Celebraties

ഷൂട്ടിങ്ങിനായി വീട് വിട്ടുനൽകി, ഒടുവിൽ സിനിമ നടിയായി!

ഇവന്റ് മാനേജറായി ജോലി ചെയ്യുന്നതിനിടയിൽ അപ്രതീക്ഷിതമായി സിനിമയിലെത്തിയ വ്യക്തിയാണ് നടി ലക്ഷ്മി രാമകൃഷ്ണൻ. പാലക്കാട്ടെ തമിഴ് ബ്രാഹ്മണകുടുംബത്തിൽ ജനിച്ചുവളർന്ന ലക്ഷ്മി പതിനെട്ടാം വയസ്സിൽ വിവാഹിതയായി തന്റെ ബിസിനസും നോക്കി കുടുംബത്തിനൊപ്പം ഒമാനിൽ ജീവിക്കുന്നതിനിടയിലാണ് സിനിമയിലേക്ക് ക്ഷണം ലഭിക്കുന്നത്. സംവിധായകൻ ലോഹിതദാസാണ് സിനിമയുടെ ലോകത്തേക്ക് ലക്ഷ്മിയെ കൈപിടിച്ചു കൊണ്ടുവന്നത്. ഷൂട്ടിങ് ലൊക്കേഷനായി ലക്ഷ്മിയുടെ വീട് ഉപയോഗിച്ച ലോഹിതദാസ് തന്റെ അടുത്തചിത്രത്തിൽ ലക്ഷ്മിയ്ക്ക് ഒരു വേഷം ഓഫർ ചെയ്യുകയായിരുന്നു. അങ്ങനെ ‘ചക്കരമുത്ത്’ എന്ന സിനിമയിലൂടെ പ്രവാസിയായ ലക്ഷ്മി രാമകൃഷ്ണൻ സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചു.

തുടർന്ന് നിരവധി ചിത്രങ്ങളിൽ ലക്ഷ്മിയ്ക്ക് അവസരം ലഭിച്ചു. പ്രണയകാലം, ജൂലൈ 4, നോവൽ, വയലിൻ,പിയാനിസ്റ്റ്, ജേക്കബിന്റെ സ്വർഗ്ഗരാജ്യം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിത മുഖമായി ലക്ഷ്മി മാറി. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലും ലക്ഷ്മി തന്റെ പ്രതിഭ തെളിയിച്ചു.

‘പിരിവോം സന്ധിപ്പോം’ ആയിരുന്നു ലക്ഷ്മിയുടെ ആദ്യ തമിഴ് ചിത്രം. ഈറം, നാടോടികൾ തുടങ്ങിയ സിനിമകളിലൂടെ വളരെപ്പെട്ടെന്നു തന്നെ തമിഴകത്ത് ലക്ഷ്മി ശ്രദ്ധ നേടി. മിഷ്കിന്റെ ‘യുത്തം സെയ്’ എന്ന സിനിമയിലെ പ്രകടനം ലക്ഷ്മിയ്ക്ക് ഏറെ നിരൂപകപ്രശംസ നേടികൊടുത്തു. ചിത്രത്തിൽ അന്നപൂർണി എന്ന കഥാപാത്രമാവാൻ ലക്ഷ്മി തല മുണ്ഡനം ചെയ്തതും വാർത്തയായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങളും ലക്ഷ്മിയെ തേടിയെത്തി.

അഭിനയത്തിൽ മാത്രമല്ല, സംവിധാനത്തിലും ഏറെ താൽപ്പര്യമുള്ള വ്യക്തിയാണ് ലക്ഷ്മി. മലയാളം,തമിഴ് ടെലിവിഷൻ ചാനലുകൾക്കായി ആറു ലഘുചിത്രങ്ങളും ലക്ഷ്മി സംവിധാനം ചെയ്തിട്ടുണ്ട്. ലക്ഷ്മി രചനയും സംവിധാനവും നിർവഹിച്ച ആദ്യസിനിമ, ‘ആരോഹണം’ 2012 ലാണ് പുറത്തിറങ്ങിയത്. ഏറെ നിരൂപകപ്രശംസ പിറ്റിച്ചുപറ്റിയ ‘ആരോഹണം’ ഏഴാമത് വിജയ്‌ ഫിലിം അവാർഡ്സിൽ സ്പെഷ്യൽ ജൂറി അവാർഡ് നേടുകയും, തെന്നിന്ത്യൻ ഇന്റർനാഷണൽ മൂവീ അവാർഡ്സിൽ ചിത്രത്തിലെ അഭിനയത്തിന് വിജി ചന്ദ്രശേഖറിനു മികച്ച സഹനടിയ്ക്കുള്ള നാമനിർദ്ദേശം നേടുകയും ചെയ്തു. പിന്നീട് ‘നെരുങ്കി വാ മുത്തമിടാതേ’ എന്ന സിനിമയും ലക്ഷ്മി തമിഴിൽ സംവിധാനം ചെയ്തു.

സിനിമകളിൽ മാത്രമല്ല, മിനിസ്ക്രീനിലെയും നിറസാന്നിധ്യമാണ് ലക്ഷ്മി. തമിഴ് സീരിയലുകളിൽ അഭിനയിക്കുന്ന ലക്ഷ്മി റിയാലിറ്റി ഷോകളിലും അതിഥിയായി പോവാറുണ്ട്.

Back to top button