ദൃശ്യം 3 ജീത്തുവിന്റെ മനസിലുണ്ട്, ആന്റണി പെരുമ്പാവൂരിന്റെ വെളിപ്പെടുത്തൽ!

ദൃശ്യം മലയാള സിനിമക്ക് സമ്മാനിച്ച വിസ്മയത്തിന്റെ ആവർത്തനമായി ദൃശ്യം 2 എത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ് എവിടെ നിന്നും ഉയരുന്നത്. സൂക്ഷ്മമായ തിരക്കഥയും മോഹൻലാലിന്റെ അഭിനയവുമാണ് ദൃശ്യം 2–നെ മികച്ചതാക്കുന്നതെന്നാണ് വിലയിരുത്തൽ. ഒടിടി പ്ലാറ്റ്ഫോമിലെ റിലീസ് എന്നതായിരുന്നു ഒരു ആശങ്ക. എന്നാൽ ആശങ്കകൾ അസ്ഥാനത്താക്കി മികച്ച അഭിപ്രായം എങ്ങുനിന്നും കേൾക്കുന്ന സന്തോഷത്തിലാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. ആ സന്തോഷം ആന്റണി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുന്നു.
ആദ്യ ദിനം തന്നെ മികച്ച അഭിപ്രായങ്ങൾ; എന്തുതോന്നുന്നു..? ദൃശ്യം എന്ന് പറയുന്ന സിനിമ വന്നപ്പോഴാണ് മലയാള സിനിമയുടെ ചലനം വേറൊരു തലത്തിലേക്ക് മാറിയത്. അതിനു ശേഷം മലയാളത്തിൽ ഒരുപാട് സിനിമകളുടെ വിജയം സംഭവിച്ചിട്ടുണ്ട്. അപ്പോൾ അതിന്റെയൊരു രണ്ടാം ഭാഗം വരുമ്പോൾ വളരെ സൂക്ഷിക്കുകയും ശ്രദ്ധിക്കുകയും വേണം.
ദൃശ്യം 3 ഉണ്ടാകുമോ..?
ദൃശ്യം 3 സിനിമ ജീത്തുവിന്റെ മനസ്സിലുണ്ട്. അത് അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് മനസ്സിലായതാണ്. അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാൽ സാറും ജീത്തുവും അതേപ്പറ്റി സംസാരിക്കുന്നുണ്ട്. ദൃശ്യം 3 ഞങ്ങളെല്ലാം ആഗ്രഹിക്കുന്നു. ദൃശ്യം 2 –ന് എല്ലാ ഭാഷയിലും റിമേക്ക് ഉണ്ടാകം. തിയറ്ററിൽ റിലീസാകാത്തതിൽ നിരാശയുണ്ട്. സിനിമ തിയറ്ററിൽ തന്നെ പ്രദർശിപ്പിക്കണമെന്ന് ആഗ്രഹമുള്ള ആളാണ് ഞാൻ. പക്ഷേ ഇത് പ്രത്യേക കാലഘട്ടമാണ്. നിലനിൽപ്പിന്റെ ഭാഗമായാണ് ഒടിടി റിലീസ് ചെയ്തത് .
എന്നാൽ മോഹൻലാലിൻറെ വരാൻ പോകുന്ന മറ്റ് ചിത്രങ്ങൾ..? മോഹൻലാൽ സർ സംവിധം ചെയ്യുന്ന ‘ബാറോസ്’ സിനിമയുടെ ഷൂട്ടിംഗ് ഉടനെ തന്നെ തുടങ്ങും. ആ സിനിമയിലേക്കാണ് ലാൽ സർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മരക്കാർ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ആശിർവാദിന്റെ ബാനറിൽ ഇനി വരാൻ പോകുന്ന ചിത്രങ്ങൾ ബാറോസ്, എമ്പുരാൻ, അമ്മ സംഘടനയ്ക്ക് വേണ്ടി ചെയ്യുന്ന ചിത്രം എന്നിവയാണ്.