ആ അവസ്ഥ ഓർക്കുമ്പോൾ തന്നെ ഭയം തോന്നുന്നു, എല്ലാവരും ഒരേ പോലെ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു

മലയാളീ കുടുംബപ്രേഷകരുടെ ഇഷ്ട്ട നടിയാണ് സീമ ജി നായർ. വളരെ ചുരുങ്ങിയ കാലയളവിൽ പ്രേഷകരുടെ മനസ്സിൽ സ്ഥാനം നേടിയ നടിയാണ് സീമ . എല്ലാവരെയും പോലെ തന്നെ കൊവിഡ് കാലം സീമയ്ക്കും ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഒരു വലിയ അതിജീവനകഥ തന്നെയാണ് നടിയുടെ ജീവിതം.
കൊവിഡ് പോസിറ്റീവായതിന് പിന്നാലെ നടന്ന സംഭവങ്ങൾ ഏറെ ഭീതിയോടെയാണ് നടി ഇന്നും ഓർമ്മിക്കുന്നത്. എണ്ണിയാലൊടുങ്ങാത്ത ഒരുപാടു പേരുടെ പ്രാർഥനയാണ് തന്നെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ട് വന്നതെന്ന് താരം പറയുന്നു. ഇപ്പോൾ ഇതാ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് കൊവിഡ് കാലത്ത് നേരിട്ട പ്രതിസന്ധികളെ കുറിച്ച് നടി വെളിപ്പെടുത്തിയത്.

കൊവിഡ് ലോകമെമ്പാടും പടർന്നു പിടിക്കുമ്പോൾ അതു വരാതിരിക്കാൻ എല്ലാവരെയും പോലെ പലതരത്തിലുള്ള മുൻകരുതലെടുത്തിരുന്നു. ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധകൊണ്ടാണോ രോഗപ്രതിരോധശേഷി കുറവായത് കൊണ്ടാണോ ഈ രോഗം കയറിപ്പിടിച്ചതെന്ന് എനിക്കറിയില്ല. സെപ്റ്റംബർ ഒൻപതോടെയാണ് ശരീരത്തിന് വയ്യായ്ക തോന്നിയത്. 14-ാം തീയതിയോടെ ആശുപത്രിയിൽ ചികിൽസ തേടി.
ആദ്യം രണ്ടുവട്ടം കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. അഡ്മിറ്റ് ആയതിനു ശേഷം നടത്തിയ ടെസ്റ്റിലാണ് സെപ്റ്റംബർ 16 ന് കൊവിഡാണെന്ന് സ്ഥിരീകരിച്ചത്.പിന്നെ നടന്ന സംഭവങ്ങളൊക്കെ ഓർക്കാൻ തന്നെ ഭയമായിരുന്നു. കൊവിഡിനൊപ്പം ഷുഗറും ന്യുമോണിയയും മൂർച്ഛിക്കുകയായിരുന്നു. അസുഖങ്ങളുടെ ഒരു പാക്കേജ് തന്നെ ഒരുമിച്ചു വന്ന അനുഭവമായിരുന്നു അത്. മുൻപ് ഷുഗർ വന്നിട്ടില്ലാത്തവർക്കു പോലും കൊവിഡ് സമയത്ത് ഷുഗർ വന്നിട്ടുണ്ടായിരുന്നുവെന്ന് പിന്നീട് ഞാൻ ആളുകളോടു സംസാരിച്ചതിൽനിന്ന് മനസ്സിലാക്കി.

ആ അവസ്ഥയിലും ഞാൻ ആലോചിച്ചത് മകനെ കുറിച്ചായിരുന്നു. ഒരു മകൻ മാത്രമേയുള്ളൂ എനിക്ക് . അവനെക്കുറിച്ചാണ് ഞാൻ കൂടുതലായും ചിന്തിച്ചത്. കാരണം കൊവിഡിനൊപ്പം ഷുഗറും ന്യുമോണിയയും വന്ന മിക്കവരുടെയും അവസ്ഥ വളരെ സങ്കീർണമായിരുന്നു. ഒരു സാധാരണ സ്ത്രീയുടെ, ഒരമ്മയുടെ മനസ്സിലുള്ള എല്ലാ അങ്കലാപ്പുകളും പേടികളും പ്രശ്നങ്ങളും അന്നെനിക്കുണ്ടായിരുന്നു.
എണ്ണിയാലൊടുങ്ങാത്ത ഒരുപാടു പേരുടെ പ്രാർഥനകളാണ് എന്നെ രക്ഷപ്പെടുത്തിയതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്തുവന്നാലും ജീവിതത്തിലേക്കു തിരിച്ചു വന്നേ പറ്റൂവെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പ്രാർഥനയും മനോധൈര്യവുമാണ് കൊവിഡിനെ അതിജീവിക്കാൻ എന്നെ സഹായിച്ചത്.ജീവിതത്തിൽ എത്ര പ്രതിസന്ധികൾ വന്നാലും അതിനെ നേരിട്ടേ പറ്റു എന്ന് ഉറപ്പിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് സീമ അഭിമുഖത്തിൽ പറയുന്നു