Malayalam ArticleMalayalam WriteUps

കിനാവള്ളി.

വാടിയൊരു വെയിൽ കഷ്ണം ചതുരാകൃതിയിൽ പതിച്ചിരുന്ന  നിലക്കണ്ണാടിക്ക് മുന്നിലായിരുന്നു ആദ്യത്തെ ആത്മപരിശോധന.പതിയെ,വളരെപതിയെ,തൊട്ടും,തലോടിയും,തടവിയും,മാറിടങ്ങൾ തമ്മിൽ ചേർത്തും,ചേർക്കാതെയുമുള്ള,ആ പരിശോധന അഞ്ചോ പത്തോ മിനിട്ട്
നീണ്ടു നിന്നു.ഒടുവിൽ നെടുവീർപ്പുകളോടെ കട്ടിലിലേക്ക് വീഴുമ്പോൾ, ഉരുണ്ട്,കൊഴുത്ത്,മെഴുത്ത രണ്ട് അരയന്നങ്ങൾ എന്റെ കട്ടിലിനു ചുറ്റും പാറിനടന്നു.ചെറുപ്പം മുതലെ എന്നെ അത്ഭുതപെടുത്തും വിധം ഉയർന്നു നിറഞ്ഞു വളർന്നു നിന്ന രണ്ടു അരയന്നങ്ങൾ.ത്രേസ്യാ കൊച്ചമ്മയുടെ ചട്ടക്കുള്ളിൽ അടക്കപ്പെട്ട അഹങ്കാരങ്ങൾ.
ത്രേസ്യകൊച്ചമ്മക്ക് എപ്പോഴും പരാതി ആയിരുന്നു.
പെണ്ണിന്റെ സൗന്ദര്യം പിന്നെന്നതാന്നാ മേരികൊച്ചേ നെന്റെ വിചാരം…ഇതൊക്കെ ഇത്തിരി വേണം പെണ്ണേ…ഇതിപ്പോ പലകപോലങ്ങ് പരന്നിരിക്കുവല്യോ??!!!
പിന്നേയ്…ശ്ശ്ശ്…നല്ല പച്ചവെളിച്ചെണ്ണയിട്ട് തടവിയാ മതി…
ഒരു രഹസ്യം പോലെ കൊച്ചമ്മ പറഞ്ഞു.
അയ്യേ…എന്തൊരു അശ്ലീലം.ഞാൻ ഓടി ഒളിച്ചു.
വല്യനോമ്പ് കഴിഞ്ഞന്നാരുന്നു കൊച്ചമ്മേടെ ഓപ്പറേഷൻ.അന്ന് തുരുമ്പ് കയറിതുടങ്ങിയ ആശുപത്രി ഗേറ്റിനപ്പുറം ചൂണ്ടി  കൊച്ചമ്മ പറഞ്ഞു.
പോയെടി മേരികൊച്ചേ…അത്  പറന്നങ്ങ് പോയി…
പിന്നെ ഇടതു ഭാഗം നോക്കി കണ്ണീർവാർത്തു …ദേ…എന്റെ ഒറ്റ അരയന്നം….
ചട്ടക്കുള്ളിൽ ശൂന്യമായ ഇടതുവശം ഒരു നിലവിളിയായി എന്റെ തൊണ്ടയിൽ കുരുങ്ങി പിടഞ്ഞു.

             മേരികൊച്ച്‌ പിന്നൊരു പാച്ചിലല്ലാരുന്നോ!!!

