Malayalam ArticleMalayalam WriteUps

ജീവിക്കാൻ യോഗ്യതയില്ലാത്തവർ

കട്ടിലിനരികെ വീണു കിടന്ന വസ്ത്രങ്ങൾ തിരഞ്ഞു പിടിച്ച് തന്റേതു മാത്രം കണ്ടെത്തി തലേന്നെത്തെ പോലെ വീണ്ടും ധരിക്കുമ്പോൾ കട്ടിലിൽ അബോധാവസ്ഥയിൽ എന്നോണം കിടക്കുന്ന മനുഷ്യനെ രൂക്ഷമായൊന്നു കൂടെ നോക്കി ഇന്നലെയാണ് ഇങ്ങനെയൊരു നോട്ടമെങ്കിൽ തളർന്ന് കിടക്കുന്ന സഹോദരന് വേണ്ടിയുള്ള ധനസമാഹരണത്തിന് ഇനിയും മൂന്നോ നാലോ രാത്രികൾ കൂടെ ഈ ശരീരം വാടകയ്ക്ക് നൽകണമായിരുന്നു കൊടുങ്കാറ്റിന് അപ്പുറമുള്ള ശാന്തമായ അയാളുടെ ഉറക്കത്തിലേക്ക് വീണ്ടും വീണ്ടും നോക്കവേ അവൾക്ക് ദേഷ്യം കൂടി വന്നു . ആരുമറിയില്ല ഇങ്ങനെയൊരു സ്ഥലത്ത് തന്നോടപ്പമാണ് ഇയാളെന്ന് ആർക്കും അറിയില്ല . കൊന്നു കളഞ്ഞാലോ എന്ന് പെട്ടെന്ന് തോന്നി ഭാര്യയുണ്ട് , വിവാഹപ്രായം എത്താനായ മകളുണ്ട് ,എന്നിട്ടും തന്നെത്തെടി വരാൻ നാണമില്ലേ ഇയാൾക്ക് എന്നുള്ളത് അല്പം ദേഷ്യത്തോടെ ഓർത്തു, അതെ സമയം താൻ പോയിട്ട് ഹോസ്പിറ്റലിൽ കൊണ്ട് പോവേണ്ട സഹോദരനെ ഓർത്തപ്പോൾ തന്നോട് തന്നെ അവന്ജത തോന്നി നേരം എട്ടുമണിയാവാനായി താൻ ചെന്നിട്ടു വേണം ശരീരം തളർന്ന അവനെ മാറ്റിക്കിടത്താനും,കുളിപ്പിക്കാനും ,ബാത്ത്റൂമിൽ കൊണ്ടുപോകാനും ,ഭക്ഷണം ഉണ്ടാക്കി കൊടുക്കാനും മരുന്ന് കൊടുക്കാനും , നാളെ അഡ്മിറ്റ്‌ ചെയ്യാനുള്ള കാര്യങ്ങൾ ചെയ്തു തീർക്കാൻ എത്ര കഷ്ട്ടപ്പെട്ട് തന്നെ ബി – ടെക് വരെ പഠിപ്പിച്ചതാണ് ,അവസാന സെമസ്റ്റെർ ആയപ്പോൾ അമിതവേഗത്തിൽ വന്ന ലോറി നശിപ്പിച്ചത് കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയാണ് , ആകെ ഉണ്ടായിരുന്ന മകൻ മരിക്കുകയും ചേട്ടത്തി ആ ദുഖത്തിൽ ഭ്രാന്താശുപത്രിയിൽ ആവുകയും സഹോദരൻ ശരീരം തളരുകയും ചെയ്തപ്പോൾ ഓടി വന്നതായിരുന്നു അവസാന പരീക്ഷയും ഉപേക്ഷിച്ച് പിന്നീടൊരിക്കലും പഠിക്കാത്തതിനെ കുറിച്ച് ഓർത്തു വിഷമിച്ചിട്ടില്ല . വലിയ സാമ്പത്തിക സ്ഥിതിയോന്നുമില്ലാത്ത കുടുംബത്തെ രക്ഷിക്കാൻ എന്തൊക്കെ ജോലികൾ ചെയ്തു എത്ര എത്ര വേഷം കെട്ടലുകൾ…. മാസാവസാനം മുടങ്ങാതെ ചേട്ടത്തിയമ്മയുടെ ചികിത്സയ്ക്കുള്ള ഫീസ്‌ …ചേട്ടന്റെ മരുന്നും ചികിത്സയും …ഭക്ഷണം …കടക്കാരുടെ ബഹളം ….