
കേരളത്തിന്റെ പല ഭാഗത്തും തുടർച്ചയായി മഴ പെയ്ത് കൊണ്ടിരിക്കുകയാണ്. തൃശ്ശൂർ ജില്ലയില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കൊണ്ട് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച്. ഈ സാഹചര്യത്തില്‍ പല പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം സർക്കാർ നൽകിയിരിക്കുകയാണ്. അപകട സാധ്യതാ മേഖലകളില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സർക്കാർ കൈക്കൊണ്ട കഴിഞ്ഞു. ജില്ലയിലെ മണ്ണ്, പാറ ഉള്‍പ്പെടെ എല്ലാ ഖനന പ്രവര്‍ത്തനങ്ങളും താത്‌ക്കാലികമായി നിര്‍ത്തിവെച്ചു കൊണ്ട് കളക്ടര്‍ എസ്. ഷാനവാസ് ഉത്തരവിറക്കുകയും ചെയ്തു. മണ്ണിടിച്ചില്‍, വെള്ളക്കെട്ട് എന്നിവ ഉണ്ടാകാനിടയുള്ള ജില്ലയിലെ 125 ഹോട്ട്‌സ്‌പോട്ടുകളില്‍ അതീവ ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. മുന്‍കാല അനുഭവം വെച്ച് താലൂക്കുകളില്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്‍കരുതലെടുക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 23 വരെ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രകൃതി ഷോഭത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായി കഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങള്‍, മലയോര ചെരുവ് തുടങ്ങി അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ സർക്കാർ നിയന്ത്രണം ഏര്‍പ്പെടുത്തി. കൂടാതെ ഫിഷറീസ് വകുപ്പിന്റെയും മറൈന്‍ പോലീസിന്റെയും സഹായത്തോടെ മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുകളും നല്‍കി. വരും ദിവസങ്ങളില്‍ പീച്ചി, ചിമ്മിണി ഡാമുകള്‍ തുറന്നു വിടാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളം കയറാനിടയുള്ള സ്ഥലങ്ങളിലുള്ളവരെയും ഒറ്റപ്പെട്ട താമസിക്കുന്നവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. ജലനിരപ്പ് ഉയര്‍ന്നാല്‍ വിത്തുകള്‍, കൃഷി എന്നിവയെ ബാധിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ കൃഷി വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
മുകുന്ദപുരം താലൂക്കിലെ തെക്കുംകര വില്ലേജ്, അംബേദ്കര്‍ കോളനി, കോഴിക്കല്ല് എന്നീ പ്രദേശങ്ങളിലുള്ളവരെയും, ചാലക്കുടിയില്‍ റോഡ് താഴ്ന്ന പ്രദേശമായ മാളയിലും, കൊടുങ്ങല്ലൂരില്‍ വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള കോഴിതുമ്ബ, എടത്തിരുത്തി, കനോലി കനാല്‍ പ്രദേശങ്ങള്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പൊയ്യ, ചാവക്കാട് തീരദേശ മേഖലകള്‍, തലപ്പിള്ളി താലൂക്കില്‍ ചേലക്കര, വരവൂര്‍ കോളനി, ദേശമംഗലം എന്നീ സ്ഥലങ്ങളിലും അടിയന്തര സാഹചര്യം വന്നാല്‍ ആളുകളെ മാറ്റിതാമസിപ്പിക്കാന്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ തയ്യാറാക്കാന്‍ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. രാത്രിയില്‍ മഴ കനത്താല്‍ അടിയന്തരമായി ആളുകളെ മാറ്റി പാര്‍പ്പിക്കാനും സർക്കാർ തീരുമാനിച്ചു.