പ്രധാനപ്പെട്ട രേഖകൾ സൂക്ഷിച്ച് വയ്ക്കണോ? ഗൂഗിൾ സ്റ്റാക്ക് ആപ്പ് എത്തി..

പണം തിരികെ ലഭിക്കാൻ നിങ്ങൾ അപേക്ഷിക്കേണ്ട ഒരു ബിൽ എപ്പോഴെങ്കിലും കാണാതെ പോയിട്ടുണ്ടോ? അല്ലെങ്കിൽ പ്രധാനപ്പെട്ട ഒരു ആദായ നികുതി രേഖ വീട്ടിൽ എവിടെയോ വച്ചതിന് ശേഷം ഇപ്പോൾ തപ്പി നടക്കുകയാണോ? അതുമല്ലെങ്കിൽ നിങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രധാനപ്പെട്ട രേഖ ഓൺലൈൻ ആയി സൂക്ഷിച്ച വയ്ക്കാൻ ഒരിടം തേടുകയാണോ? എല്ലാത്തിനും പരിഹാരമായി ഗൂഗിൾ സ്റ്റാക്ക് . ഉപഭോക്താക്കൾക്ക് തങ്ങളുടെ രേഖകൾ സുരക്ഷിതമായി ഓൺലൈനിൽ സൂക്ഷിക്കാനും എളുപ്പം തിരഞ്ഞെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കാനും സഹായിക്കുന്ന വിധത്തിലാണ് ഗൂഗിൾ സ്റ്റാക്കിന്റെ പ്രവർത്തന രീതി.
ഗൂഗിളിന്റെ പുത്തൻ ആപ്പുകൾ പരീക്ഷിച്ചു വിജയിപ്പിക്കുന്നതിൽ ശ്രദ്ധ പുലർത്തുന്ന ഏരിയ 120 വിഭാഗമാണ് ഗൂഗിൾ സ്റ്റാക്കിന് പിന്നിൽ. പ്രാരംഭ ഘട്ടം ആയതിനാൽ അമേരിക്കയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമേ ഇപ്പോൾ ആപ്പിന്റെ പ്രവർത്തനം ഉപയോഗപ്പെടുത്താൻ സാധിക്കൂ എങ്കിലും അധികം താമസമില്ലാതെ ലോകമെമ്പാടും ഉള്ള ഉപഭോക്താക്കൾക്ക് ഈ ആപ്പിന്റെ സേവനം ലഭ്യമാവും.
ഗൂഗിൾ സ്റ്റാക്ക് ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഏത് രേഖയുടെയും ഫോട്ടോ എടുക്കാൻ സാധിക്കും. ആപ് ഉടൻ തന്നെ ഈ രേഖ സ്കാൻ ചെയ്തു സൂക്ഷിക്കുകയും ചെയ്യും.. വാഹനവുമായി ബന്ധപ്പെട്ട രേഖകൾ, ബില്ലുകൾ, ഐഡികൾ, രസീതുകൾ എന്നിവ പോലുള്ളവ സൂക്ഷിക്കുമ്പോൾ ഉപയോക്താക്കൾക്ക് ഏത് വിഭാഗത്തിൽ സൂക്ഷിക്കണം എന്നത് സംബന്ധിച്ചും ആപ്പ് നിർദേശം നൽകും.
സ്കാൻ ചെയ്തു സൂക്ഷിക്കുന്ന രേഖകളിലെ പ്രധാനപ്പെട്ട ദിവസങ്ങൾ, ഉദാഹരണത്തിന് ഏതെങ്കിലും ബിൽ അടക്കാനുള്ള അവസാന ദിവസം, എന്നിവ ആപ്പ് പ്രത്യേകം പ്രദർശിപ്പിക്കും. അവസാന ദിവസം ആകാറായി എന്നുള്ള സൂചനയും ഇതുവഴി ലഭിക്കും. രേഖയിലെ ഓരോ കാര്യവും ആപ്പ് ഉപയോഗിച്ച് വ്യക്തമായി വായിക്കാം എന്നുള്ളതാണ് മറ്റൊരു സവിശേഷത.
ആപ്പിന്റെ സുരക്ഷയെ ഓർത്തും പേടിക്കേണ്ടതില്ല എന്ന് ഗൂഗിൾ അവകാശപ്പെടുന്നു. ടെക് ഭീമന്റെ അഡ്വാൻസ്ഡ് സെക്യൂരിറ്റി ആൻഡ് സൈൻ-ഇൻ ടെക്നോളജി ഉപയോഗപ്പെടുത്തിയാണ് ഗൂഗിൾ സ്റ്റാക്ക് പ്രവർത്തിക്കുന്നത്. അവസാനമായി ഉപഭോക്താക്കളുടെ രേഖകളുടെ ഒരു പകർപ്പ് സ്റ്റാക്ക് ആപ്പ് തന്നെ ഗൂഗിൾ ഡ്രൈവിൽ സൂക്ഷിക്കും. ആപ്പിൽ നിന്നും ഡിലീറ്റ് ചെയ്താലും പിന്നീട ആവശ്യമെങ്കിൽ രേഖകൾ ഡ്രൈവിൽ നിന്നും ഡൌൺലോഡ് ചെയ്യാനും സാധിക്കും.