വാടക …ആവശ്യങ്ങൾ കൂടി കൂടി വന്നപ്പോൾ ആദ്യമാദ്യം സഹായങ്ങൾ നീട്ടിയവർക്ക് മുന്നിൽ കൈനീട്ടിത്തുടങ്ങി …. പിന്നീടെപ്പോഴൊക്കെയോ അവരുടെ കുറ്റപ്പെടുത്തലുകളും വേതാളമായി തോളിൽ തൂങ്ങേണ്ട ഗതി ഓർത്തപ്പോഴും അത്രനാളത്തെ ഗമയും അന്തസ്സും എല്ലാം കളഞ്ഞ് പണിക്കിറങ്ങി തുടങ്ങി തുണിക്കടയിൽ ,സൂപ്പർ മാർക്കറ്റിൽ , കണക്കെഴുത്തുകാരിയായി , പിന്നെ എപ്പോഴൊക്കെയോ വീട്ടു ജോലിക്കാരിയായി ,പിന്നെ ഇഞ്ചിപണി,പാടത്തെ പണി, കെട്ടുപണിക്കാരുടെ കൂടെ ,ചായക്കടയിൽ ,ആ പരിചയത്തിൽ ഹോട്ടെലിൽ ,വെച്ചുകൊടുപ്പിന്, വിളമ്പി കൊടുപ്പിന് അവസാനം തന്നെത്തന്നെ കാഴ്ചവെക്കാൻ പഴയകാലം മനസ്സിൽ തെളിഞ്ഞപ്പോൾ അവൾ കണ്ണുകൾ ഇറുക്കിയടച്ചു. പെട്ടെന്ന് അറിയാതെ തുളുംബിയ കണ്ണുനീരിനെ ദുപ്പട്ടയുടെ തുമ്പ് കൊണ്ട് തുടച്ചു, ബാത്ത്റൂമിലേക്ക്‌ തിരിയുന്നിടത്ത് വാഷ്‌ബേസിന് മുകളിലെ വലിയ കണ്ണാടിയിൽ അൽപനേരം നോക്കിയപ്പോൾ ആ പാട്ട് അവളുടെ കാതുകളിൽ പതിയെ ഇരച്ചു വന്നു ,അതോടൊപ്പം ചെറിയ കണ്ണിലെ നനവിന്റെ വ്യാപ്തം വർദ്ധിച്ചപോലെ അനുഭവപ്പെട്ടു “ഓരോരോ വാക്കിലും നീയാണെൻ സംഗീതം …ഓരോരോ നോക്കിലും നൂറല്ലോ വർണ്ണങ്ങൾ ..ഹൃദയ മന്ദാരമല്ലെ നീ …..” എൻജിനീയറിംഗ് കോളേജ്ന്റെ ഗ്രൌണ്ട് ലേക്കുള്ള വഴിയരികിലെ പൂവാകച്ചോട്ടിൽ നിറഞ്ഞ പുഞ്ചിരിയുമായി തന്റെ വീണയെ കാത്തിരുന്ന മനു ഇപ്പോൾ എവിടെയായിരിക്കുമോ എന്തോ …. തന്റെ നേർക്ക്‌ നീളുന്ന ഓരോ നോട്ടങ്ങളെയും വെറുത്തിരുന്ന അവന്റെ മാത്രമെന്ന സ്വാർത്ഥതയോടെ തന്നെ സ്നേഹിച്ചിരുന്ന തന്റെ മനു. … തനിക്കേറെ ഇഷ്ട്ടപ്പെട്ട ഈ പാട്ട് എത്ര തവണ പാടിത്തന്നിരിക്കും …. കണ്ണാടിയുടെ മുന്നിൽ തന്റെ പ്രതിരൂപം കാണാൻ നിൽക്കാതെ രണ്ടുമൂന്നു തവണ മുഖം കഴുകി ഓർമകളെ ഒപ്പം കഴുകി കളഞ്ഞെന്ന വിശ്വാസത്തിൽ തിരികെ അയാളുടെ അടുത്ത് കട്ടിലിൽ കയറിയിരുന്നു . ടേബിളിൽ മടക്കി വെച്ച പത്രം എടുത്തു