News

സംസ്ഥാനത്തെ ചൂട് വർധിക്കുന്നു, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ശ്രദ്ധിക്കണം.രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം.

നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കണം.ചൂട് കാലമായതിനാല്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്.

വേനല്‍ക്കാലത്ത് ശരീരബലം കുറഞ്ഞിരിക്കുന്നതിനാല്‍ ആഹാരകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധചെലുത്തണമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. എരിവ്, പുളി, ഉപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിനൊപ്പം എളുപ്പം ദഹിക്കുന്ന ആഹാരങ്ങള്‍ വേണം കഴിക്കാന്‍. ദ്രവരൂപത്തിലുള്ളതും സ്നിഗ്ദ്ധവും തണുത്ത ഗുണത്തോടുകൂടിയതുമായ ആഹാരം ആരോഗ്യം നിലനിറുത്തുന്നതിനൊപ്പം വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കുമെന്നും ആയുര്‍വേദം പറയുന്നു. കയ്പുരസമുള്ള പച്ചക്കറികളും സുലഭമായി ലഭിക്കുന്ന പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മത്സ്യം, മാംസം എന്നിവ കുറച്ചുമാത്രം ഉപയോഗിക്കുക.

ചൂട് വര്‍ദ്ധിക്കുന്നതിനനുസരിച്ച്‌ ശരീരം വിയര്‍ക്കും. ശരീരം തണുപ്പിക്കുന്നതിനുള്ള സ്വാഭാവിക പ്രതികരണമാണ് വിയര്‍പ്പ്. ജലാംശം കൂടുതല്‍ നഷ്ടപ്പെട്ടാല്‍ നിര്‍ജ്ജലീകരണം ഉണ്ടാകാം. മൂത്രാശയരോഗങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നതും ഈ സമയത്താണ്. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ഉത്തമമാണ്. ദാഹവും ക്ഷീണവും അകറ്റുന്ന ഉത്തമ പാനീയമാണ് ഇളനീര്‍. പ്രകൃതിദത്തമായ പോഷകഘടകങ്ങള്‍ കൂടുതലുള്ളത്. കഴിവതും നാടന്‍ ഇളനീരുകള്‍ ഉപയോഗിക്കുക. ഉപ്പിട്ട നാരങ്ങാവെള്ളവും കുടിക്കാം

സാലഡ്, പഴങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുക, ഫ്രഷ്ജ്യൂസ് മധുരമിടാതെ കഴിക്കാം, മുന്തിരി, ഓറഞ്ച്, തണ്ണിമത്തന്‍ ഉപയോഗിക്കുക, ജലാംശം കൂടുതലുള്ള പച്ചക്കറികള്‍ ഉപയോഗിക്കണം പ്രതിദിനം കുറഞ്ഞത് പന്ത്രണ്ട് ഗ്ലാസ് വെള്ളം കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം ഇടയ്ക്കിടെ കുടിക്കാന്‍ ശ്രദ്ധിക്കണം. രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ വെയിലത്തുള്ള ജോലികള്‍ പൂര്‍ണമായും ഒഴിവാക്കണം. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

Back to top button