന്നീട് എപ്പോഴൊക്കെയോ അവൾ എന്റെ തണലിൽ ഇരുന്നു ആരെയോ കുറിച്ച് കുത്തിക്കുറിച്ചു …അപ്പോഴെല്ലാം അവളുടെ മുഖത്തു ആയിരം പൂത്തിരികൾ ഒരുമിച്ചു കത്തിച്ച ചേലായിരുന്നു

പിന്നെയവൾ ആരുടെയോ ബൈക്കിന്റെ ശബ്ദത്തിനായി എന്റെ താഴെ നിന്നും കാതോർത്തു, അതടുത്തെത്തുമ്പോൾ അവളുടെ മുഖം ചുവന്നു തുടുക്കുന്നത് ഞാൻ കണ്ടു..എന്നോട് ചേർന്നവൾ ആ കാഴ്ച നോക്കി നിന്നു …

പുസ്തകം തുറന്നു വച്ച് സ്വപ്നം കണ്ടിരിക്കുന്ന അവളെ കണ്ടപ്പോൾ ഞാൻ അമ്മയായി കണ്ട അവൾ എന്റെ മകളായെങ്കിൽ എന്ന് തോന്നി ….അവളെന്റെ തണലിൽ സന്തോഷത്തോടെ ഇരിക്കുമ്പോൾ എനിക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല

അതെ സമയം എന്റെ ഇലകളും പൂക്കളും ഫലങ്ങളും വീണ് മുറ്റം വൃത്തികെടാകുന്നു ,എത്ര അടിച്ചാലും വൃത്തിയാവുന്നില്ല പറഞ്ഞ അമ്മ തന്നെ എന്നെ ഇടയ്ക്ക് വേദനിപ്പിച്ചു എന്റെ ചെറു ചില്ലകൾ വെട്ടിയെടുത്തു ഉണക്കി കത്തിക്കാനും , ഫലങ്ങൾ കഴിക്കാനുമായി കൊണ്ട് പോകുമായിരുന്ന സങ്കടവും

അച്ഛൻ കൂട്ടുകാരുമൊന്നിച്ചു രാത്രി നേരങ്ങളിൽ പഴയ കഥകളും പറഞ്ഞ് മദ്യപിചിരിക്കുന്നതും

അച്ഛമ്മയും അടുത്ത വീട്ടിലെ പെണ്ണുങ്ങളും കൂടെ വർത്തമാനം പറഞ്ഞിരിക്കുന്നതും

കൊച്ചു പിള്ളാർ കല്ലെടുത്ത് എറിയുന്നതും

ഒന്നും എനിക്ക് പ്രശ്നമുണ്ടാക്കിയില്ല …കാരണം അവളെന്റെ അടുത്ത് വരുമായിരുന്ന സന്തോഷം …എന്റെ ചില്ലകളിൽ കൂട് കൂട്ടിയ കിളികളുടെ കൊഞ്ഞലുകൾ കേൾക്കുമ്പോൾ ഉള്ള സന്തോഷം …എന്റെ ഫലങ്ങൾക്കായി ഓടി വരുന്ന അണ്ണാൻ കുഞ്ഞിനോട് ഉള്ള സന്തോഷം …

അതെ ആർക്കും പറഞ്ഞാൽ അറിയില്ല ഞാനുമൊരു അമ്മയായി മാറുകയായിരുന്നു …. എന്റെ വിത്തുകൾ കിളികളും ആളുകളും ലോകം മുഴുവൻ കൊണ്ടിട്ട് അവ വളർന്നത്‌ കൊണ്ട് മാത്രമല്ല അല്ലാതെയും ഞാൻ ഒരമ്മയായിരുന്നു … എല്ലാർക്കും തണലേകുന്ന അമ്മ … എനിക്കത് ഏറെ ഇഷ്ട്ടവുമായിരുന്നു

പക്ഷെ ഇടയ്ക്ക് എന്റെ ശരീരത്തിൽ കണ്ണ് വെച്ച് പലരും ഈ വീട്ടു മുറ്റത്തേക്ക്‌ വന്നു , അവരെയെല്ലാം മടക്കിയയക്കുന്ന അച്ഛന് എന്നെഒദു വലിയ ഇഷ്ട്ടമാണ് എന്ന് ഞാൻ കരുതി

പിന്നീട് കുറച്ച് ദിനങ്ങൾ അവൾ വരാതെയായി ..ആ ബൈക്കിന്റെ ശബ്ദവും ….എപ്പോഴോ അവൾ വന്നു തുടങ്ങിയപ്പോൾ മുഖത്തു ആ ചിരിയുണ്ടായില്ല … ആ മുഖം ഒരിക്കലും ചുവന്നു തുടുത്തില്ല ..അവൾ ആരെക്കുറിച്ചും എഴുതിയില്ല …അവളുടെ കണ്ണുകളിൽ പൂത്തിരി തെളിഞ്ഞില്ല …