തലേന്ന് രാത്രി ഹോട്ടെലിൽ കയറുമ്പോൾ അയാൾ വെച്ചിരുന്നതാണ് , പിന്നെയതിന്റെ ആവശ്യം വന്നില്ല . ഭക്ഷണം കഴിക്കാൻ പോലും സാവകാശം തന്നില്ല . ഇന്നലെ ചേട്ടത്തിയെ കാണാൻ പോയി ഏറെ ക്ഷീണിച്ചാണ് എത്തിയത് . ചേട്ടന് ഭക്ഷണം കൊടുത്തതും നൈറ്റ്‌ഡ്യൂട്ടി ക്ക് സമയമായെന്ന് പറഞ്ഞ് ഓടുകയായിരുന്നു , ഒന്നും അറിയണ്ട ചേട്ടൻ … അറിയാത്ത ഏതൊക്കെയോ നല്ലവരായ സുമനുസ്സുകൾ തരുന്ന സഹായമായിരിക്കട്ടെ എല്ലാം …അങ്ങനെ അറിയൂ ..അങ്ങനെയേ പറയൂ ഇനിയും

എത്രകാലം ഇങ്ങനെ ജീവിക്കുമേന്നറിയില്ല എങ്കിലും …ചേട്ടന് അസുഖമൊന്നു ശരിയായാൽ എല്ലാം അവസാനിപ്പിച്ച് മടങ്ങണം തനിക്ക്. പെട്ടെന്നുള്ള അത്യാവശ്യത്തിനു പണം തരാം എന്ന് പറഞ്ഞു വിളിച്ചപ്പോൾ ചേട്ടന്റെ പ്രിയ കൂട്ടുകാരനെ വിശ്വസിച്ചു കൂടെ ചെന്ന ദിവസം … ഇല്ല ………….മൂന്നു – നാല് മാസമായി അതിനു ശേഷമെത്ര പേരുടെ കൂടെ രാവും പകലും ഈ ശരീരം യാതൊരു മടിയുമില്ലാതെ കാഴ്ച്ചവെചിരിക്കുന്നു എന്നിട്ടും അതൊന്നും മനു ആ ദിവസങ്ങളിൽ നൽകിയ സ്നേഹചുംബനത്തോളം പോലും തന്നെ ഇഷ്ട്ടപ്പെടുത്തിയിട്ടില്ല . അതുകൊണ്ടാവും കണ്ണടച്ച് വരവേറ്റത് ഓരോ അന്നദാതാവിനെയും അവൾ പത്രമെടുത്ത് പതിയെ നിവർത്തി വച്ച് , ഓരോ വാർത്തയായി മറിച്ചുകൊണ്ടിരുന്നു . അതിനിടയ്ക്ക് ഉണർന്ന അയാൾ അവളുടെ നനഞ്ഞ മുടി ഒതുക്കി വെച്ച് തന്നോട് ചേർത്ത് പിടിച്ചു . അവൾക്കു ദേഷ്യം തോന്നിയെങ്കിലും ഇഷ്ട്ടമായെന്ന പോലെ ചിരിച്ചു “വീണ പത്രമൊക്കെ വായിക്കുമോ ?” അതിനു മുൻപും അവളോടൊത്ത് കഴിഞ്ഞ നാളുകളിൽ അയാളീ ശീലം കണ്ടിട്ടിട്ടില്ല “അതെന്താ …വായിചൂടെ എനിക്ക് ?” അവൾ തമാശ രൂപേണ മറുപടി കൊടുത്തു “ഇതിനു മുൻപ് വീണ എപ്പോഴും ഫോണിൽ നോക്കിയിരിക്കുകയാവും ഞാൻ ഉണരുമ്പോൾ…ഇന്നാദ്യമായ പത്രം …'” അവൾ അലസമായി അടുത്ത പേജ് മറിക്കുന്നതിനിടയിൽ “അതിനു അന്നൊന്നും മുറിയിൽ പത്രം ഇല്ലായിരുന്നല്ലോ , അതുകൊണ്ട് ഫെയ്സ്ബുക്ക്‌ നോക്കും ..