പ്രണയകാലത്തിന്റെയ് പനിനീർതോട്ടങ്ങളിൽ നിന്ന്,വിവാഹമെന്ന വിശുദ്ധ കൂദാശയിലൂടെ
റോയിച്ചനായി നൽകപ്പെട്ട മേരികൊച്ച്,ഗർഭിണികാലത്തെ അസ്വസ്ത്യങ്ങളിലും,വേക്കൂളുകളിലും ഗൂഡമായി ആനന്ദിച്ച്‌,പാൽ ചുരത്തിയ മാറിടങ്ങളെ വാത്സല്യത്തോടെ തഴുകി
ആദ്യത്തെ ആണ്‍കുഞ്ഞിനെ മുലയൂട്ടി.
നഗരത്തിന്റെ രാത്രിവെളിച്ചങ്ങളിൽ ഒരിക്കൽപോലും ഭയപ്പെടാതിരുന്ന അവൾ,രാത്രി വൈകിയും ജോലി ചെയ്തു നഗരവേഗങ്ങളിൽ ഒഴുകി വീട്ടിലെത്തിയിരുന്നു .
മൂത്തവന്റെയ് കൈയെഴുത്ത് പുസ്തകങ്ങൾക്കും ഇളയവന്റെയ് വാശികരച്ചിലുകളും പരിഹാരം കണ്ട്‌,റോയിച്ചന്റെ കട്ടിലാക്രമണങ്ങൾക്കും ഒടുവിൽ,ഉടുത്തഴിച്ചിട്ട സാരി പോലെ തളർന്നുറങ്ങുന്ന മേരികൊച്ച്,പഴയ ആത്മപരിശോധനകളെ കുറിച്ചും,ത്രേസ്യകൊച്ചമ്മേടെ ഒറ്റ അരയന്നത്തെ കുറിച്ചും,എവിടെയോ മറന്നു കളഞ്ഞതിൽ അത്ഭുതപെടേണ്ടതില്ല.
പക്ഷേ…ഇതെന്താണ്?ഈ കടലാസിന്റെ അറ്റത്തെ കറുത്ത അക്ഷരങ്ങളിൽ കുരുങ്ങി മേരികൊച്ച്‌ കറങ്ങുന്നത്.ഭൂതകാലം മാത്രം എവിടെല്ലാമോ ചുറ്റിത്തിരിഞ്ഞ് ഈ കടലാസിൽ വന്നു തറഞ്ഞ്‌ കിടക്കുന്നു.
ഇതെപ്പോഴാരുന്നു?…കഴിഞ്ഞുപോയ അനേകായിരം ദിവസങ്ങളിലെ അടയാളപെടുത്തലുകളില്ലാത്ത ഏതു നിമിഷത്തിലായിരിക്കാം അത് സംഭവിച്ചത്.
റോയിച്ചനുമായി കെട്ടിപുണർന്നുകിടന്ന മഴമണമുളള രാത്രികളുടെ ഓരങ്ങളിൽ വച്ചാണോ?അതോ കലഹിച്ചു പിണങ്ങിയ വൈകുന്നേരങ്ങൾ ഒന്നിൽ വച്ചോ?!
അല്ലെങ്കിൽ മൂത്ത കുട്ടിയെ ഡോക്ടറും,ഇളയവനെ എഞ്ചിനീറും ആക്കണമെന്ന് തീരുമാനിച്ച ദിവസമാരുന്നൊ?
ഇതൊന്നുമല്ലെങ്കിൽ തന്നെ ഓർത്തെടുക്കാൻ പ്രത്യേകിച്ചൊന്നും ഇല്ലാത്ത ദിവസങ്ങൾ എത്രയോ ഉണ്ടായിരുന്നു.പക്ഷേ,ഒന്നുറപ്പാണ്, ഒരുപാട് മുമ്പാണത്‌…ഇടത്തെ മാറിടത്തിലെ കോശസമൂഹത്തിൽ ഒന്നിൽ ആ വിത്തും    നിക്ഷേപിക്കപ്പെട്ടത്.
ഡോക്ടർ പറഞ്ഞത് മേരിക്കൊച്ച്‌ ഓർത്തു.
അവസാന ഘട്ടമാണ്.
ഹോ…എന്റെ ദൈവമേ…നീ ഒരു സൂചനപോലും തന്നില്ലല്ലോ…
ആദ്യം എത്തിയത് അമ്മച്ചിയാണ്. വെളുത്ത ചട്ടയ്ക്കു പിന്നിൽ പതുപതുത്ത രണ്ട്‌ ചിറകുകൾ.
തലയിൽ മഞ്ഞിന്റെ കിരീടം.പിന്നാലെ ത്രേസ്യകൊച്ചമ്മയും റോസമ്മകൊച്ചമ്മയും.ഏറ്റവും പിന്നിലായി അപ്പച്ചൻ.
മാതാവ് വിട്ടിരിക്കയാണ് മേരികൊച്ചിനെ ധൈര്യപെടുത്താൻ.
‘എടി പെങ്കൊച്ചേ…മേരി…ഇതിലിപ്പോ അത്ഭുതപ്പെടാൻ എന്തോന്നാ?
ഇത് പാരമ്പര്യം അല്യോ’