മൂടിക്കെട്ടിയ മുഖത്തോടെ എന്റെ തണലിൽ ഇരുന്ന്‌ എന്തോ ഓർത്തിരിക്കും പിന്നെ തിരിച്ചു പോകും …ഇടയ്ക്ക് കരയും …. ജീവസ്സു നഷ്ട്ടപ്പെട്ട അവളെ എനിക്ക് കാണാണ്ടായിരുന്നു എന്ന് തോന്നി

പിന്നെയെപ്പോഴോ എന്റെ തണലിൽ പന്തലുയർന്നു, ആരൊക്കെയോ പുതുതായി ആളുകള് വന്നു ,, കത്തിച്ചു വെച്ച നിലവിളക്കിന് മുന്നിലും അതിലേറെ ശോഭയുള്ള അവളുടെ മുഖത്തു കരിന്തിരി കത്തുന്നത് ഞാൻ മാത്രം കണ്ടു

ഇടയ്ക്ക് അടുത്തിരുന്നവനോടൊത്തു അവളെന്റെ തണലിൽ വന്നു ആരുടെയൊക്കെയോ വാക്കിന് അനുസരിച്ച് മൌനമായി അവന്റെയൊപ്പം പല ഭാവത്തിൽ നിന്നു കൊടുത്തു, ആ ചിത്രങ്ങളില എല്ലാം ഞാനും പെട്ടിരിക്കാം …. അവളുടെ നിശബ്ദമായ പൊള്ളചിരി എനിക്കിഷ്ട്ടമായില്ല ….പൂനിലാവിന്റെ കാന്തിയുണ്ടായിരുന്നു അന്നവൾ ചിരിക്കുമ്പോൾ ….

അതിനു ശേഷം എന്റെ ജീവിതം മാറ്റി മറിച്ച സംഭവം ഉണ്ടായത് … വല്യ കയറുകളും വെട്ടുകത്തികളും മോട്ടറും ഒക്കെയായി കുറെ പേരുവന്നു ….

എന്റെ ചില്ലകൾ ഓരോന്നായി വെട്ടി മാറ്റപ്പെട്ടു ,,, എനിക്ക് ചെറുതായി നൊന്തു തുടങ്ങിയത് പിന്നെ അഹസ്യമായിത്തുടങ്ങി ….

എന്റെ ചുറ്റുമുള്ള പക്ഷികളും മൃഗങ്ങളും പ്രാണികളും പ്രാണരക്ഷാർത്ഥം തിരക്കിട്ട് പോകുന്നത് കണ്ടു …

അതിനിടയ്ക്ക് കിന്നരിപ്രാവിന്റെ കൂടും വിരിയാരായ മുട്ടകളും താഴേയ്ക്ക് പതിച്ചു …അവളും ഭർത്താവും ഉയരെയ്ക്ക് പറന്നു മറഞ്ഞു … എന്തെല്ലാം പ്രതീക്ഷകൾ പങ്കുവെച്ചിരുന്നു അവരെന്റെ ചില്ലകളിൽ ഇരുന്ന്‌ ….

ഇപ്പോൾ എന്റെ മിക്ക ചില്ലകളും പോയി … എന്നെ കൊല്ലാൻ വന്നിരിക്കുകയാണ് എന്നെനിക്കു മനസ്സിലായി … അവസാനമായി അവളെയൊന്നു കാണാൻ വല്ലാതെ മോഹിച്ചു …

ചായകുടിയും വിശ്രമവും കഴിഞ്ഞതിനു ശേഷം അവർ വീണ്ടും പണി തുടങ്ങി , ഇപ്പോൾ എന്റെ ഉറ്റ സുഹൃത്തുക്കളായ പുൽചെടികൾ അവരുടെ ചവിട്ടടികളും എന്റെ വീഴുന്ന ചില്ലകളുടെ ഭാരവും താങ്ങാനാവാതെ വീണ് കിടന്നു ….

എന്നെ കാണാൻ മുടങ്ങാതെ വന്നിരുന്ന അണ്ണാൻ കുഞ്ഞുങ്ങള കൂട്ടത്തോടെ എന്റെ ചില്ല വിട്ടു ഓടുന്നത് കണ്ടു ….. ഇടയ്ക്കൊക്കെ എന്നെ വേദനിപ്പിക്കാൻ വരുന്ന മരംകൊത്തിയും ഭയപ്പെട്ടു ഓടുന്നു …. എന്റെ തെക്കേ വശത്തെ ചില്ലയിൽ കൂട് കൂട്ടിയ പനംകിളി അതുപേക്ഷിച്ചു ആകാശത്തിന്റെയാത്ര ദൂരേയ്ക്ക് അകന്നു പോയി ….

എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു … മൊത്തമായി താഴെ വീണ ചില്ലകളിൽ ചിലയിടത്ത് നിന്നും എന്റെ ചോരയിൽ കലർന്ന മഞ്ഞയും ചെമപ്പും നിറത്തിലുള്ള പശ ഒലിച്ചുകൊണ്ടിരുന്നു ….

എന്റെ ശരീരം മുഴുവൻ നീറുന്നതുപോലെ തോന്നി … അന്നുവരെ എനിക്കേൽക്കാത്ത സൂര്യന്റെ കിരണങ്ങൾ മൊട്ടയായ എന്റെ ശാഖകൾക്ക് ഇടയിലൂടെ എന്നെ വേദനിപ്പിച്ചു തുടങ്ങി ….

അന്തിമയങ്ങി തുടങ്ങിയപ്പോൾ പണി ആയുധങ്ങളുമായി അവർ മടങ്ങി , ഇനി നാളെയും വരും എന്റെ ശാഖകളെ മുറിച്ചു മാറ്റാൻ …എന്നെ ഇന്ജിഞ്ഞായി കൊല്ലാൻ …ഇത്രേ നേരവും അവളെ ഞാൻ കണ്ടില്ല …നാളെ ചിലപ്പോഴെന്റെ ജീവൻ നഷ്ട്ടപ്പെടുംബോഴേക്കും അവളെ കാണണം എനിക്ക് ….

ഇര തേടിപ്പോയ കുരുവിയും കുയിലും വന്നിട്ട് അമ്പരപ്പോടെ എന്നെ നോക്കി തിരിച്ചു പോകുന്നത് കണ്ടപ്പോൾ എനിക്ക് ഉള്ളിലെന്തോ കുത്തി കീറുന്നത് പോലെയുണ്ടായിരുന്നു …

അൽപനേരം കഴിഞ്ഞപ്പോൾ എന്റെ രാത്രി സുഹൃത്തുക്കളായ ആവിലുകൾ എത്തി …പാണ്ടൻ നായയെത്തി …മിന്നാമിനുങ്ങുകൾ എത്തി …. എല്ലാവരും എന്നെ നോക്കി അമ്പരപ്പോടെ തിരികെപോയി …..

ആ രാത്രി ഞാൻ നക്ഷത്രങ്ങളെ നോക്കി വിലപിച്ചുകൊണ്ടിരുന്നു ,അവളെനിക്കു കുഞ്ഞുനാളിൽ പറഞ്ഞ് തന്ന കഥകളിൽ മരിച്ചാൽ നക്ഷത്രമായി മാറുന്നവരുണ്ടായുന്നു…അപ്പോൾ ഞാനും നാളെ അവരുടെ ഇടയിൽ കാണും ….

എനിക്ക് ശരീരം മുഴുവൻ വേദനിക്കുന്നുണ്ടായിരുന്നു അപ്പോഴും …അമ്പിളി മാമൻ എന്നെ നോക്കി ഒന്ന് ചിരിച്ചു പോയി ….

പിറ്റേന്ന് നേരം വെളുക്കും മുന്നേ അവരെത്തി , എന്റെ ഓരോ കൈകളായി വെട്ടി മാറ്റപ്പെട്ടു … വീടിന്റെ ഉമ്മറത്തേക്ക് അവളെ അന്വഷിക്കുകയായിരുന്നു ഞാൻ ആ വേദനയിൽ എല്ലാം …അവൾ മാത്രം വന്നില്ല …

അന്ന് വൈകുന്നേരം അവർ മടങ്ങുമ്പോഴേക്കും എന്റെ ശാഖകൾ എല്ലാം വെട്ടി മാറ്റി വണ്ടിയിൽ കയറ്റി പറഞ്ഞയച്ചിരുന്നു… ഈ രാത്രി പാണ്ടൻ നയോ ആവിൽ പക്ഷികളോ എന്നെ തേടി വരില്ല ….എങ്കിലും മിന്നാമിനുങ്ങുകൾ ഇത്തിരി വെട്ടം പരത്തി പാറി നടക്കുന്നത് നോക്കി ഞാനിരുന്നു …