അത്ര തന്നെ ” അയാൾക്ക്‌ ചെറിയൊരു അമ്പരപ്പാണ് ആദ്യം തോന്നിയത് . പുതിയ ഐറ്റം എന്ന് പറഞ്ഞ് കൂട്ടുകാരൻ പരിചയപ്പെടുത്തുമ്പോൾ അക്ഷരാഭ്യാസം ഇല്ലാത്ത സാധാരണ പെണ്ണുങ്ങളെ പോലെ എന്ന് കരുതി …പിന്നെ ഫോണും പിടിച്ചിരിക്കുമ്പോൾ ചിത്രം നോക്കുകയാവും എന്നും … “വീണ എഫ് ബി ഒക്കെ നോക്കുമോ …”? “നോക്കും …” “അപ്പോൾ തന്റെ ഡീലിംഗ്സ് എല്ലാം അതുവഴിയാണോ …?” അവൾക്കു കലശാലായ ദേഷ്യം വന്നെങ്കിലും നിയന്ത്രിച്ചു കൊണ്ട് മുഖത്തൊരു ചിരി വരുത്തി , ടേബിളിനു മുകളില നിന്നും കയ്യെത്തി തന്റെ ഫോൺ എടുത്ത് എഫ് ബി ഓപ്പൺ ചെയ്ത് അയാൾക്ക്‌ നേരെ നീട്ടി ” ഒന്ന് നോക്കൂ ” “എന്താ ….?” “എന്റെ ഡീലിംഗ്സ് എങ്ങനെയെന്നു അറിയണ്ടേ ?” അയാൾ ചെറു ചിരിയോടെ അത് വാങ്ങി വെറുതെ ടൈം ലൈൻ നോക്കി , കഥകളും ,കവിതകളും ,മനോഹര ചിത്രങ്ങളും കൊണ്ട് നിരഞ്ഞിരുന്നപ്പോൾ അയാൾ ആവേശത്തോടെ ഇൻബൊക്സ് തുറന്നു ഓപ്പൺ ചെയ്യാതെ കിടക്കുന്ന +99 കിടന്ന ലിസ്റ്റ് അല്ലാതെ മറ്റൊന്നും കാണാൻ കഴിഞ്ഞില്ല . ഫ്രണ്ട് ലിസ്റ്റിൽ തിരഞ്ഞപ്പോഴും ഒന്നോ രണ്ടോ പേരെ മാത്രമാണ് അയാൾക്ക്‌ കാണാൻ കഴിഞ്ഞത് . അതിനു ശേഷം ഗ്രൂപുകളിലും ലൈക്കേഡ് പേജുകളിലും നോക്കുമ്പോൾ അയാളുടെ മുഖത്തു അവിശ്വസനീയത നിറഞ്ഞു സാഹിത്യമല്ലാതെ മറ്റൊന്നുമില്ലായിരുന്നു ഒരിടത്തും . ചെറിയൊരു ജാള്യത്തോടെ അവൾക്കു നേരെ ഫോൺ നീട്ടുമ്പോൾ ചോദിച്ചു “വീണ …ഐ അം സോറി ….. ഞാൻ കരുതി ….” “കുറച്ചു സെക്സ് റാക്കെറ്റ് ന്റെ ഗ്രൂപ്പുകളും ,വരവും പോക്കും ഹൊട്ടെലും പണവും കുറിച്ച സന്ദേശങ്ങളും ,പിന്നെ വിവിധ ഭാവത്തിലുള്ള അർദ്ധനഗ്ന ചിത്രങ്ങളും ….” “വീണ പ്ലീസ് …. സാധാരണ അങ്ങനെയാണ് കാണാറ് …അതുകൊണ്ടാണ് ഞാൻ ” “വേശ്യയ്ക്ക് എന്താ മറ്റെല്ലാം നിഷിധമാണോ… ഞങ്ങൾ ഒരു പ്രതേക ജീവി വർഗമല്ല എന്നത് മറക്കണ്ട …മനുഷ്യർ തന്നെ…. വികാരവും വിചാരവും ഞങ്ങൾക്കും ഉണ്ട് ?” “അല്ല …ഞാൻ പറഞ്ഞെന്നു മാത്രം …. ഇതല്ലാതെ എത്ര തൊഴിലുകൾ ഉണ്ടായിരുന്നു ഗതികേടിന്…? “ആഗ്രഹം ഇല്ലാതെയല്ല ആരും സമ്മതിക്കണ്ടേ …മാസത്തിൽ കിട്ടുന്ന മൂവായിരം രൂപയ്ക്കായി പണി ചെയ്യാനും വിയർപ്പിന്റെ വില എന്തെന്ന് മനസ്സിലാക്കാനും ഉള്ള സാമാന്യബോധം ഒക്കെയുണ്ട് …പക്ഷെ ചെലവുകൾ താങ്ങാനാവാതെ വരുമ്പോൾ …പെട്ട് പോകുന്നതാണ് ….