Technology News

വൈദ്യുത ബില്‍ കൂടിയോ; കാരണമിതാണ് ?

മാറ്റമില്ലാത്ത ശമ്പളവും ഓരോ തവണയും കൂടിക്കൂടി വരുന്ന വീട്ടുചെലവുകളും. ഒരു ശരാശരി കുടുംബനാഥനെ സംബന്ധിച്ച് ഏറ്റവും പിരിമുറക്കം അനുഭവിക്കുന്ന വിഷയങ്ങളിലൊന്നാണിത്. മുമ്പ് ഇതിലും കുറഞ്ഞ ശമ്പളത്തില്‍ ഇതിലും മികച്ചരീതിയില്‍ കുടുംബം നോക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ഇന്ന് എന്തുകൊണ്ടാണ് ചെലവ് ഇത്രയേറെ കൂടുന്നത് എന്ന് ഓരോ മാസവും നമ്മള്‍ സ്വയം ചോദിച്ചു പോകാറുണ്ട്.

നിസ്സാരമായി പലപ്പോഴും പുച്ഛിച്ചുതള്ളുന്ന വീട്ടുഭരണം ചില്ലറക്കാര്യമല്ല. ടൈം മാനേജ്‌മെന്റ് പോലെ അറിഞ്ഞിരിക്കേണ്ട അല്ലെങ്കില്‍ നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട ഒരു വകുപ്പാണ് വീട്ടുകാര്യം. മാസത്തിലും കിട്ടുന്ന വലിയ ബില്ലുകളെ ലഘൂകരിക്കാന്‍ വീട്ടിലെ ഒരംഗത്തിന് മാത്രം സാധിക്കുന്ന കാര്യമല്ല. കൂട്ടായ തീരുമാനത്തിലൂടെ ഇത്തരം മാസവാടകകളെ കുറച്ചുകൊണ്ടുവരാന്‍ സാധിക്കുന്നതാണ്.

ചെലവ് വരുത്തുന്ന കാര്യങ്ങള്‍ എന്തെന്ന് കണ്ടെത്തി അതിനെ പൂര്‍ണ്ണമായും ഒഴിവാക്കി പ്രശ്‌നം പരിഹരിക്കാന്‍ വലിയ മികവ് ആവശ്യമില്ല. എന്നാല്‍ വെള്ളം, വൈദ്യുതി, ഗ്യാസ് പോലുള്ള വീട്ടുചെലവുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ സാധ്യമല്ല. അപ്പോഴോ? കുറച്ചു കൊണ്ടുവരാനേ സാധിക്കൂ.എങ്ങനെ ഇത്തരം ചെലവുകളെ കുറച്ചുകൊണ്ടുവരാന്‍ സാധിക്കും? വീട്ടിലെ ഓരോ ആവശ്യങ്ങള്‍ക്കും വൈദ്യുതി ഉപകരണങ്ങളെ ആശ്രയിക്കാതിരിക്കുക. ഓരോന്നിലും ചെറിയ തോതിലുള്ള വിനിയോഗമാറ്റം വരുത്തിയാല്‍ മതിയാകും ഒരു വലിയ തുക തന്നെ നിങ്ങള്‍ക്ക് ആ മാസം മിച്ചം പിടിക്കാന്‍ പറ്റിയെന്നും വരാം. നോക്കാം അതെങ്ങനെയെല്ലാമെന്ന്.

വൈദ്യുതി ബില്‍ കുറക്കാന്‍ ആദ്യം ചെയ്യേണ്ടത് ഉപയോഗത്തിലില്ലാത്ത സമയത്ത് ഇലക്ട്രിക് ഉപകരണങ്ങളുടെ സ്വിച്ച് ഓഫ് ചെയ്യുകയും പ്ലഗ് പോയിന്റില്‍ നിന്നും പ്ലഗ് വേര്‍പ്പെടുത്തിവെക്കുകയും ചെയ്യുക എന്നതുമാണ്. ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന മാര്‍ഗ്ഗമാണിത്. ഇനി ഇത് ചെയ്തതുകൊണ്ടുള്ള ഗുണം എന്താണെന്നും പറയാം. പൊതുവെ കമ്പ്യൂട്ടര്‍, ടെലിവിഷന്‍ എന്നിവ ഉപയോഗം കഴിഞ്ഞാലും അവയുടെ പവര്‍ ബട്ടണ്‍/സ്വിച്ച് ഓഫ് ചെയ്ത ശേഷം നമ്മള്‍ എഴുന്നേറ്റ് പോവുകയാണ് ചെയ്തുവരാറുള്ളത്.എന്നാല്‍ അത് തെറ്റായ രീതിയാണ് കാരണം പവര്‍ പ്ലഗ് കണക്റ്റായി നില്‍ക്കുമ്പോള്‍ സ്വിച്ച് ഓണ്‍ ആയിരുന്നാല്‍ വൈദ്യുതി പ്രവാഹം അഥവാ ഉപഭോഗം നടക്കുന്നുണ്ട്. മിക്ക വീടുകളിലും വൈദ്യുതി നഷ്ടമാകുന്ന ഒരു കാരണം ഇതാണ്. ഉപകരണത്തിന്റെ ബട്ടണ്‍ ഓഫായാല്‍ വൈദ്യുതി പ്രവാഹം പൂര്‍ണ്ണമായി നിലച്ചു എന്ന ധാരണകൊണ്ടാണ് നമ്മള്‍ അങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇനി അങ്ങനെ ചെയ്യരുത്. സ്വിച്ച് ഓഫ് ചെയ്ത് പ്ലഗ് മാറ്റിയിടുന്നതാണ് ഉചിതം.

കാലാവസ്ഥയ്ക്കിണങ്ങുന്ന വസ്ത്രങ്ങളണിയാം: തണുപ്പുകൂടിയ സമയങ്ങളില്‍ വീടിനകത്ത് ഹീറ്റര്‍ ഓണ്‍ ചെയ്തിടുന്നതിന് പകരം ശരീരത്തിന് ചൂട് പകരുന്ന വസ്ത്രങ്ങള്‍ അണിയാം. ഹീറ്ററുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ പോലും വാതിലുകളും ജനലുകളും അടച്ചിട്ട ശേഷം മാത്രം ഹീറ്റര്‍ ഓണ്‍ ചെയ്താല്‍ മതി.വാതിലിനും ജനലിനും ഇടയിലുള്ള വിള്ളലുകളും മറ്റും കണ്ടെത്തി അതും പരിഹരിച്ച് വേണം ഹീറ്റര്‍ ഓണ്‍ ചെയ്യാന്‍. മുറിക്ക് ആവശ്യമായ ചൂട് ലഭിച്ചുതുടങ്ങിയാല്‍ ഹീറ്റര്‍ ഓഫ് ചെയ്തിടാം. രാത്രികാലങ്ങളില്‍ കട്ടിയുള്ള കര്‍ട്ടനുകളുപയോഗിച്ച് അടച്ചിട്ട ജനലുകള്‍ മറക്കുന്നതും മുറിക്കുള്ളില്‍ ചൂടുണ്ടാകാന്‍ സഹായിക്കും.

Back to top button