Film News

അന്ന് മമ്മൂട്ടി സിനിമയിൽ മരിച്ചപ്പോൾ എന്റെ മമ്മൂട്ടി മരിച്ചു പോയി എന്ന് പറഞ്ഞു പൊട്ടി കരയുകയായിരുന്നു, ആരാധികയുടെ കുറിപ്പ്

മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ തന്റെ ഇഷ്ടതാരത്തെ കുറിച്ചുള്ള ശ്രദ്ധേയമായ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് സനൂജ. കുട്ടിക്കാലത്ത് ‘മണിയറ’ എന്ന സിനിമ കണ്ടത് മുതല്‍ ആരംഭിച്ച ആരാധനയാണ് സനൂജയ്ക്ക് മമ്മൂട്ടിയോടുള്ളത്.

സനൂജയുടെ വാക്കുകൾ ഇങ്ങനെ

1983ല്‍ മണിയറ സിനിമ കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയ ഇഷ്ടം. പിന്നെ സ്ഥിരം മാമിയുടെ മോന്‍ ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന vcrലൂടെ സോണി ടീവിയില്‍ നിറഞ്ഞാടിയ മമ്മൂക്ക. അന്നത്തെ കുഞ്ഞു മനസ്സ് വിശ്വസിച്ചിരുന്നത് മമ്മൂക്കയുടെ ഭാര്യ സീമ, മകള്‍ ശാലിനി. കാണുന്നത് എല്ലാം സത്യം ആണെന്ന് വിശ്വസിച്ചിരുന്ന കാലം. മമ്മൂക്ക കരഞ്ഞാല്‍ ഞാനും കൂടെ കരയും. മമ്മൂക്കയെ ആരെങ്കിലും ഇടിക്കുന്ന സീന്‍ വന്നാല്‍ കണ്ണ് പൊത്തിപ്പിടിച്ചിരിക്കും. സന്ദര്‍ഭം സിനിമയില്‍ മമ്മൂക്ക താഴെ വീണു മരിച്ചപ്പോള്‍ എന്റെ മമ്മൂട്ടി മരിച്ചുപോയി എന്ന് പറഞ്ഞു ഏങ്ങലടിച്ചു കരഞ്ഞ കുട്ടിക്കാലം. പിന്നെ പിന്നെ സിനിമ വേറെ, ജീവിതം വേറെ എന്ന് മനസ്സിലാക്കി തുടങ്ങി എങ്കിലും വീടിന്റെ ചുവര്‍ ചിത്രം നിറയെ മമ്മൂക്ക. ഒരിക്കല്‍ മമ്മൂക്കയുടെ ആരാധിക ആയ മാമിയുടെ ജോലിക്കാരി എന്റെ മമ്മൂക്ക ചിത്രങ്ങള്‍ പറിച്ചോണ്ടു പോയി, അന്നവളെ കൊന്നില്ല എന്നെ ഉള്ളൂ. പ്രീഡിഗ്രി ഡിഗ്രി പഠന കാലത്തൊരു പേരും വീണു പുട്ടുറുമീസ്. മമ്മൂക്കയുടെ കവര്‍ ഫോട്ടോ കൊണ്ട് ബുക്ക് പൊതിഞ്ഞാല്‍ പുറത്തിറക്കി നിര്‍ത്തിയിരുന്നു ദുഷ്ടനായ പ്രശാന്ത് സാര്‍.

കല്യാണത്തിന് പെണ്ണ് കാണാന്‍ ഇക്ക വന്നപ്പോള്‍ എന്റെ റൂമില്‍ നിറയെ മമ്മൂക്കയുടെ ഫോട്ടോ. ഒരാള്‍ മാത്രം സിനിമയുടെ ബ്ലോ അപ്പ്. ഒന്നേ ഞാന്‍ ആവശ്യപ്പെട്ടുള്ളൂ. മമ്മൂക്കയോടുള്ള എന്റെ ഇഷ്ടത്തിന് ഒരു മാറ്റവും ഉണ്ടാകാന്‍ പറയരുത്. ബാക്കിയുള്ള കാര്യങ്ങള്‍ക്ക് എല്ലാം അഭിപ്രായ വ്യത്യാസം ഉണ്ടായാലും ഈ ഒരു കാര്യത്തിന് കാര്യമായ എതിര്‍പ്പ് ഉണ്ടായിട്ടില്ല. സിനിമ ഇറങ്ങുമ്ബോള്‍ എല്ലാം കരഞ്ഞു കാലുപിടിച്ചിട്ടായാലും കൊണ്ടുപോയി കാണിക്കാറുണ്ട്

മൂന്നു വര്‍ഷം കഴിഞ്ഞു മമ്മൂക്കയെ കണ്ടിട്ട് അന്ന് എനിക്ക് തിരിച്ചു പോകേണ്ട ദിവസവും മമ്മൂക്ക ഷൂട്ടിങ് തിരക്കും. കണ്ട് അങ്ങിനെ ഫോട്ടോ എടുക്കാന്‍ കഴിഞ്ഞത് തന്നെ വല്ല്യ കാര്യം. ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ദിവസം.

ഒരിക്കല്‍ കൂടി കാണണം എന്റെ മമ്മൂക്കയെ സമാധാനമായിട്ട് എന്നൊക്കെ ഉള്ള ആഗ്രഹം എന്റെ മോനു പോയതോടെ അവസാനിച്ചു എങ്കിലും അങ്ങയോടുള്ള ഇഷ്ടത്തിന് പകരം വെക്കാന്‍ മറ്റൊന്നും ഇല്ല. താര സിനിമയുടെ ചക്രവര്‍ത്തിക്ക് മലയാളത്തിന്റെ മഹാ നടന്, ജന്മദിനാശംസകള്‍ മമ്മൂക്ക.

 

Back to top button