ഒരിക്കൽ പോലും ഇഷ്ട്ടം തോന്നിയിട്ടല്ല ” എന്റെ വീട്ടിലെ സ്ത്രീകളെ ഞാനൊരിക്കലും ഇതുപോലെ അവസ്ഥയിൽ എത്തിക്കില്ല . എന്റെ ഭാര്യയെ ഓർക്കുമ്പോൾ എനിക്കിപ്പോൾ അഭിമാനം തോന്നുന്നു ..അവളെത്ര പാവമാണ് …..” “ശരിയാകും …..അവരെപ്പോഴും നല്ലവരായി ജീവിക്കട്ടെ ,ഇതുപോലെ ഉള്ളവരാരും മറ്റു പെണ്ണിന് ഈ അവസ്ഥ ഉണ്ടാവണം എന്ന് ആശിക്കില്ല . ആഗ്രഹമാണ് മക്കളും കുടുംബവും ജീവിതവും പ്രണയവും എല്ലാം ..പക്ഷെ സ്വയം ബലിയാടുകളായി മാറേണ്ടി വരുന്ന ചിലരുണ്ട് ,അമ്മയും മകളും മരുമകളും എല്ലാം ആവാൻ ഒരുപാട് ഇഷ്ട്ടാണ് അതെല്ലാം മനസ്സിലൊതുക്കി മുഖത്തു ചായം തേച്ചു നിങ്ങളുടെ മുന്നിലെത്തുമ്പോൾ …. ജനിച്ചപ്പോൾ മുതൽ സൌഭാഗ്യങ്ങളുടെ ഇടയിൽ ജീവിച്ച പെണ്ണ് …എന്ത് ചോദിച്ചാലും നൽകുന്ന രക്ഷിതാക്കൾ ….വിവാഹം ചെയ്ത് കൊണ്ട് വന്നിടത്ത് നിങ്ങളും കുടുംബവും സന്തോഷത്തോടെ സ്വീകരിക്കുന്നു ,,,ഏറെ സ്നേഹത്തോടെ നോക്കുന്നു …അവൾക്കു ദൈവ വിശ്വാസവും …എല്ലാവരോടും സ്നേഹവും ….ശുദ്ധമായ മനസ്സും സ്വഭാവവും എങ്ങനെ ഇല്ലാതിരിക്കും … പക്ഷെ അത്പോലെയല്ല മറ്റു സ്ത്രീകളുടെ കാര്യമെന്ന് മറക്കണ്ട ….. സമ്പന്ന വർഗം മാത്രമല്ല മാഷെ സ്ത്രീകൾ …ഗതികേടിന്റെ അങ്ങേയറ്റം വരെ സഹിച്ചും കുടുംബം നോക്കുന്നവരും ഉണ്ട് …നിങ്ങള് കാണാതെ പോകുന്നതാ .. പട്ടുടുപ്പിട്ടു അവൾ കൂടെ വരുമ്പോൾ പാതയോരത്ത് അവളുടെ പ്രായത്തിലുള്ള പെണ്ണ് കീറിപ്പറിഞ്ഞ,മുഷിഞ്ഞ വസ്ത്രവുമായി പണിയെടുക്കുന്നത് കണ്ടിട്ടുണ്ടോ ? കയ്യും കാലും ഇല്ലാതെ പോലും ഇഴഞ്ഞു നീങ്ങി തെണ്ടുന്നവരെ കണ്ടിട്ടുണ്ടോ ? കണ്ണ് പൊട്ടുന്ന വെയിലിലും പണിയെടുക്കുന്നത് കണ്ടിട്ടുണ്ടോ ? വഴിയരികിലെ മരത്തിൽ കെട്ടിയ താൽക്കാലിക തൊട്ടിലിൽ കുഞ്ഞിനെ നോക്കി നോക്കി പണി ചെയ്യുന്നവരെ കണ്ടിട്ടുണ്ടോ ….? വൃദ്ധ സദനത്തിൽ പോലും എത്തിക്കാതെ തെരുവിൽ കിടന്നു ചത്തു മുനിസിപ്പാലിറ്റിക്കാര് എടുത്തോണ്ട് പോകുന്ന കണ്ടിട്ടുണ്ടോ ?
