എപ്പോളും എല്ലായിടത്തും പ്രകാശം പരത്തുന്ന പെൺകുട്ടി, ഇത്രയും പോസിറ്റീവ് ആവാൻ എങ്ങനെ പറ്റുന്നു ?
അറിയാം ശില്പ ബാലയെ കുറിച്ച്

ചുരുക്കം ചില സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് ശില്പ ബാല. കെമിസ്ട്രി, ഓർക്കുക വല്ലപ്പോഴും, ആഗതൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നടി മലയാളം സിനിമയിലേക്ക് എത്തുന്നത്.
2009 പുറത്തിറങ്ങിയ “ഓർക്കുക വല്ലപ്പോഴും ” എന്ന സിനിമയിൽ തിലകന്റെ കൂടെ കേന്ദ്ര കഥാപാത്രത്തെയായിരുന്നു ശില്പ അവതരിപ്പിച്ചത്. ചിത്രത്തിലെ ശിൽപയുടെ അഭിനയത്തിന് ഡയറക്ടർ സോഹൻലാൽ അടക്കം നിരവധിപ്പേർ പ്രശംസകളുമായി എത്തിയിരുന്നു. സിനിമയോട് നല്ല ആത്മസമർപ്പണമുള്ള കുട്ടിയാണ് ശില്പയെന്നാണ് അദ്ദേഹം പറഞ്ഞത്. ആ വർഷം തന്നെ പുറത്തിറങ്ങിയ ചിത്രമായിരുന്നു കെമിസ്ട്രി, വിജി തമ്പി സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു ഹൈസ്കൂൾ കുട്ടിയുടെ വേഷമായിരുന്നു ശില്പ ചെയ്തിരുന്നത്. ചിത്രം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതിനു ശേഷം 2010 ൽ ദിലീപ്, ചാർമീ കൗർ, ബിജുമേനോൻ, ഒന്നിച്ച ‘ആഗതനിൽ’ ഒരു പ്രധാന വേഷം താരം ചെയ്തു. മികച്ച വിജയമായിരുന്നു സിനിമ കൈവരിച്ചത്.
എന്നാൽ ശില്പ ഒരു നല്ല അഭിനയത്രി എന്നതിലുപരി മികച്ച ടെലിവിഷൻ അവതാരികകൂടിയാണ്. സിനിമയിലേക്ക് വരുന്നതിനു മുൻപേ താരം പല ടെലിവിഷൻ ചാനലുകളിലെയും അവതാരകയായി ജനപ്രീതി നേടിയിരുന്നു. ഏഷ്യാനെറ്റിലെ “കോമഡി എക്സ്പ്രസ്സ് ” പ്രോഗ്രാമായിരുന്നു താരത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കൂടാതെ മോണോ ആക്ട്, പബ്ലിക് സ്പീക്കിങ്, ലൈറ്റ് മ്യൂസിക് എന്നിവയിലും നല്ല പ്രാഗൽഭ്യം ശില്പ ബാലാക്ക് ഉണ്ട്. എന്നാൽ ഇതിൽ ഏറ്റവും ഇഷ്ടപെട്ടത് അവതാരിക ആണെന്ന് പല ഇന്റർവ്യൂകളിലും ശില്പ പറയാതെ തന്നെ പറയുന്നുണ്ട്. അവതരണത്തിലൂടെയാണ് എനിക്ക് ആത്മധൈര്യം ഉണ്ടായത്. കൂടാതെ ശില്പ ബാല ഒരു റേഡിയോ ജോക്കി കൂടിയാണ്.
മലയാളത്തിൽ ചുരുക്കം ചില സിനിമകൾ ചെയ്തതിനു ശേഷം പിന്നീട് വിവാഹം കഴിഞ്ഞതോടെ താരം സിനിമ മേഖലയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. തിരുവന്തപുരത്തുനിന്നും ഡോക്ടർ വിഷ്ണു ബാലഗോപാലാണ് ശിൽപയെ വിവാഹം ചെയ്തത്. ഒരു മകളും ശിൽപയ്ക്ക് ഉണ്ട്. കാസര്കോട് കാഞ്ഞങ്ങാട് സ്വദേശിയാണ് ശില്പ ബാല. അച്ഛൻ ബാലഗോപാൽ ബാങ്കിൽ ജോലിചെയ്യുന്നു, ‘അമ്മ ഇന്ദുലേഖ ദുബായ് ൽ ഡാൻസ് സ്കൂൾ നടത്തുന്നു, സഹോദരി ശ്വേതയും അടങ്ങുന്നതാണ് ശിൽപയുടെ കുടുംബം. ശില്പ പഠിച്ചതും വളർന്നതുമെല്ലാം ദുബായ് ൽ ആയിരുന്നു. തുടർന്ന് 4 വയസ്സുമുതൽ അമ്മയുടെ ശിക്ഷണത്തിലൂടെ ശില്പ നൃത്തത്തിലേക്ക് ചുവടുവെച്ചു തുടങ്ങി. തുടർന്ന് പല മത്സരങ്ങളിലും പങ്കെടുത്ത് 2005 ൽ നടന്ന അറേബ്യൻ യൂത്ത് ഫെസ്റ്റിവെല്ലിൽ കലാതിലക പട്ടം കരസ്ഥമാക്കി. മികച്ച നർത്തകി എന്നതിനൊപ്പം നല്ല ഗായിക കൂടിയാണ് ശില്പ ബാല. ക്ലാസിക്കൽ ഡാൻസിലും ക്ലാസിക്കൽ മ്യൂസിക്കിലും ശില്പ പ്രാവീണ്യം നേടിയിട്ടുണ്ട്. അങ്ങനെ ശില്പ എന്ന അതുല്യ പ്രതിഭയെ കുറിച്ച് അറിയാനാണെങ്കിൽ ഒരുപാടുണ്ട്. ഇതിലെല്ലാം ഉപരി വളരെ കൂളും എപ്പോളും വളരെ എനെർജിറ്റിക്കുമായിട്ടാണ് ശിൽപയെ പ്രേക്ഷകർ കാണാറും. ‘എപ്പോളും എല്ലായിടത്തും പ്രകാശം പരത്തുന്ന പെൺകുട്ടി ‘ എന്ന് വേണമെങ്കിൽ പറയാം ശിൽപയെ കുറിച്ച്. ശിൽപയുടെ ഈ പെരുമാറ്റ രീതിയാണ് മറ്റുള്ള സിനിമ നടിമാരിൽനിന്നും ശില്പ ബാലയെ വ്യത്യസ്‌തയാക്കുന്നത്. ഇത്തരം അതുല്യ പ്രതിഭകളെ നമ്മുടെ മലയാളം സിനിമ ശരിയായ രീതിയിൽ വിനിയോഗിച്ചില്ല എന്നുള്ളത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.
എന്നാൽ ശില്പ ബാല സോഷ്യൽ മീഡിയയിൽ എപ്പോളും സജ്ജീവമാണ്. യൂട്യൂബ് ചാനലുകളിലൂടെയും മറ്റും ശില്പ ഇപ്പോഴും മലയാളി പ്രേക്ഷകരുടെ മനസ്സിൽത്തന്നെ ഉണ്ട്. ശിൽപയുടെ വിദേശ പര്യടനകളുടെ വാർത്തകളും മറ്റും മികച്ച ജനശ്രദ്ധ നേടാറുണ്ട്.