Film News

“ജ്യേഷ്ഠസഹോദരനെപ്പോലെ ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ എനിക്ക്” വികാരാധീനനായി മോഹൻലാൽ

നടനും അതുല്യകലാകാരനുമായ നെടുമുടി വേണുവിന്റെ നിയോഗം മലയാള സിനിമക്ക് നികത്താനാവാത്ത ഒരു നഷ്‌ടം കൂടി സമ്മാനിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെന്നും ഇതിനു പിന്നാലെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മറ്റുചില ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ചലച്ചിത്രരംഗത്തെ വിവിധ മേഖലകളില്‍ തിളങ്ങിയ അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. നാടന്‍ പാട്ടിലും കഥകളിയിലും നാടകത്തിലും മൃദംഗത്തിലും കഴിവുതെളിയിച്ച കലാകാരന്‍. മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 2003ല്‍ പ്രത്യേക പുരസ്‌കാരവും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് രണ്ടുവട്ടം നേടി (1981, 2003). ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമല്‍ ഹാസന്റെ ‘ഇന്ത്യന്‍ 2’ ലും അദ്ദേഹം വേഷമിടും എന്ന് വാര്‍ത്ത വന്നിരുന്നു. തിയേറ്റര്‍ റിലീസ് പ്രതീക്ഷിക്കുന്ന ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

എണ്ണമില്ലാത്ത ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ച ഒരു കൂട്ടുകെട്ടായിരുന്നു മോഹൻലാൽ – നെടുമുടി വേണുവിന്റേത്. അച്ഛനായും കൂട്ടുകാരനായും ചേട്ടനായും വില്ലനായുമെല്ലാം വേണുച്ചേട്ടൻ മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ആറാട്ട്, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയാണ് തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുന്ന ഈ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ അവസാനചിത്രങ്ങൾ. മണിച്ചിത്രത്താഴ്, ഒപ്പം, ചിത്രം, സ്ഫടികം, ബാലേട്ടൻ, ദേവാസുരം, തേന്മാവിൻ കൊമ്പത്ത്, കാക്കക്കുയിൽ, വന്ദനം, ഹിസ് ഹൈനസ് അബ്ദുള്ള, ഓർക്കാപ്പുറത്ത് എന്നിങ്ങനെ അതൊരു വലിയ ലിസ്റ്റാണ്. ജ്യേഷ്ഠസഹോദരനെ പോലെ വാത്സല്യം നിറഞ്ഞ പ്രിയ സഹപ്രവർത്തകന്റെ വേർപാടിൽ മോഹൻലാൽ പങ്ക് വെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

 

അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിൻ്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിൻ്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് . വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും. ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ എനിക്ക്. എത്ര സിനിമകളിൽ ഒന്നിച്ചു ഞങ്ങൾ. മലയാളം നെഞ്ചോടുചേർത്ത എത്ര വൈകാരിക സന്ദർഭങ്ങൾ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങൾക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എൻ്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നൽകാൻ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിൻ്റെ സ്നേഹച്ചൂട് ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല.

 

Back to top button