വേദന കൂടുതൽ ഉള്ളതിനാൽ എനിക്ക് ഉറക്കം ഒട്ടും വന്നില്ല …മുൻപെല്ലാം ഇലകൾ മടക്കി വെച്ച് അൽപനേരം ഞാൻ ഉറങ്ങുമായിരുന്നു …. അമ്പിളിമാമൻ ഇപ്പോൾ തെങ്ങാപൂളിന്റെ പരുവത്തിലായി കഴിഞ്ഞിരുന്നു …. അവനൊരു നിറഞ്ഞ പുഞ്ചിരി സമ്മാനിക്കാൻ എനിക്ക് കഴിഞ്ഞില്ല …താരകങ്ങൾക്കും

പിറ്റേന്ന് എന്റെ മുകളില കയറി ഒരാൾ കയറു കെട്ടി ,വീടിന്റെ ഭാഗത്തേക് ചരിയാതിരിക്കാൻ ആയിരിക്കണം അത് ,,, മറ്റു രണ്ടു പേർ ചേർന്ന് അന്ന് അവൾ വേരിന്റെ അത്ര വെച്ച് മണ്ണിൽ താഴ്ത്തിയ ഭാഗത്ത് വെട്ടാൻ തുടങ്ങി …അവളുടെ കൈകളുടെ മൃദുലത ആ വെട്ടുകത്തിക്ക് എന്നോടില്ലായിരുന്നു …

എനിക്ക് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത വേദന തോന്നി …. അതിനിടയ്ക്ക് അകത്തു നിന്നു ഇറങ്ങി വന്ന അച്ഛൻ പറയുന്നത് കേട്ടു “ഈ തടി മതി കട്ടിലിനും അലമാരയ്ക്കും ..”….

എന്റെ ഉള്ള് തകർന്ന് പോയി ..ഞാൻ മരിച്ചു തുടങ്ങി … എനിക്ക് വേദന സഹിക്കാൻ പറ്റുന്നില്ല …എന്റെ കണ്ണുകൾ അടഞ്ഞു തുടങ്ങി ….അതാ ഇനി കുറച്ച് കൂടെ മാത്രം എന്റെ ശരീരം രണ്ടായി മാറാൻ …മണ്ണിൽ നിന്നും മാറ്റപ്പെടാൻ ….

വീഴുന്ന നേരത്തും അവളെ ഞാൻ കണ്ടില്ല …എന്റെ ശരീരത്തിൽ നിന്നും കൂടുതൽ പശ കലർന്ന എന്റെ രക്തം ഒഴുകി …ഞാൻ വീണ് തുടങ്ങുമ്പോൾ വാതിൽക്കൽ അവൾ വരുന്നത് കണ്ടു … അവളുടെ മുഖവും നിസ്സഹായമായിരുന്നു …..

അവളുടെ ആ നോട്ടം മതി എനിക്ക് സന്തോഷമായി മരിക്കാൻ … എന്നെ മകളും അമ്മയുമാക്കിയ എന്റെ സുന്ദരിക്കുട്ടി നാളെ പുതിയ വീട്ടിലെത്തുമ്പോൾ കട്ടിലും അലമാരയുമായി എന്റെ തടിയും …വരന്റെ വീട്ടുകാർക്ക് വിരുന്നൊരുക്കാൻ വിറകായി എന്റെ ചില്ലകളും മാറും …

ഇരുട്ടി തുടങ്ങുമ്പോൾ ബോധം നശിച്ചു കൊണ്ടിരിക്കുന്ന എന്റെ അടുത്ത് മിന്നാമിനുങ്ങുകൾ വരുന്നത് ഞാനറിഞ്ഞു … ഇടയ്ക്ക് എപ്പോഴോ ആ മൃദുല കൈത്തലം എന്റെ ശരീരത്തിൽ സ്പർശിച്ചത് ഞാനറിഞ്ഞു …. ഒരുതുള്ളി കണ്ണീരോടെ എനിക്ക് യാത്രാമൊഴിയെകാൻ വന്നതായിരുന്നു അവൾ …..പൊട്ടിക്കരയാൻ പോലുമെനിക്ക് ശേഷിയില്ലായിരുന്നു ….

ഇല്ല ഈ കണ്ണുനീര് പറയുന്നു അവളുടെ സ്വാർത്ഥത അല്ല …. അവളെന്നെ സ്നേഹിച്ചിരുന്നു …അവൾ എന്റെ അമ്മയാണ് …അവൾ എന്റെ മകളാണ് …അവളെന്നെ സ്നേഹിക്കും …

ഞാൻ കണ്ണ് തുറന്നില്ല ….ഇനി തുറക്കുകയുമില്ല …. ഇരുളിൽ ആകാശത്തൊരു താരകമായി മാറുകയാണ് ഞാനും … ആരും തേടി വരാത്ത താരകം ….!!!!!!!

***************************************************************************************

ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു…ചിന്തിക്കുക പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത

-Vidhya Palakkad

Vidhya Palakkad
Vidhya Palakkad

Leave a Reply

Back to top button