ഇത് വീടുകൾക്കുള്ളിലും മാസ്ക് ധരിക്കേണ്ട സമയം
കൊവിഡ് 19 ദൗത്യസംഘത്തിൻ്റെ തലവൻ ഡോ. വികെ പോള്‍

ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ മാത്രമല്ല, വീടുകള്‍ക്കുള്ളിലും മാസ്ക് ധരിക്കേണ്ട സമയമാണ് ഇതെന്നാണ് ദേശീയ കൊവിഡ് 19 ദൗത്യസംഘത്തിൻ്റെ തലവൻ ഡോ. വികെ പോള്‍ ഇന്നലെ പറഞ്ഞത്. രാജ്യത്ത് പ്രതിദിനം മൂന്നര ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും കടുത്ത ഓക്സിജൻ, ഐസിയു ക്ഷാമം തുടരുകയും ചെയ്യുന്നതിനിടയിലാണ് മുതിര്‍ന്ന ആരോഗ്യവിദഗ്ധനായ ഡോ. വികെ പോളിൻ്റെ ഈ നിര്‍ദേശം. പക്ഷെ, വീടുകള്‍ക്കുള്ളിൽ മാസ്ക് ധരിച്ചതു കൊണ്ടു മാത്രം രോഗപ്രതിരോധം ഫലപ്രദമാകുമോ എന്നാണ് പലരുടെയും സംശയം. എന്നാൽ രോഗവ്യാപനം തടയുന്നതോടൊപ്പം കുടുംബാംഗങ്ങളിലേയ്ക്ക് രോഗം പകരുന്നതു വലിയൊരളവോളം കുറയ്ക്കാൻ വീടുകള്‍ക്കുള്ളിലെ മാസ്ക് ഉപയോഗത്തിന് സാധിക്കുമെന്നതാണ് സത്യം.
കൊവിഡ് 19 പകരുന്നത് രോഗിയുടെ സ്രവകണങ്ങളിലൂടെയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കൂടാതെ ചില സാഹചര്യങ്ങളിൽ കൊവിഡ് വായുവിലൂടെ പകരുമെന്നും വ്യക്തമായിട്ടുണ്ട്. കൊവിഡ് ബാധിച്ചയാൽ ചുമയ്ക്കുകയും തുമ്മുകയും സംസാരിക്കുകയും ചെയ്യുമ്പോള്‍ പുറത്തു വരുന്ന സ്രവകണങ്ങള്‍ അന്തരീക്ഷത്തിലൂടെ സഞ്ചരിച്ച് മറ്റുള്ളവരുടെ ശ്വാസനാളിയിലൂടെ ഉള്ളിൽ പ്രവേശിക്കുകയാണ് ചെയ്യുന്നത്. എന്നാൽ രോഗം ബാധിച്ച വലിയൊരു വിഭാഗം ആളുകള്‍ക്കും രോഗലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. എന്നാൽ രോഗലക്ഷണങ്ങളില്ലാത്ത ഇവരും മറ്റുള്ളവരെപ്പോലെ തന്നെ രോഗം പകര്‍ത്തും. മുൻകരുതൽ നടപടികള്‍ ഇല്ലാത്തതിനാൽ രോഗവ്യാപനം വേഗത്തിലാകുകയും ചെയ്യും. രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതര്‍ സംസാരിക്കുമ്പോള്‍ മറ്റുള്ളവരിലേയ്ക്ക് വൈറസ് എത്തുന്നുണ്ടെന്നാണ് ഡോ. വികെ പോള്‍ പറയുന്നത്.
വീട്ടിലെ മുഴുവൻ പേര്‍ക്കും കൊവിഡ് പകരുന്നതെങ്ങനെ?
കൊവിഡ് 19 ഏറ്റവുമാദ്യം പടര്‍ന്നു പിടിച്ച ചൈനയിലെ ബെയ്ജിങിൽ നടത്തിയ ഒരു പഠനത്തിലാണ് വീടിനുള്ളിലെ മാസ്ക് ഉപയോഗത്തിൻ്റെ ഗുണം വ്യക്തമാകുന്നത്. രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് 19 ബാധിതരിൽ നിന്ന് വൈറസ് വൈറസ് വീട്ടിലെ മറ്റുള്ളവരിലേയ്ക്ക് പകരാതിരിക്കാൻ മാസ്ക് ധരിക്കുന്നത് വളരെ ഗുണം ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു. എന്നാൽ ലക്ഷണങ്ങളുള്ള കൊവിഡ് 19 രോഗികളിൽ നിന്ന് രോഗം പകരാതിരിക്കാൻ ഇതത്ര ഫലപ്രദമല്ല.
124 കുടുംബങ്ങളിലെ 335 പേരിലാണ് പഠന നടത്തിയത്. രോഗബാധിതനുമായി ദിവസവും അടുത്ത് ഇടപഴകുന്നത് രോഗബാധയ്ക്കുള്ള സാധ്യത 18 ശതമാനം ഇരട്ടിയാക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. എന്നാൽ രോഗലക്ഷണങ്ങല്‍ പ്രത്യക്ഷപ്പെടുന്നതിനു മുൻപ് രോഗബാധിതൻ വീട്ടിൽ മാസ്ക് ധരിച്ചിരുന്ന സാഹചര്യത്തിൽ മറ്റുള്ളവരിലേയ്ക്ക് രോഗം എത്തുന്നത് 79 ശതമാനത്തോളം തടയാൻ സാധിച്ചതായി പഠനത്തി്ൽ പറയുന്നു. പൊതുസ്ഥലങ്ങളിലേതു പോലെ വീടുകള്‍ക്കുള്ളിലും മാസ്ക് ധരിക്കുന്നത് കൊവിഡ് 19 അപകടകരമാകാൻ സാധ്യതയുള്ളവരിലേയ്ക്ക് രോഗം എത്തുന്നത് വലിയൊരളവോളം ചെറുക്കാൻ സാധിക്കുമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.