റിക്കോര്‍ഡ് തുകയ്ക്കാണ് ദുല്‍ഖറിന്റെ “കുറുപ്പ്’ ഒടിടി റിലീസിന് ഒരുങ്ങുന്നത്

യുവപ്രേഷകരുടെ ഏറ്റവും പ്രിയങ്കരനായ നടൻ ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ബിഗ്ബജറ്റ് ചിത്രം കുറുപ്പ് റിക്കാര്‍ഡ് തുകയ്ക്ക് ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വമ്പൻ ഓഫറുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം തീയറ്ററുടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിലെ തീയറ്ററുകള്‍ അടുത്ത വര്‍ഷം വിഷു സീസണിലേ തുറക്കുകയുള്ളൂ എന്ന തീരുമാനമായതാണ് കുറുപ്പിന്റെ ഒടിടി റിലീസിന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. താരത്തിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്ടെയ്ന്മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. കേരളിനു പുറത്തും അഹമ്മദാബാദ്, മുംബൈ, മംഗളൂരു, മൈസൂരു, ദുബായ് എന്നിവിടങ്ങളിലുമായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങള്‍ പൂര്‍ണമായും ഷൂട്ടിംഗിനായി ചിലവഴിച്ചു. നിലവില്‍ ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികള്‍ പൂര്‍ത്തിയായി.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് കുറുപ്പ് ഒരുക്കിയത്. ദുല്‍ഖര്‍ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കന്‍ഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. ജിതിന് കെ. ജോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന് ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.