Malayalam Article

ആറ്റുകാൽ പൊങ്കാലയുടെ മാഹാത്മ്യം.

കേരളത്തിന്റെ തലസ്ഥാനമായ നഗരമായ തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന ലോക പ്രശസ്തമായ ഒരു ക്ഷേത്രമാണ് ആറ്റുകാൽ ശ്രീഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും 2 കിലോമീറ്റർ തെക്കുമാറി കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമസ്ഥലത്ത് നിലകൊള്ളുന്നു. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീ ഭദ്രകാളിയാണ് “ആറ്റുകാലമ്മ” എന്നറിയപ്പെടുന്നത്. എന്നാൽ കണ്ണകി, അന്നപൂർണേശ്വരി ഭാവങ്ങളിലും സങ്കല്പിക്കാറുണ്ട്. വളരെ പുരാതനമായ ഈ ക്ഷേത്രം “സ്ത്രീകളുടെ ശബരിമല” എന്നാണ്‌ അറിയപ്പെടുന്നത്‌. ഇവിടുത്തെ പ്രധാനപ്പെട്ട  ഉത്സവമാണ്‌ “പൊങ്കാല മഹോത്സവം”. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആയിട്ടാണ് ആറ്റുകാൽ പൊങ്കാല കണക്കാക്കപ്പെടുന്നത്. അത് കൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി

കുംഭമാസത്തിൽ കാർത്തിക നാളിൽ ആരംഭിച്ച്‌ പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളിൽ  പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസമാണ് പൊങ്കാല നടക്കുന്നത്‌. അന്നേ ദിവസം ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 20 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കുകയുള്ളൂ. നിവേദ്യം തയ്യാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. അതിനു ശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു.ഉണക്കലരിയും തേങ്ങയും ശർക്കരയും പുത്തൻ മൺകലത്തിൽ വെച്ചു തീ പൂട്ടിയാണ് പൊങ്കാല തയ്യാറാക്കുന്നത്.

പുതിയ മൺകലത്തിൽ പൊങ്കാല ഇടുന്നത്  കൊണ്ട് അർത്ഥമാക്കുന്നത് എന്തെന്നാൽ   പ്രപഞ്ചത്തിൻറെ പ്രതീകമായ മൺകലം ശരീരമായി സങ്കല്പ്പിച്ച്, അതിൽ അരിയാകുന്ന മനസ്സ് തിളച്ച് അതിൻറെ അഹംബോധം നശിക്കുകയും, ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിൻറെ പായസമായി മാറുന്നു. അത് കൊണ്ട് തന്നെ ആറ്റുകാൽ പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്.അന്നപൂർണേശ്വരിയായ ദേവിയുടെ ഇഷ്ടവഴിപാടാണ് പൊങ്കാല. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരും എന്നും വിശ്വസിക്കുന്നു.ഓരോ വർഷവും പൊങ്കാലയിട്ട് ദേവിയുടെ അനുഗ്രഹം പ്രാപിക്കുവാനായി ഇവിടെ എത്തുന്ന വിശ്വാസികളായ സ്ത്രീകളുടെ എണ്ണത്തിൽ വൻ വര്‍ധനവാണുള്ളത്.

Back to top button