Malayalam Article

സ്ത്രീശരീരം കേവലം ലൈംഗീക ഉപകരണങ്ങൾ മാത്രമല്ല എന്ന് നിങ്ങളുടെ ജീർണ്ണിച്ച മനസ്സുകളെ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞ് പഠിപ്പിക്കേണ്ടിയിരിക്കുന്നു

സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി ജോമോൾ ജോസഫിന്റെ പോസ്റ്റ്, വൈദ്യരുടെ യോഗം… !! വൈദ്യർ സ്വയംഭോഗം ചെയ്ത് മടുക്കും.. !! കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ ആമിയുമായി വീടിന്റെ സ്റ്റെപ്പിറങ്ങിയപ്പോൾ കാല് തെന്നി വീണു. കാലിന്റെ കുഴ തെന്നി, കാൽ മുട്ടിന്റെ ലിഗ്മെന്റിന് ക്ഷതമേറ്റു, ചന്തിയിടിച്ച് വീണതുകൊണ്ട് നടുവിന് കലശലായ വേദനും തുടങ്ങി. കാലിന്റെ ലിഗ്മെന്റിന്റെ പ്രശ്നം കുറച്ച് നാളായി ഉള്ളതാണ്. ആമിയെ പ്രസവിക്കലും, അവളെ നോക്കലും ഒക്കെ കൊണ്ട് ചികൽസ തുടരാൻ കഴിയാതെ വന്നിരുന്നു. എറണാകുളത്തുള്ളപ്പോൾ ലേക്ഷോർ ഹോസ്പിറ്റലിലെ ഫുട് ആന്റ് ജോയന്റ് സർജനെയും, നാട്ടിലെത്തിയ ശേഷം പേരാമ്പ്ര ഇഎംഎസ് മെമോറിയൽ ഹോസ്പിറ്റലിലെ ഓർത്തോപീഡിക് ഡോക്ടറേയും കാണിച്ച് ചികിൽസ നടന്നിരുന്നതാണ്.

രണ്ടിടത്തുനിന്നും കിട്ടിയ ഉപദേശം, ആയുർവേദ ചികിൽസയിലെ കിഴിപിടിക്കലും തളം വെക്കലും ഇതിന് ഗുണകരമാണ് എന്നതാണ്. വീണ അന്ന് രാത്രി നാരായണൻ വൈദ്യര് വീട്ടിൽ വന്ന് നോക്കി, പിറ്റേന്ന് രാവിലെമുതൽ വൈദ്യരുടെ അടുത്ത് പോയി ഒന്നിടവിട്ട ദിവസം കാലിന്റെ കുഴക്ക് ആയുർവേദ മരുന്നുകൾ അരച്ചുപുരട്ടി കെട്ടി. മൂന്നു കെട്ട് കൊണ്ട് കാൽപാദം ചവുട്ടി അത്യാവശ്യം നടക്കാം എന്നായി. അടുത്ത ദിവസം മുതൽ കാലിന്റെ മുട്ടിന് മരുന്നുകൾ വെച്ച് കെട്ടിട്ടു തുടങ്ങി. ഇന്നുമുതൽ കാൽ മുട്ടിന്റെ നീരിനും ശമനം ലഭിച്ചു. അടുത്ത പടിയായി ഇന്നുമുതൽ നടുവിന് തളം വെക്കലും, ധാരകോരലും, കിഴിപിടിക്കലും ആരംഭിച്ചു. ഇത് ഫോട്ടോ സഹിതം ഇന്ന് രാവിലെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. അതിൽ വന്ന ചില കമന്റുകളാണ് ഞാൻ ഹെഡ്ലൈനായി ചേർത്തിരിക്കുന്നത്. 63 വയസ്സുള്ള മനുഷ്യൻ ചികിൽസുടെ ഭാഗമായി ഒരു സ്ത്രീയായ എന്റെ ശരീരം കാണുകയോ,

