അല്ലു അർജുന്റെ നായകനാകാൻ ഒരുങ്ങി ഫഹദ് ഫാസിൽ

ടോളിവുഡിലേക്ക് അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് ഫഹദ് ഫാസിൽ. ഈ അരങ്ങേറ്റത്തിനു വേണ്ടി ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്നത് മലയാളികൾ ആണെന്ന് നിസംശയം പറയാം. വാർത്ത പുറത്തു വന്നത് മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ച ഇപ്പോഴും തുടരുകയാണ്. ഒരു സാധാരണ വില്ലൻ റോൾ അല്ല ചിത്രത്തിൽ ഫഹദിൻ്റെത് എന്നത് വ്യക്തമാണ്. മലയാള സിനിമകൾ സ്ഥിരമായി പിന്തുടരുന്ന ഒരു വലിയ വിഭാഗം തെലുഗു ആരാധകർക്കും സുപരിചിതനാണ് ഫഹദ് ഫാസിൽ. തെലുഗു സിനിമ പേജുകളിലെ കമൻറുകളിൽ നിന്ന് ഇത് വ്യക്തമാണ്. എന്തായിരിക്കാം ചിത്രത്തിൻറെ സംവിധായകനായ സുകുമാർ ഫഹദിനെ ഈ വേഷത്തിലേക്ക് തിരഞ്ഞെടുക്കാൻ കാരണമെന്ന ചർച്ചകളിലാണ് ആരാധകർ ഇപ്പോൾ. പ്രത്യക്ഷമായി ഇതിൻറെ കാരണം സംവിധായകൻ പറഞ്ഞിട്ടില്ലെങ്കിലും പരോക്ഷമായി അത് വ്യക്തമാണ്.
ഫഹദിൻറെ പ്രകടനത്തെക്കുറിച്ച് ആർക്കും മറ്റൊരു അഭിപ്രായം ഉണ്ടാകാനിടയില്ല. ഒരു പവർഹൗസ് പെർഫോമർ ആണ് താരം. മുഖ ഭാവങ്ങൾ മാത്രമല്ല, മറിച്ച് തൻറെ കഥാപാത്രങ്ങളുടെ കൂടെ അതിൻറെ മുഴുവനായുള്ള പ്രഭാവലയം തീർക്കാൻ എപ്പോഴും ഫഹദിനെ സാധിക്കാറുണ്ട്. പുഷ്പയിലെ കഥാപാത്രം അത് ആവശ്യപ്പെടുന്നുമുണ്ട്.
അത്ര തീവ്രമായ കഥാപാത്രം ആയിരിക്കുന്നതിനാൽ ആവണം ഫഹദിൻറെ സേവനം ചിത്രത്തിന് സംവിധായകൻ ഉപയോഗപ്പെടുത്തുന്നത്. കൂടാതെ പല ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിൽ, മറ്റൊരു ഭാഷയിലെ പ്രമുഖ താരം, അതും ഈ രാജ്യത്തിലെ തന്നെ മികച്ച നടന്മാരിൽ ഒരാൾ ചെയ്യുമ്പോൾ പ്രസക്തി വർധിക്കുകയാണ്. അതൊക്കെ കൊണ്ടു തന്നെ സ്ഥിരം തെലുങ്കു സിനിമയിലെ അടികൊള്ളാൻ ഉള്ള വില്ലൻ ആയിരിക്കില്ല ഫഹദ് എന്നുറപ്പാണ്. ചിത്രത്തിലെ ഫഹദിൻറെ സീനുകൾ ഷൂട്ട് ചെയ്യാൻ തുടങ്ങുന്നതേയുള്ളൂ. അടുത്ത മാസം തന്നെ ഇതിൻ്റെ ചിത്രീകരണം തുടങ്ങുമെന്നാണ് സൂചന. എന്തായാലും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.