News

ഓക്‌സിജൻ കോണ്‍സെന്‍ട്രേറ്റര്‍ അബദ്ധത്തില്‍ മാറിയെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം

പിതാവിന്റെ ചികിത്സക്കായി യുവാവ് എത്തിച്ച ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ അബദ്ധത്തില്‍ മാറിയെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം അംഗങ്ങള്‍. ഡല്‍ഹിയിലെ വിമാന താവളത്തില്‍ വച്ചാണ് സംഭവം. കോവിഡ് വ്യാപനത്തിന് പിന്നാലെ വലിയ രീതിയില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുകയാണ് ഡല്‍ഹി. മതിയായ ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരണപ്പെടുന്ന സംഭവങ്ങളും കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

പിതാവിന് ഓക്‌സിജന്‍ കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മകന്‍ അന്‍വറാണ് ബാംഗ്ലൂരില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് പകരം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ വിമാന മാര്‍ഗം ഡല്‍ഹിയിയില്‍ എത്തിച്ചത്. അന്‍വര്‍ തന്നെ നേരിട്ട് ബാംഗ്ലൂരില്‍ എത്തി ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റ് ശേഖരിച്ച് ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തുകയയായിരുന്നു. എന്നാല്‍ വിമാനമിറങ്ങിയ ശേഷം ബാഗേജ് ബെല്‍റ്റില്‍ നിന്നും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നിറച്ച പെട്ടി കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ജീവന്റെ വിലയുള്ള പെട്ടി കാണാതായതിനെ തുടര്‍ന്ന് അദ്ദേഹം ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു.

24 മണിക്കൂറോളം ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പെട്ടി കണ്ടെത്താന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ഒടുവില്‍ ഒരു ഉദ്യോഗസ്ഥന്‍ ഫോട്ടോ കാണിച്ച് പെട്ടി ഇതാണോ എന്ന് ഉറപ്പു വരുത്താനായി സമീപിച്ചുവെന്നും അന്‍വര്‍ പറയുന്നു. പിന്നാലെ വിമാനക്കമ്പനി അധികൃതര്‍ പെട്ടി തനിക്ക് എത്തിച്ചു തന്നു എന്നും അന്‍വര്‍ വ്യക്തമാക്കി.

ദി ന്യൂസ് മിനിട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം ബംഗ്ലൂരില്‍ നിന്ന് കൃത്യ സമയത്ത് തന്നെ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പെട്ടിയും ഡല്‍ഹിയില്‍ എത്തിയിരുന്നു. എന്നാല്‍ ഏപ്രില്‍ 28 ന് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ മത്സരത്തിനായി ഡല്‍ഹിയില്‍ എത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം അംഗങ്ങള്‍ ഇത് അബദ്ധത്തില്‍ മാറിയെടുക്കുകയായിരുന്നു. ടീമിലെ കളിക്കാര്‍ക്ക് ചാര്‍ട്ടേഡ് വിമാനമാണ് നല്‍കാറുള്ളത് എങ്കിലും ടീമിലെ മറ്റ് അംഗങ്ങള്‍ സാധാരണ വിമാനമാണ് എടുക്കാറ്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം താരങ്ങള്‍ക്ക് അവര്‍ക്ക് അടിസ്ഥാനപരമായി വേണ്ട വസ്തുക്കള്‍ മാത്രമേ കയ്യില്‍ കരുതാനാകൂ. ബാക്കിയുള്ള എല്ലാ ലഗേജും ഹോട്ടലിലെ മറ്റൊരു മുറിയിലേക്ക് മാറ്റി ഒരു ദിവസത്തിന് ശേഷം സാനിറ്റൈസേഷന്‍ നടത്തി മാത്രമേ ഉപയോഗിക്കാറൊള്ളു.

ഏപ്രില്‍ 27ാം തീയ്യതി രാത്രിയാണ് തങ്ങളുടെ കയ്യില്‍ കൂടുതലായി ഒരു ബാഗേജുകൂടി പെട്ടതായി ചെന്നൈ ടീം അറിയുന്നത്. പിന്നാലെ ഇക്കാര്യം വിമാനക്കമ്പനിയെ ടീം അറിയിക്കുകയായിരുന്നു. അന്‍വറിന്റെ പരാതിയില്‍ ബാഗ് തിരയുന്നതിനിടെയാണ് തങ്ങളുടെ പക്കലില്‍ പെട്ട ബാഗേജിനെക്കുറിച്ച് ചെന്നൈ ടീം അറിയിക്കുന്നത്. സിസിടിവി പരിശോധനയിലും ഇതിനോടകം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ അടങ്ങിയ അന്‍വറിന്റെ പെട്ടി ചെന്നൈ ടീമിന്റെ കൈവശമുണ്ടെന്ന് വ്യക്തമായിരുന്നു.പിന്നാലെ വിമാനക്കമ്പനി ജീവനക്കാര്‍ ഹോട്ടലില്‍ എത്തി പെട്ടി തിരിച്ചെടുക്കുകയും അന്‍വറിന്റെ പിതാവ് അഡ്മിറ്റ് ചെയ്യപ്പെട്ട ആശുപത്രിയില്‍ എത്തി തിരിച്ച് നല്‍കുകയും ചെയ്തു. പെട്ടി നഷ്ടപ്പെട്ട് 36 മണിക്കൂറൂകള്‍ക്ക് ശേഷമാണ് അന്‍വറിന് ഇത് തിരിച്ച് ലഭിച്ചത്.

Back to top button