തുടര്‍ച്ചയായി ഫഹദിന്റെ ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് ഫിയോക്

ഫഹദ് ഫാസിലിനെതിരെ മുന്നറിയിപ്പുമായി ഫിയോക്ക്. ഒടിടി റിലീസുമായി ബന്ധപ്പെട്ടാണ് ഫിയോക്ക് ഫഹദിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. തുടര്‍ച്ചയായി ഫഹദിന്റെ ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യുന്നതിനെ ചോദ്യം ചെയ്തു കൊണ്ടാണ് ഫിയോക്ക് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.
കൂടാതെ ഇനിയും ഒടിടി റിലീസുകളോട് സഹകരിക്കുകയാണെങ്കില്‍ ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ തീയേറ്റര്‍ കാണില്ലെന്നും ഫിയോക്ക് അറിയിച്ചിട്ടുണ്ട്. പുതിയ ഫിയോക് സമതിയുടെ ആദ്യ യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഫഹദിന്റെ പുതിയ ചിത്രമായ മാലിക്ക് അടക്കം theatre റിലീസ് കാത്തു നില്‍ക്കുകയാണ്. എന്നാല്‍ ഒടിടി റിലീസുകളുമായി സഹകരിച്ചാല്‍ മാലിക്കിന്റെ റിലീസ് അടക്കം തടയുമെന്നാണ് ഫിയോക്ക് പറയുന്നത്.
അതേസമയം വിഷയവുമായി ബന്ധപ്പെട്ട് സംവിധായന്‍ ബി ഉണ്ണികൃഷ്ണനും ഫഹദുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘടനയുടെ തീരുമാനം അറിയിക്കുകയും ഒരു നിലപാട് സ്വീകരിക്കണമെന്നും ഇദ്ദേഹം ഫഹദിനോട് പറയുകയും ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഒടിടി ചിത്രങ്ങള്‍ മാത്രമായി അഭിനയിക്കുകയില്ല എന്ന ഉറപ്പ് ഫഹദ് നല്‍കിയെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സംഭവത്തില്‍ പരസ്യ പ്രതികരണത്തിന് ഫഹദ് ഫാസില്‍ ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തിയ ജോജി റിലീസ് ചെയ്തത്. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ജോജിയുടെ റിലീസ്. ദിലീഷ് പോത്തനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന് വന്‍ പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. കേരളത്തിന് പുറത്തും ചിത്രം ചര്‍ച്ചയായിരിക്കുകയാണ്.
ജോജിയ്ക്ക് മുമ്പ് സൗബിന്‍ ഷാഹിര്‍, ദര്‍ശന എന്നിവര്‍ക്കൊപ്പം ഫഹദ് പ്രധാന വേഷത്തിലെത്തിയ ഇരുളും റിലീസ് ചെയ്തത് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു. നെറ്റ്ഫ്‌ളിക്‌സിലൂടെയായിരുന്നു ഇരുള്‍ റിലീസ് ചെയ്തത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് നിരവധി സിനിമകള്‍ ഇത്തരത്തില്‍ ഒടിടികളിലൂടെ റിലീസ് ചെയ്തിരുന്നു. തീയേറ്ററുകള്‍ അടഞ്ഞു കിടന്നതായിരുന്നു കാരണം. തീയേറ്ററുകള്‍ വീണ്ടും തുറന്നതിന് ശേഷവും ചില സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തിരുന്നു.