ഇന്ത്യയിൽ ഇതുവരെ കൊറോണ പിടിച്ച് മരിച്ചത് 523 ഡോക്ടര്‍മാര്‍

ഇന്ത്യയിൽ ഇതുവരെ കൊറോണ ബാധിച്ച് 523 ഡോക്ടര്‍മാര്‍ മരിച്ചെന്നു റിപ്പോർട്ട്, ഐ.എം.എ. നടത്തിയ സര്‍വേ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്, മരിച്ചവരില്‍ 300 പേര്‍ ജനറല്‍ വിഭാഗത്തിലുള്ളവരും 223 പേര്‍ വിദഗ്ധ ഡോക്ടര്‍മാരുമാണ്. 498 പേര്‍ പുരുഷന്മാരും 25 പേര്‍ സ്ത്രീകളുമാണ്. കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ മരിച്ചത് തമിഴ്നാട്ടിലാണ്. 79 പേരാണ് ഇവിടെ മരിച്ചത്. ആന്ധ്രയില്‍ 60, കര്‍ണാടക 57, ഗുജറാത്ത് 47, മഹാരാഷ്ട്ര 46, വെസ്റ്റ് ബംഗാള്‍ 36, ഉത്തര്‍ പ്രദേശ് 33 എന്നിങ്ങനെയാണ് റിപ്പോർട്ട്.
ഗ്രാമപ്രദേശങ്ങളിലും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലും ജോലിചെയ്യുന്ന ഡോക്ടര്‍മാരാണ് കോവിഡ് ബാധിച്ച് മരിക്കുന്നവരില്‍ ഏറെയും.മരിച്ചവരില്‍ ഏറെയും കോവിഡ് ഇതര രോഗികളെ ചികിത്സിക്കുന്നവരാണ്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ സ്വീകരിക്കുന്ന തരത്തിലുള്ള മുന്‍കരുതലുകള്‍ ഈ ഡോക്ടര്‍മാര്‍ എടുക്കേണ്ടതുണ്ട്. ഇവിടങ്ങളില്‍ പലപ്പോഴും അത് സാധിക്കാത്തതും മരണനിരക്ക് കൂടാന്‍ കാരണമായെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ് പറഞ്ഞു.
കേരളം, ജമ്മു കശ്മീര്‍, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മരണനിരക്ക് കുറവാണ്. ഗോവയില്‍ മൂന്നും കേരളം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ഓരോ ഡോക്ടര്‍മാരുമാണ് കോവിഡ് കാരണം മരിച്ചത്.കോവിഡ് ബാധിച്ച് മരിച്ചവരില്‍ 204 പേരും 60നും 70നും ഇടയില്‍ പ്രായമുള്ളവരാണ്. 173 പേര്‍ 50നും 60നും ഇടയില്‍ പ്രായമുള്ളവരും 64 പേര്‍ എഴുപത് വയസ്സിനുമുകളില്‍ പ്രായമുള്ളവരുമാണ്.
ഐ.എം.എ.യുടെ സംരംഭമായ ഐ സേഫ് മോഡല്‍ നെറ്റ് വര്‍ക്കാണ് കേരളത്തെ തുണച്ചത്. രോഗപ്രതിരോധത്തിനും സ്വയംസുരക്ഷയ്ക്കും സ്വകാര്യ ആശുപത്രികളെ സജ്ജമാക്കുകയും ആരോഗ്യപ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നതുമാണ് ഈ പദ്ധതി. ഈ പദ്ധതി നടപ്പാക്കിയ സ്ഥാപനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.