Local News

വാരിയെല്ലുകൾ പൊട്ടി, ശരീരത്തിൽ മുഴുവൻ നാല്പതോളം മുറിവുകൾ !! തൃശ്ശൂരിൽ റിമാന്‍ഡിലിരിക്കേ കഞ്ചാവ് കേസ് പ്രതിക്ക് ദാരുണ അന്ത്യം

റിമാന്‍ഡിലിരിക്കേ കഞ്ചാവ് കേസിലെ പ്രതി മരിച്ചത് ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന്. മര്‍ദ്ദനത്തില്‍ തലക്കേറ്റ ക്ഷതവും ശരീരത്തിലേറ്റ മുറിവുമാണ് മരണകാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ നാല്‍പ്പതിലേറെ മുറിവുകളാണ് ഏറ്റതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഷെമീറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പോലീസിന് കൈമാറും.

കഴിഞ്ഞ മാസമാണ് തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്റ് പരിസരത്തു നിന്നും തിരുവനന്തപുരം സ്വദേശിയായ ഷെമീറിനെയും ഭാര്യയേയും മറ്റ് രണ്ട് പേരെയും പിടികൂടിയത്. തുടര്‍ന്ന് ഇവരെ അമ്ബിളിക്കല കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റി. എന്നാല്‍ അപസ്മാരത്തെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ ഇയാളെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നും ഷെമീര്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചെന്നാണ് ദൃക്ഷി സാക്ഷികള്‍ പറയുന്നത്.

പിന്നീട് ഇയാളെ വീണ്ടും കൊറോണ സെന്ററിലേക്ക് മാറ്റി. അന്നേ ദിവസം അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് ഷെമീറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കേ പിറ്റേ ദിവസം പുലര്‍ച്ചെ ഷെമീര്‍ മരിച്ചു. കൊറോണ കെയര്‍ സെന്ററില്‍വെച്ചും ഷെമീറിനെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് മൊഴി.

ഷെമീറിന്റെ ശരീരത്തില്‍ വടി കൊണ്ടുള്ള അടിയേറ്റ പാടുകളുണ്ട്. ദേഹം മുഴുവന്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. വാരിയെല്ലുകളിലും നെഞ്ചിലെ എല്ലുകളിലും പൊട്ടലുണ്ട്. ശരീരത്തിന്റെ പിന്‍ഭാഗത്ത് രക്തം വാര്‍ന്ന് പോയിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നു.

Back to top button