അയാൾ ഒന്നും മിണ്ടാതെ പത്രത്തിൽ മുഖം താഴ്ത്തി സംസാരിക്കുന്ന അവളുടെ വാക്കുകൾക്ക് കാതോർത്തു. വെറുമൊരു വേശ്യയുടെ മാത്രം വാക്കുകളല്ല മറിച്ച് ഏറെ ചിന്തിക്കാൻ കഴിയുന്ന പെണ്കുട്ടിയെ പോലെ തോന്നി . “ഇല്ല …..” താഴ്മയുടെ സ്വരത്തിൽ അയാൾ മൂളി ” നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല . വീട്ടിൽ സ്നേഹിക്കാൻ ഭാര്യയും കൊഞ്ചിക്കാൻ മക്കളും തളരുമ്പോൾ താങ്ങായി ബന്ധുക്കളും എന്തിനും കൂടെ നിൽക്കാൻ സുഹൃത്തുക്കളും ആരെയും ആശ്രയിക്കാതിരിക്കാൻ ജോലിയും സാമ്പത്തികശേഷിയും ഉണ്ട് അത് കൂടാതെ ഇതുപോലെ ഇടയ്ക്ക് ശരീരത്തിന്റെ നിലയ്ക്കാത്ത ആസക്തി തീർക്കാൻ എത്രയായാലും എറിഞ്ഞു കൊടുക്കുന്ന പണത്തിനായി ചുറ്റും ഇരച്ചുകൂടുന്ന ഞങ്ങളെ പോലുള്ളവരും അപ്പോൾ ഇങ്ങനെ പറയുന്നതിൽ തെറ്റില്ല . നിങ്ങൾക്ക് അറിയാമോ വീട്ടിൽ നിങ്ങളെ പ്രതീക്ഷിച്ചുള്ള ഭാര്യയെ മറന്ന് എന്റെ അരികിലെത്തുമ്പോൾ എനിക്കും നിങ്ങൾക്കും വ്യത്യാസമില്ലാതാവുന്നു …. അവളുടെ നിങ്ങൾക്ക് വേണ്ടിയുള്ള ഓരോ കാത്തിരിപ്പും,പ്രാർത്ഥനയും നിങ്ങളുടെ മേൽ വന്നു വീഴുന്നത് അറിയുന്നില്ലേ നിങ്ങൾ ? എനിക്ക് പ്രശ്നമില്ല . ഇപ്പോൾ എനിക്ക് വേണ്ടത് പണമാണ് …പണം മാത്രം …നിങ്ങളുടെ കൂടെ കിടന്നു തരുമ്പോഴും നിങ്ങളുടെ പരാക്രമങ്ങൾക്ക് ചെറുചിരിയാൽ മറുപടി തരേണ്ടി വരുമ്പോഴും നിങ്ങളെ ഞാനൊരിക്കൽ പോലും സ്നേഹിച്ചിട്ടില്ല . നിങ്ങൾ തരുന്ന പണത്തിന്റെ എണ്ണം എന്റെ ആവശ്യത്തിനോത്തു കൂട്ടിക്കിഴിക്കുകയായിരുന്നു നിങ്ങൾ നാളെയും വരണം …ഞാൻ വരും …. എന്റെ ആവശ്യം അവസാനിക്കും വരെയും നിങ്ങൾ വിളിക്കുമ്പോൾ ഞാൻ വരും …. അപ്പോഴൊന്നും നിങ്ങൾക്കെന്നെ തൃപ്തിപ്പെടുത്താൻ കഴിയില്ല , എനിക്ക് നിങ്ങളെ തൃപ്തിപെടുത്താൻ കഴിയുന്നു എന്ന തോന്നലിൽ നിങ്ങൾ വീണ്ടും വരും ജീവിതത്തിന്റെ എല്ലാ സൌഭാഗ്യവും മാറി മാറി മുന്നിലെത്തുന്ന പെണ്ണിന്റെ മടിക്കുത്തിലാണ് എന്ന മൂഡ വിശ്വാസം കൊണ്ടാവാം ….” അവളുടെ മീതെയുള്ള പിടി പതുക്കെ അയയുന്നത് അവളറിഞ്ഞു ,അത്രനേരം ലോകം കീഴടക്കിയ സന്തോഷമുഖഭാവം പെട്ടെന്ന് മാഞ്ഞതും , അവൾക്കുള്ളിൽ അന്നുവരെ കിട്ടാത്ത തൃപ്തി തോന്നി “വീണ …. താൻ പറഞ്ഞത് ശരിയാണ് ….. പിന്നെന്തിനാണ് ഇത്രയും സഹകരിച്ചു ഒരെതിർപ്പും ഇല്ലാതെ നീീയെനിക്കു മുൻപിൽ കിടന്നു തരുന്നത് ?” “അതെന്റെ ഗതികേടാണ് ….. എന്റെയല്ല ഇതുപോലെ നിങ്ങളുടെ ലോകം ജീവിക്കാൻ സമ്മതിക്കാത്ത ഒരുപാടുപേരുടെ ഗതികേട് ….