News

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കർണാടകയുടെ ഇളവ് .

ബംഗളുരു: കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കി കര്‍ണാടക സർക്കാർ . കര്‍ണാടകത്തില്‍ പഠിക്കുന്ന എന്‍ജിനീയറിംഗ്, മെഡിക്കല്‍, പാരാമെഡിക്കല്‍, നഴ്സിംഗ്,  എന്നീ വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത് . കേരളത്തിൽ നിന്ന് എത്തുമ്പോൾ ഇവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാത്രം മതിയാകും കൂടാതെ  നിര്‍ബന്ധിത  ക്വാറന്റൈൻ ഇരിക്കേണ്ട ആവശ്യവും ഇല്ല .വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്റൈന്‍ ലഭിക്കും.

അതേസമയം തന്നെ  കേരളത്തില്‍ നിന്നുള്ള മറ്റെല്ലാ യാത്രക്കാർക്കും ഇതുവരെയുള്ള എല്ലാ നിബന്ധനകളും കർശനമായും തുടരും . യാത്രക്കാർ നിര്‍ബന്ധിത ക്വാറന്റൈന് പോകേണ്ടി വരും. കേരളത്തില്‍ നിന്ന് മടങ്ങിവരുന്ന യാത്രക്കാര്‍ക്ക് അതാത് സ്ഥാപനങ്ങള്‍ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കണമെന്ന് സ‌ര്‍ക്കാര്‍ അറിയിച്ചു. ജീവനക്കാ‌ര്‍ക്ക് വീടുകളിലോ ഫ്ളാറ്റുകളിലോ  വേണമെങ്കില്‍ നിരീക്ഷണത്തില്‍ കഴിയാം. എന്നാല്‍ ഇവര്‍ ക്വാറന്റൈനില്‍ പോകുന്നുണ്ടെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ഐടി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ബാധകമാണ്. എന്നാല്‍ അടിയന്തിര ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് നൽകുന്നതായിരിക്കുമെന്നും സർക്കാർ അറിയിച്ചു .

കേരളത്തിലെ ഉയ‌ര്‍ന്ന കൊവിഡ് കേസുകള്‍ കണക്കിലെടുത്താണ് കര്‍ണാടകയുടെ ഇപ്പോളത്തെ  നടപടി. ഓണാഘോഷം കഴിഞ്ഞ് കര്‍ണാടകത്തില്‍ തിരിച്ചെത്തുന്ന മിക്കവരിലും കൊവിഡ് കണ്ടെത്തിയതും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കാരണമായിട്ടുണ്ട്.

Back to top button