അമ്മച്ചി അല്ലേലും ഇങ്ങനാ,ഒരു കൂസലും ഇല്ലാത്ത വർത്ത‍മാനമേ പറയൂ…എനിക്കെ പൊടികുഞ്ഞുങ്ങള് രണ്ടാ.മൂത്തവന്റെ സ്കൂൾ അഡ്മിഷൻ,ഇളയവൻ റോയിച്ചനെ പോലെതന്നാ…വാശിക്കാരൻ,അവനെ മേയ്ക്കാൻ എന്നെ കൊണ്ടേ കഴിയൂ. പിന്നെന്റെ റോയിച്ചൻ.

അതൊക്കെ അങ്ങ് നടക്കൂടി മേരി…നെന്റെ അമ്മച്ചി പോയികഴിഞ്ഞ് നിങ്ങള് വളർന്നില്യോ???

അപ്പച്ചൻ  ഇതെന്നാ വർത്തമാനമാ പറയുന്നേ!!!ആ കാലമാണോ അപ്പച്ചാ ഇത്… മേരി കരഞ്ഞു തുടങ്ങി…

‘ഇനിപ്പോ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നു ഡോക്ടറ് പറഞ്ഞാ…അതിനപ്പുറം നമക്ക് വല്ലതും കഴിയോ!’ ത്രേസ്യ കൊച്ചമ്മ  മുടിയിൽ തഴുകി.
മേരി ത്രേസ്യകൊച്ചമ്മേടെ മാറിലേക്ക്‌ ചാഞ്ഞു.ശൂന്യമായ ഇടതുവശം!!!

‘എല്ലാവരും ചുറ്റിലുമിങ്ങനെ നിന്നാലെങ്ങനാ.ആ പെങ്കൊച്ചിനൊരു സമാധാനം കൊട്’.റോസികൊച്ചമ്മയുടെ ശബ്ദം…

പക്ഷേ…റോസികൊച്ചമ്മ പറന്നങ്ങു പോയല്ലോ…
അമ്മച്ചീം അപ്പച്ചനും എല്ലാരും പോയോ…
സമയം ആറ് കഴിഞ്ഞു,എത്ര സമയം ഇങ്ങനെ ഇരുന്നെന്ന് അറിയില്ല.തൊണ്ട വരണ്ടുപോയിരിക്കുന്നു.തലയ്ക്കു പിന്നിൽ ആരോ ആഞ്ഞ് അടിച്ചപോലൊരു ഭാരം.കാലുകൾ മരച്ചിരിക്കുന്നു.കൈകളിൽ വെളുത്ത കടലാസ്സിൽ സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു.എത്രയും വേഗം വീട്ടിലെത്തണം.
ഇനി തനിയെ കാര്യങ്ങൾ നോക്കാൻ കുഞ്ഞുങ്ങൾ പഠിക്കട്ടെ. ഇളയവന് വാശി കൂടുതലാണ്,അത് വളംവച്ചുകൂടാ… റോയിച്ചനാണ് കൊഞ്ചിച്ച്‌ വഷളാക്കുന്നത്.
അല്ലെങ്കിലും റോയിച്ചൻ പോത്ത് പൊലിരിക്കുന്നുവെന്നെ ഒള്ളൂ…എല്ലാത്തിനും ഞാൻ വേണം.
ബസിനു അകത്തും,പുറത്ത്‌ നിരത്തിലുംതിരക്കുതന്നെ.എന്തിനാണാവോ ഇവരൊക്കെ ഇത്ര തിടുക്കപെട്ട് പാഞ്ഞ് നടക്കുന്നത്.ആരും ആരേയും ശ്രദ്ധിക്കുന്നില്ല,ചിരിക്കുന്നില്ല,ഓട്ടം തന്നെ ഓട്ടം.ഇന്നു രാവിലെ വരെ മേരികൊച്ചും ഇങ്ങനാരുന്നു.
എന്നിട്ടിപ്പോ!!!
‘ കൊച്ചേ നിനക്കെന്നതാടി ഈയിടെയായി വല്ലാത്ത ക്ഷീണം.നീ ഒരുദിവസം ലീവ് എഴുതികൊട്.നമുക്ക് ഡോക്ടറെ ഒന്ന് കാണാം’
പലതവണ റോയിച്ചൻ പറഞ്ഞതോർമ്മിച്ചു.
അല്ലേലും മേരികൊച്ചിനു അനുസരണ തീരേ ഇല്ല.

