രാജ്യത്തെ മുൾമുനയിൽ നിർത്തി കർണാടകയിൽ നിന്നും കോവിഡ് രോഗികളുടെ ഒളിച്ചോട്ടം

കൊവിഡ് 19 ന്‍റെ രണ്ടാം വ്യാപനം അതിരൂക്ഷമായ കര്‍ണ്ണാടകയില്‍ കഴിഞ്ഞ ദിവസം 40,000 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ ഭീതിയുയര്‍ത്തിയ മറ്റൊരു വാര്‍ത്തയെത്തുന്നു. കര്‍ണ്ണാടകയില്‍ കൊവിഡിന്‍റെ രണ്ടാം തരംഗത്തിനിടെ രോഗബാധിതരായ ഏതാണ്ട് മൂവായിരത്തോളം പേര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തെന്നും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് റവന്യൂ മന്ത്രി ആര്‍ അശോകയാണ് അറിയിച്ചത്. ഇവരെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കാണാതായവരോട് ഹെൽപ്പ് ലൈനുകളിൽ റിപ്പോർട്ട് ചെയ്യണമെന്നും പിന്നീട് മറ്റ് മെഡിക്കൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഡോക്ടർമാരുമായി ബന്ധപ്പെടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ബിബിഎംപിയിലെ ദസരഹള്ളി സോണിലെ ബാഗലഗുണ്ടിലെ കോവിഡ് കെയർ സെന്‍റർ രോഗം സ്ഥിരികരീച്ച രോഗികളാണ് കാണാതായവരിലേറെയും. കോവിഡ് -19 ന് പോസിറ്റീവ് ആയവരിൽ ഭൂരിഭാഗവും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് ബെംഗളൂരു വിട്ടെന്നാണ് മന്ത്രി തന്നെ അറിയിച്ചത്.
അത്തരത്തിലുള്ള രണ്ടായിരം മുതല്‍ മൂവായിരത്തോളം പേരെ ബെംഗളൂരുവിൽ കാണാതാവുകയും വൈറസിന്‍റെ സൂപ്പർ സ്പ്രെഡറുകളായി ഇവര്‍ മാറാന്‍ സാധ്യതയുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. കോവിഡ് കർഫ്യൂ നടപ്പാക്കുന്നതിനിടയിൽ, കാണാതായ ഈ ആളുകളെ കണ്ടെത്താൻ പൊലീസിനെ ചുമതലപ്പെടുത്തി.
പരിശോധനയ്ക്കിടെ നൽകിയ വിലാസത്തിൽ ആളുകളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അവർ എവിടെ പോയി എന്ന് ഞങ്ങൾക്ക് അറിയില്ലെന്നുമാണ് മന്ത്രി ആര്‍ അശോക പറഞ്ഞത്. സർക്കാർ സൌജന്യ മരുന്ന് നൽകുന്നുണ്ടെന്നും ഏതെങ്കിലും വ്യക്തിക്ക് പോസിറ്റീവ് ആയാൽ രോഗിക്ക് പ്രാഥമിക ഘട്ടത്തിൽ തന്നെ അവ എടുക്കാമെന്നും 90 ശതമാനം കേസുകളും ഗുരുതരമായ അവസ്ഥകളില്ലാതെ സുഖം പ്രാപിക്കുമെന്നും മന്ത്രി പറഞ്ഞു.
പോസിറ്റീവ് റിപ്പോർട്ട് ലഭിച്ചയുടനെ ഈ ആളുകൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്യുകയും പിന്നീട് ശ്വസന പ്രശ്നങ്ങൾ അനുഭവപ്പെടുമ്പോള്‍ അവർ ഐസിയു കിടക്കയ്ക്കായി ആശുപത്രികളിലെത്തുന്നു. ബെംഗളൂരുവിൽ സംഭവിക്കുന്നത് ഇതാണെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ബെംഗളൂരുവില്‍ കുറഞ്ഞത് 2,000 മുതൽ 3,000 വരെ ആളുകൾ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് വീട് വിട്ടിട്ടുണ്ട് എന്നാണ് മന്ത്രി പറയുന്നത് .
കഴിഞ്ഞ് ചൊവ്വാഴ്ച രാത്രി മുതൽ കൊവിഡ് കേസുകളിലുണ്ടായ ഭീമായ വര്‍ദ്ധനവിനെ തുടര്‍ന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ 14 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് രോഗം സ്ഥിരീകരിച്ചവരെ കാണാതായത്.