Film News

വളരെ പ്രമുഖനായ ഈ മിമിക്രി താരം ആരാണെന്ന് മനസ്സിലായോ ?

ചലച്ചിത്ര താരങ്ങളുടെ ചെറുപ്പകാല ചിത്രങ്ങള്‍ എന്നും  ആരാധകര്‍ക്ക് ഒരു കൗതുകമാണ്. പഴയകാലത്തെ ഓര്‍മപ്പെടുത്തുന്ന ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാന്‍ താരങ്ങളും മടിക്കാറില്ല. ഇപ്പോഴിതാ, നടനും നിര്‍മാതാവും രാഷ്ട്രീയ പ്രവര്‍ത്തകനുമൊക്കെയായ മുകേഷിന്റെ യൗവ്വനകാലത്തു നിന്നുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്. കൗമാരക്കാലത്ത് നിന്നുള്ള ഒരു ചിത്രം അടുത്തിടെ മുകേഷും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. താരത്തിനൊപ്പം സഹോദരി സന്ധ്യയേയും ചിത്രത്തില്‍ കാണാം.

mukesh.sis
mukesh.sis

നാടകകുടുംബത്തില്‍ നിന്നുമാണ് മുകേഷിന്റെ വരവ്. പ്രശസ്ത നാടക നടനും നാടകസം‌വിധായകനുമായ ഒ.മാധവന്റെ മകനായ മുകേഷ് വളരെ ചെറുപ്പത്തില്‍ തന്നെ അഭിനയരംഗത്ത് എത്തിച്ചേര്‍ന്ന താരമാണ്. മുകേഷിന്റെ അമ്മ വിജയകുമാരിയും നാടക അഭിനേത്രിയായിരുന്നു. കേരളസംസ്ഥാന നാടകനടിക്കുളള അവാര്‍ഡും വിജയകുമാരി സ്വന്തമാക്കിയിട്ടുണ്ട്. മുകേഷിന്റെ സഹോദരി സന്ധ്യയും ഭര്‍ത്താവ് ഇ എ രാജേന്ദ്രനും നാടകരംഗത്തു തന്നെ പ്രവര്‍ത്തിച്ചിരുന്നവരാണ്. രണ്ടുപേരും സിനിമകളിലും സജീവമാണ്.

Mukesh
Mukesh

നാടകം തന്നെയായിരുന്നു മുകേഷിന്റെയും ആദ്യ തട്ടകം. 1982-ല്‍ പുറത്തിറങ്ങിയ ‘ബലൂണ്‍’ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മുത്താരംകുന്ന് പിഒ, പൊന്നും കുടത്തിന് പൊട്ട്, അക്കരെ നിന്നൊരു മാരന്‍, ബോയിംഗ് ബോയിംഗ്, ഓടരുതമ്മാവാ ആളറിയാം തുടങ്ങി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളില്‍ മുകേഷ് വേഷമിട്ടു. എന്നാല്‍ 1989ല്‍ റിലീസിനെത്തിയ സിദ്ദിഖ് ലാല്‍ ചിത്രം ‘റാംജി റാവു സ്പീക്കിംഗ്’ ആണ് മുകേഷിന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രം. ഈ ചിത്രത്തോടെ താരമൂല്യമേറെയുള്ള നടനായി മുകേഷ് മാറി. പിന്നീട് അങ്ങോട്ട് മലയാളസിനിമയുടെ അവിഭാജ്യഘടകമായി മാറിയ മുകേഷിനെയാണ് മലയാളികള്‍ കണ്ടത്.

Back to top button