ക്ലാസ്മേറ്റ്സ് സിനിമ നഷ്ടപ്പെടുത്തി, ലാലിന്റെ ദേഷ്യം എന്റെ ഭാര്യയോട്, കുഞ്ചാക്കോ ബോബൻ

മലയാള സിനിമാ ലോകത്ത് ഒരു വലിയ ഇടവേള എടുത്തതിന് ശേഷം തിരിച്ചു വരവ് ഗംഭീര മാക്കിയ നടനാണ് കുഞ്ചാക്കോ ബോബൻ. താരത്തിന്റെ ബ്രേക്ക് ചെയ്ത സിനിമകളായിരുന്നു വികെ പ്രകാശ് സംവിധാനം ചെയ്ത ‘ഗുലുമാലും’ അതെ പോലെ തന്നെ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യും. എന്നാൽ തിരിച്ചു വരവ് ലാല്‍ ജോസ് സിനിമയിലൂടെ ശക്തമാക്കിയെങ്കിലും ലാല്‍ ജോസിന്റെ ഒരു സൂപ്പര്‍ ഹിറ്റ് സിനിമ ചെയ്യാന്‍ കഴിയാതെ പോയതിന്റെ അനുഭവത്തെക്കുറിച്ച് തുറന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന്‍.

അഭിനയ രംഗത്തിലേക്കുള്ള തിരിച്ചു വരവില്‍ എനിക്ക് കൂടുതല്‍ മികച്ച സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞത് ലാല്‍ ജോസ് എന്ന സംവിധായകനുമായുള്ള ദൃഢമായ സൗഹൃദം കൊണ്ടാണ്. ആദ്യംമായി ലാലുവിനെ ഞാൻ കാണുന്നത് ‘രണ്ടാം ഭാവം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ്. അതിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞു ലാലു എന്നെ ‘ക്ലാസ്മേറ്റ്സ്’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ എനിക്ക് മറ്റുചില പ്രശ്നങ്ങള്‍ കാരണ അഭിനയിക്കാന്‍ സാധിച്ചില്ല. അന്ന് മുതല്‍ ലാലുവിന് എന്നോട് ചെറിയ ദേഷ്യമായി. എന്നേക്കാള്‍ എന്‍റെ ഭാര്യയോടായിരുന്നു ദേഷ്യം. കാരണം പ്രിയ പറഞ്ഞിട്ടാണ് ഞാന്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്നതെന്ന തെറ്റിധാരണ ലാലുവിന് ഉണ്ടായിരുന്നു.

ആ സമയത്താണ് ഞങ്ങള്‍ ഒരു വേളാങ്കണ്ണി ട്രിപ്പ് പ്ലാന്‍ ചെയ്യുന്നത്. ഞാനും ബെന്നി.പി നായരമ്പലത്തിന്റെ കുടുംബവും, ആന്‍റോ ജോസഫിന്റെ കുടുംബവും ചേര്‍ന്നുള്ള ഒരു യാത്ര. ആന്റോ ജോസഫിനും കുടുംബത്തിനും വരാന്‍ കഴിയാതിരുന്നതിനാല്‍ ആ ഒഴിവിലേക്ക് ലാല്‍ ജോസും കുടുംബവും വന്നു. അങ്ങനെയാണ് ഞങ്ങള്‍ കൂടുതല്‍ അടുക്കുന്നതും ‘ക്ലാസ്മേറ്റ്സ്’ എനിക്ക് ചെയ്യാന്‍ കഴിയാതിരുന്നതിലെ കാര്യം ലാല്‍ ജോസിനു മനസിലാക്കി കൊടുക്കുന്നതും’.കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.