              കുന്തിരിക്ക പുകയാണ് ചുറ്റിലും.റോയിച്ചൻ കുഞ്ഞുങ്ങൾക്ക്‌ കഴിക്കാൻ വല്ലതും കൊടുത്തോ എന്തോ???
കുട്ടികൾ വാടിതളർന്നു റോയിച്ചന്റെയ് തോളത്ത് കിടപ്പായല്ലോ .റോയിച്ചന്റെ മുഖത്ത് കടുത്ത ദേഷ്യമാണ് എന്നോട്.അന്ധ്യശുശ്രൂഷ കഴിയാറായിരിക്കുന്നു.ഇനിയും കുറച്ചു നിമിഷങ്ങൾ കൂടി.മുറികളിലെല്ലാം ഒരുവട്ടം കൂടി ഓടി നടന്നു.ഇനി ഇറങ്ങാം.
പള്ളി നിറയെ ആളുണ്ട്.റോയിച്ചൻ കണ്ണടച്ച് നില്പാണ്.മക്കള് ആരുടെ കൈയിലാണാവോ???
ഒടുവിൽ ,മക്കളോടൊപ്പം റോയിച്ചനും ചേർന്ന് വെളുത്ത തൂവാലയാൽ എന്റെ  മുഖം മറച്ചിരിക്കുന്നു.
‘മേരികൊച്ചേ ഇനി നീയിങ്ങു പോരെടി’
അമ്മച്ചി കൈകളിൽ പിടിച്ചു വലിക്കുകയാണ്‌.
‘ ദേ…കൊച്ചെ ബസ്‌സ്റ്റോപ്പ്‌ എത്തി വേഗം ഇറങ്ങിയാട്ടേ…..ഹോ!!എന്തൊരു ഉറക്കമാണിത്…’  കണ്ടക്ടർ പിറുപിറുത്തു.
വീട്ടിലേക്കു അഞ്ചു മിനിറ്റ് ദൂരം നടക്കാനുണ്ട് .
ഇനിയും വരാനിരിക്കുന്ന അനേകം ദിനരാത്രങ്ങളുടെ  ഉറക്കം കെടുത്തുന്ന ഓർമകളിൽ ഭാരപ്പെട്ട് മേരി നടന്നു…
റോയിച്ചനോട് എന്താ പറയുക…
‘എന്ത് പറയാൻ…നീയാ കടലാസങ്ങ് കൊടുത്താ മതി…അവനു വായിക്കാൻ അറിയത്തില്യോ…
‘ഒഹ്ഹ്ഹ്…അമ്മച്ചി കൂടെ ഉണ്ടാരുന്നോ…ഇതെന്നതാ അമ്മച്ചി ചന്ദനത്തിരിടെ മണം.’
മേരിക്ക് പേടിയായി…അവൾ അമ്മച്ചിയുടെ കൈയ്യിൽ മുറുക്കെ പിടിച്ചു.പിന്നെ കുഞ്ഞു മേരിയായി ഭൂതകാലത്തിലും വർത്തമാനകാലത്തിലും ഇല്ലാതായി…

-Athira Haridas

Athira Haridas
Athira Haridas

Leave a Reply

Back to top button