നിങ്ങൾ തരുന്ന പണത്തിനു വേണ്ടി മാത്രം …” “അല്ലെങ്കിലും ആണിന് അവന്റെ മുൻപിലെത്തുന്ന പെണ്ണിനെ വേണ്ട , കിട്ടാത്തത് നേടിയെടുക്കലാണ് ഇഷ്ട്ടം …തകരുന്ന ഒരുപാട് സ്വപ്നങ്ങളെ കുറിച്ച് അറിയണ്ട ആർക്കും,” പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു , അത് കണ്ടപ്പോൾ അയാൾ പിന്നെയും അസ്വസ്ഥമായി …. “അയ്യേ ..ഇത്രയും ഉശിരോടെ സംസാരിക്കുന്ന പെൺകുട്ടി കരയുകയോ ….” അയാൾ വാക്കുകളിൽ ചിരി വരുത്താൻ ശ്രമിച്ചു പറഞ്ഞു അതുകേട്ടപ്പോൾ അവൾ മുഖം തുടച്ച് കൊണ്ട് പത്രം അയാൾക്ക്‌ നേരെ നീട്ടി “കണ്ടോ ഞങ്ങളൊക്കെ ഇവിടെയുണ്ടായിട്ടും …….എന്നിലൊന്നുമില്ലാത്ത എന്താണ് അവളില ഉണ്ടായിരുന്നത് ….” അയാൾ അത് വാങ്ങി നിവർത്തി നോക്കി “ജിഷ വധക്കേസ് : നാലുപേർ പിടിയിൽ” അവൾക്കു നേരെ തിരിഞ്ഞ് ‘”കണ്ടാൽ സഹിക്കില്ല …..പാവം ….” “ഇത്തരം കേസുകളിലെ പ്രതികൾക്ക് മരണശിക്ഷ തന്നെ നൽകണം…. ചക്ക പഴുക്കാൻ വെക്കുന്നത് പോലെ വെട്ടി വെച്ചിട്ട് എന്നും പോയി മണപ്പിച്ചു നോക്കുന്ന പോലെയാവരുത് ….കൊല്ലണം എത്രയും പെട്ടെന്ന് ….സ്ത്രീത്വത്തിന്റെ വിലയെന്തെന്ന് മാനിക്കാൻ കഴിയുന്ന പുരുഷന്മാരും ഉണ്ടെങ്കിലെ നാടിനു നിലനിൽപ്പുള്ളൂ…” “ശരിയാണ് വീണ പക്ഷെ …ഒരാളെ കൊല്ലുക എന്നൊക്കെ പറയുമ്പോൾ ….” “ഇന്നത്തെ ഈ ഒരു കൊല ആയിരിക്കും ചിലപ്പോൾ നാളെ നിങ്ങളുടെ ഭാര്യയെയും മകളെയും ഇതുപോലുള്ളവരുടെ പിടിയിൽ നിന്നും രക്ഷപ്പെടുത്തുക ” “ഉം …ശരിയാണ് ….. മറുപടി കൊടുത്തെ മതിയാവൂ …..അതിനു സാധികാതെ പോയത് കൊണ്ടല്ലേ സമീപകാലത്തായി ഇവിടെ ഇരുനൂറ്റി ഇരുപത്തി നാല് സ്ത്രീപീഡനകേസ് പ്രതികളെ വിട്ടയച്ചത് ,,,പറയാൻ എളുപ്പമാണ് വീണ …പക്ഷെ കാര്യമില്ല ….ഇനിയും ആവർത്തിക്കപ്പെടും…” “ശരിയാണ് ….ആർക്കും അറിയില്ല ഇഷ്ട്ടമാല്ലാത്ത ഒരാൾ നമ്മളെ തൊടുമ്പോൾ മനസ്സിനുണ്ടാവുന്ന വേദന എന്തുമാത്രമെന്ന്…. തൊഴിൽ ഇതെങ്കിലും ഞാനും ഒരു പെണ്ണല്ലേ മാഷെ സഹിക്കുന്നില്ല കാണുമ്പോൾ ….” “ഉം ….” “ശരീരം മുറിയുന്നതിലും വേദനിച്ചിരിക്കും ….