എന്റെ ശരീരത്തിൽ തൊടുകയോ തടവുകയോ ചെയ്താൽ ഈ നാട്ടിലെ സദാചാര കോട്ട തകർന്നടിഞ്ഞ് താഴെ വീഴും പോലും!! എന്റെ ശരീരം കണ്ട 63 വയസ്സുള്ള വൈദ്യർ സ്വയം ഭോഗം ചെയ്ത് തളരും പോലും!! എന്തൊരു അധമ ചിന്തയാണിത്?? ഒരു ചികിൽസകന് മുന്നിൽ വരുന്ന രോഗി ലൈംഗീക ഉപകരണമല്ല. ഒരു രോഗിക്ക് മുന്നിലെത്തുന്ന ചികിൽസകൻ അവളുടെ കാമപൂർത്തീകരണത്തിനുള്ള ഉപാധിയുമല്ല. അവരുടെ ഇടയിലെ ലക്ഷ്യവും കർമ്മവും രോഗം ചികിൽസിച്ച് മാറ്റുക എന്നത് എന്നത് മാത്രമാണ്. ഈ നാട്ടിൽ ഗൈനക്കോളജിസ്റ്റുകളായി നിരവധി പുരുഷൻമാർ ചികിൽസകരായി പേരെടുത്തിട്ടുണ്ട്. ഡോക്ടർ ഭദ്രനെന്ന പ്രഗൽഭനായ ഗൈനക്കോളജിസ്റ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും റിട്ടയർ ചെയ്തിട്ട് ദശകങ്ങളായി. എറണാകുളം ജനറൽ ആശുപത്രിയിൽ ഞാൻ ആമിയെ പ്രസവിച്ചപ്പോൾ പ്രസവമെടുത്തത് മൂന്ന് പുരുഷ ഗൈനക്കോളജിസ്റ്റുകൾ ചേർന്നാണ്.

ഒരു സീനിയർ ഗൈനക്കോളജിസ്റ്റും, രണ്ട് ഹൗസ് സർജൻമാരും. ആ ലേബർ റൂമിൽ ഞങ്ങൾ നാലുപേരും കൂടി കാമവെറി തീർക്കുകയോ, ആ പുരുഷൻമാർ എന്നിലേക്ക് ലൈംഗീകവെറിയുമായി കടന്നുകയറുകയോ ആയിരുന്നില്ല. അവർ എന്നെ ചികിൽസിക്കുന്ന ഡോക്ടർമാരും, എനിക്കവർ ചികിൽസകരും, അവർക്ക് ഞാൻ പേഷ്യന്റും ആയിരുന്നു. ലൈംഗീക ദൈരിദ്ര്യം മൂത്ത് കാമവെറി പൂണ്ട് ഉറഞ്ഞുതുള്ളുന്ന വളരെ കുറഞ്ഞ ശതമാനം വരുന്ന മലയാളികളായ ഞരമ്പ് രോഗികളേ, നിങ്ങൾക്ക് മുന്നിൽ കാണുന്ന മുഴുവൻ സത്രീകളെയും കാമവെറി തീർക്കാനുള്ള ഉപകരണങ്ങൾ മാത്രമായി നിങ്ങൾ കണക്കാക്കുന്നതുപാലെയല്ല, മറ്റ് പുരുഷൻമാരുടേയും സ്ത്രീകളുടേയും ജീവിതം. സ്ത്രീശരീരം കേവലം ലൈംഗീക ഉപകരണങ്ങൾ മാത്രമല്ല എന്ന് നിങ്ങളുടെ ജീർണ്ണിച്ച മനസ്സുകളെ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞ് പഠിപ്പിക്കേണ്ടിയിരിക്കുന്നു.

അല്ലാത്ത പക്ഷം ആഴ്ചകൾ പ്രായമുള്ള പെൺകുഞ്ഞിൽ തുടങ്ങി, തൊണ്ണൂറുകൾ കടന്ന വന്ദ്യ വയോധികയിൽ വരെ നിന്റെയൊക്കെ കാമഭ്രാന്തിന്റെ കുത്തിക്കഴപ്പിന്റെ ഭാരം ഇറക്കിവെക്കാനായി നീയൊക്കെ ഇറങ്ങി പുറപ്പെടും. ഇത്തരം ചിന്താഗതിയുള്ള അധമൻമാരിൽ നിന്നും തന്നെയാണ് മോർച്ചറിയിൽ കിടക്കുന്ന സ്ത്രീകളുടെ ശവശരീരങ്ങളെ ഭോഗിക്കുന്നവർ വരെ ഉയർന്ന് വരുന്നത്. സ്ത്രീശരീരങ്ങൾ ലൈംഗീക ഉപകരണങ്ങളല്ല.. നമ്മൾ ജീവിക്കുന്നത് വാനരയുഗത്തിലുമല്ല..

Back to top button