Film News

അമ്മ നിര്‍മ്മിക്കുന്ന പുതിയ സിനിമയിൽ ഭാവന ഉണ്ടാകില്ല, കാരണം വെളിപ്പെടുത്തി ഇടവേളബാബു

ട്വന്റി ട്വന്റിക്ക് ശേഷം വീണ്ടും മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി അമ്മ എത്തുമെന്നുള്ള വിവരങ്ങളായിരുന്നു അടുത്തിടെ പുറത്തുവന്നത്. ചിത്രത്തില്‍ ഭാവനയുണ്ടാവില്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരസംഘടനയുടെ ജനറല്‍ സെക്രട്ടറി കൂടിയായ ഇടവേള ബാബു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്‌സില്‍ പങ്കെടുക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച്‌ വ്യക്തമാക്കിയത്.

ഭാവന നിലവില്‍ അമ്മയിലെ അംഗമല്ല. അമ്മ നിര്‍മ്മിച്ച ട്വന്റി ട്വന്റിയില്‍ മികച്ച കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. മരിച്ച്‌ പോയ ആളുകള്‍ തിരിച്ച്‌ വരിലല്ലോ, അത് പോലെയാണ് ഇക്കാര്യമെന്നുമായിരുന്നു ഇടവേള ബാബു പറഞ്ഞത്. പൃഥ്വിരാജ് ചിത്രമായ ആദം ജോണാണ് ഒടുവിലായി ഭാവന അഭിനയിച്ച മലയാള സിനിമ. മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച്‌ ചോദിച്ചപ്പോഴെല്ലാം താരം മൌനം പാലിക്കുകയായിരുന്നു. കന്നഡ സിനിമയിലെ നിര്‍മ്മാതാവായ നവീനുമായുള്ള വിവാഹ ശേഷവും താരം സിനിമയില്‍ സജീവമാണ്. കന്നഡ, തെലുങ്ക് ഭാഷകളില്‍ നിന്നായി മികച്ച അവസരമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ട്വന്റി ട്വന്റി പോലെയല്ല ഇത്തവണ സിനിമയൊരുക്കുന്നത്. ആ ചിത്രത്തില്‍ താരങ്ങള്‍ക്ക് പ്രതിഫലം നല്‍കിയിരുന്നില്ല. എന്നാല്‍ ഇത്തവണ അങ്ങനെയല്ല. ഒരുകോടി വാങ്ങുന്നയാള്‍ക്ക് 15-25 ലക്ഷമേ കിട്ടുകയുള്ളൂ. എന്തായാലും പ്രതിഫലം കൊടുക്കും. ഇനി അതിന്റെ പേരില്‍ പഴി കേള്‍ക്കാന്‍ തനിക്കാവില്ലെന്നും ഇടവേള ബാബു പറയുന്നു.

 

ഈ വര്‍ഷം അമ്മയുടെ നേതൃത്വത്തില്‍ ഒരു ചാനലുമായി ചേര്‍ന്ന് സ്റ്റേജ് ഷോ ചെയ്യാന്‍ ഏകദേശ ധാരണ ആയതായിരുന്നു. എന്നാല്‍ കൊവിഡ് എല്ലാ പദ്ധതികളും തകര്‍ത്തു കഴിഞ്ഞു. ഇപ്പോഴത്തെ അവസ്ഥയില്‍ അത് നടക്കാന്‍ സാദ്ധ്യത ഇല്ല. തുടര്‍ന്നാണ് ട്വന്റി-ട്വന്റി ഒരുക്കിയത് പോലെ ഒരു സിനിമയെക്കുറിച്ച്‌ ആലോചിച്ചത്. കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇത് ചര്‍ച്ച ചെയ്തുവെന്നും ഇടവേള ബാബു പറയുന്നു

Back to top button