മനസ്സിന് ….” അവൾ വാഷ്‌ബേസിന് അരികിലേക്ക് ഒരിക്കൽ കൂടി എഴുന്നേറ്റു പോയി മുഖം കഴുകി വന്നു “നിന്നെ എനിക്ക് മനസ്സിലാകുന്നില്ല വീണ ….. നിന്റെ അന്നമാണ് ഇത് എന്നിട്ടും എന്താണ് ഇതുപോലെ സംസാരിക്കുന്നത്? ” “നിങ്ങൾ പോയാലും നാളെ രാത്രിയിലേക്ക്‌ ഇതിലുമേറെ പണം നല്കി ചിലപ്പോൾ ആള് വന്നെന്നിരിക്കും ….നൈമിഷികമായ ആ സന്തോഷത്തിലും വലുതല്ലേ നിങ്ങൾ പറഞ്ഞ ഭാര്യയുടെ ആത്മസമർപ്പണം ?????? പിന്നെ അയാൾ ഒന്നും പറഞ്ഞില്ല ധൃതിയിൽ ഷർട്ട് എടുത്ത് അണിഞ്ഞു ,. പേഴ്സ് തുറന്ന് തലേന്ന് ഓഫർ ചെയ്ത പണത്തിലും കൂടുതലായി അയാളുടെ കൈവശം ഉണ്ടായിരുന്നത് എല്ലാം അവൾക്കുനേരെ നീട്ടി “ഇതെന്താ ഇത്രയും ….കണക്കു തെറ്റിയോ ? അവൾ ചിരിയോടെ അന്വഷിച്ചു “ഇല്ല വീണ …. നീ പറഞ്ഞത് ശരിയാണ് …. പണത്തിലും പിടിച്ചു വാങ്ങലിലും അല്ലാതെ കിട്ടുന്ന സന്തോഷം മതിയെനിക്ക് ….അതുമാത്രം…..ഇനിയൊരിക്കലും നിന്നെ പോലെ ഗതികേടുമായി ജീവിക്കാൻ നെട്ടോട്ടമോടുന്ന ഒരു പെണ്ണും എന്റെ മുൻപിൽ അർത്ഥമില്ലാതെ കിടന്നു തരണ്ട ….. ഇത് നിനക്കുള്ള കൂലിയല്ല ….നീ പറഞ്ഞത് പോലെ നിന്റെ ആവശ്യങ്ങൾ ഈ പണത്തിന്റെയത്ര പെട്ടെന്ന് തീരുമല്ലോ അതിനു വേണ്ടി …. ആവശ്യം നിനക്കാണ് …എനിക്ക് അനാവശ്യവും ….മടിക്കണ്ട ….ആരെങ്കിലും ചോദിച്ചാൽ ഈ രാത്രികൾ നിനക്കിഷ്ട്ടമുണ്ടെങ്കിൽ മാത്രം പറയാം അല്ലെങ്കിൽ ഏതെങ്കിലുമൊരു പേര് വ്യക്തമാക്കാത്ത ഉദാരമനസ്കന്റെ സംഭാവനയാവട്ടെ … നിനക്കെന്താണ് പ്രശ്നമെന്ന് എനിക്കറിയില്ല പക്ഷെ നിന്നെ പോലുള്ള പെൺകുട്ടികൾ ജീവിക്കണം …മനസ്സ് തളർത്താൻ ആയിരം പേര് വരും പക്ഷെ നിന്റെ സ്ഥാനത്ത് അവരായിരുന്നു എങ്കിലും ഇത് തന്നെ ചെയ്യുമായിരുന്നു എന്ന തിരിച്ചറിവ് നിനക്ക് വേണം…. നിന്നെ മുഴുവനായി സഹായിക്കാൻ എനിക്ക് ചിലപ്പോൾ കഴിഞ്ഞേക്കാം പക്ഷെ അത് ഞാൻ ചെയ്യില്ല കണ്ടു മറക്കേണ്ട മുഖമാവട്ടെ എന്റേത് …കാലമെല്ലാം ഓർത്തിരിക്കാൻ ആവണ്ട …അത്ര വലിയ മനുഷ്യനോന്നുമല്ല ഞാൻ … നിനക്ക് നന്ദി ….നിന്നിലൂടെയ പെണ്ണെന്തെന്നു ഞാൻ അറിഞ്ഞത് ……. ആ പേജിൽ ഞാൻ ഇടയ്ക്ക് നോക്കും …നീ എഴുതണം ….നിന്റെ ഭാവനയെ ചിന്തകളെ തല്ലികെടുത്തരുത്..അകലെയുള്ള അത്ഭുതമായി ” അവളുടെ കയ്യിൽ ആ നോട്ടുകൾ വെച്ചുകൊടുത്ത് ഒന്നുകൂടെ നോക്കി പുഞ്ചിരിച്ചു അയാൾ നടന്നു . ആദ്യമായി തന്നെ പങ്കുവെച്ചതിൽ അവൾക്ക് തൃപ്തി തോന്നി ..ആ കണ്ണുകൾ അറിയാതെ നിറഞ്ഞു .
-Vidhya Palakkad
Vidhya Palakkad
Vidhya Palakkad

Leave a Reply

Back to top button