ലൈഫ് പദ്ധതിയിലെ അഴിമതി, സർക്കാരിന് തിരിച്ചടി കൊടുത്ത് സർക്കാർ

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ സി.ബി.ഐ അന്വേഷണം ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ച സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിനു വിസമ്മതിച്ച ഹൈക്കോടതി, സി.ബി.ഐ അന്വേഷണം തടയാന്‍ കഴിയില്ലെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും വ്യക്തമാക്കി. ലൈഫ് മിഷന്‍ സി.ഇ.ഒയോടാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത മാസം എട്ടിന് ഹര്‍ജി വീണ്ടും പരിഗണിക്കും.
ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണം ചോദ്യം ചെയ്ത് ഇന്നലെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതി അഭിഭാഷകന്‍ കെ.വി വിശ്വനാഥനാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരായത്. സി.ബി.ഐയ്ക്ക് വേണ്ടി ശാസ്തമംഗലം അജിത് കുമാര്‍ ആണ് ഹാജരായത്. ഇരുവരും തമ്മില്‍ ശക്തമായ വാദപ്രതിവാദമാണ് കോടതിയിലുണ്ടായത്. സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുന്ന ആദ്യഘട്ടത്തില്‍ തന്നെ കോടതി നിലപാട് വ്യക്തമാക്കിയിരുന്നു.
ലൈഫ് മിഷന്‍ ജീവനക്കാരെയും യുണിടാക് മേധാവിയേയും സി.ബി.ഐ ചോദ്യം ചെയ്തതോടെ അന്വേഷണത്തിന് തടയിടാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയത്. മടിയില്‍ കനമില്ലാത്തവന് ഭയമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി എന്തിനാണ് ഇപ്പോള്‍ ഭയപ്പെടുന്നതെന്ന് കോണ്‍ഗ്രസ് ആരാഞ്ഞു. സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും എത്തുന്നുവെന്ന് കണ്ടതോടെയാണ് സര്‍ക്കാര്‍ ഭയപ്പെടുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞൂ.