Malayalam ArticleMalayalam WriteUps

മാതൃത്വം സ്ത്രീയെ അളക്കാനുള്ള അളവു കോൽ ആകാതിരിക്കട്ടെ.

കല്യാണം കഴിഞ്ഞിട്ടു ഇത്രേം വർഷായിട്ടും കുട്ടികളൊന്നും ആയില്ലേ … ആ സ്ത്രീ കുറച്ചു ശബ്ദമുയർത്തി തന്ന്യാണ് അതു ചോദിച്ചതു!!

അതോടെ അവിടവിടായി മാറി നിന്നു സംസാരിച്ചിരുന്നവരുടെ ശ്രദ്ധ മുഴുവനും എന്റെ നേർക്കായി . ചിലരു എന്നെ ചൂണ്ടിക്കാട്ടി എന്തോ കുശുകുശുക്കുന്നു . മറ്റു ചിലരുടെ നോട്ടത്തിൽ സഹതാപം കലർന്നിരുന്നു ..

അപ്പോഴേക്കും ആ സത്രീ ഒന്നൂടെ ചേർന്നു നിന്നു എന്തോ ചോദിക്കാനായി തയ്യാറെടുക്കുവാരുന്നു …

അതൂടെ കേൾക്കാനുള്ള ശക്തിയില്ലാത്തോണ്ട് ഞാനവിടുന്നു മാറി വീടിനകത്തോട്ടു കയറി . എനിക്കറിയാരുന്നു അവരെന്താണ് ചോദിക്കാൻ വരുന്നതെന്ന്. ആരുടെതാണ് കുഴപ്പമെന്നാവും ..

ഇങ്ങനുള്ള ചോദ്യങ്ങൾക്കു മൂർച്ച കൂട്ടി മനസ്സു കീറി മുറിക്കുന്നവർക്ക് അതോണ്ടെന്തു സന്തോഷമാണ് ലഭിക്കുന്നുണ്ടാവുക…

ഓർക്കുന്തോറും കണ്ണു നിറഞ്ഞു ..

കല്യാണ വീടല്ലേ . ആരും കാണാതിരിക്കാൻ വേഗം ടവ്വലെടുത്ത് മുഖം തുടച്ചു. സത്യം പറഞ്ഞാൽ മുന്നേ പരിചയമുള്ള ആളുകളെ എവിടെലും വെച്ചു കാണാതിരിക്കാൻ പ്രാർത്ഥിച്ചാണ് വീട്ടീന്ന് ഇറങ്ങുന്നത് തന്നെ …

കണ്ടു മുട്ടിയാൽ സുഖവിവരങ്ങൾ പോലും അന്വോഷിക്കുന്നതിനു മുന്നേ കുട്ടികൾ എത്രായിന്നുള്ള ചോദ്യാവും നേരിടെണ്ടി വരിക.

അതോടെ മനസ്സൊന്നു പതറും. വാക്കുകൾക്കായി പരതി നിസ്സഹായതയോടെ ചുറ്റും നോക്കും ..

ചിലരുടെ നോട്ടത്തിൽ വെറുപ്പാണ് ..

എന്തോ വലിയ തെറ്റു ചെയ്തെന്ന പോലെ തുറിച്ചു നോക്കും . ദയയുടെ ഒരു കണിക പോലും അവശേഷിപ്പിക്കാതെ സ്വന്തം കുഞ്ഞുങ്ങളെ കണ്മുന്നിൽ വെച്ചു താലോലിക്കുന്നവരുണ്ട് .

അപ്പൊഴൊക്കെ മാറിടം വിങ്ങി മനസ്സു വീർപ്പു മുട്ടും….

കുഞ്ഞിനെ മാറോടു ചേർത്തു പിടിക്കാനായി കൈ തരിക്കും…

പക്ഷേ കഴിയാറില്ല പലപ്പോഴും . ഭയമാരുന്നു സമൂഹത്തോടും അവർ വെച്ചു പുലർത്തുന്ന കാഴ്ച്ചപ്പാടുകളോടും .

അവർക്കറിയില്ല മാതൃത്വം നിഷേധിക്കപ്പെട്ടവരുടെ വേദനയെന്താന്നു . തനിച്ചിരിക്കുമ്പോ എല്ലാം മറന്നു പൊട്ടിക്കരയും .

അതോടെ മനസ്സു ശാന്തമാവും. ഉറങ്ങാൻ കിടന്നാലും നേർത്തൊരു താരാട്ടു പാട്ടിന്നീണം മൂളി മനസ്സു ഉറക്കം കെടുത്തും.

എന്നാലും മനപൂർവ്വം കണ്ണടച്ചുറങ്ങും. കാരണം സ്വപ്നത്തിലെന്നും ഒരു കുഞ്ഞു മാലാഖ വിരുന്നു വരാറുണ്ട്‌. അവളുടെ കിളിക്കൊഞ്ചൽ കേട്ടു മതിമറന്നു സന്തോഷിക്കാറുണ്ട്‌. എന്റെ കൈവിരലുകളിൽ തൂങ്ങി അവൾ പിച്ചവെച്ചു നടക്കാറുണ്ട്..

ആ കുഞ്ഞു കവിളുകളിൽ മാറിമാറി ഉമ്മ വെക്കാറുണ്ട്. ഒടുവിലെപ്പോഴോ എന്നോടു കൈവീശി ക്കാണിച്ചു അകാശക്കൂട്ടങ്ങൾക്കിടയിലെവിടക്കോ മാഞ്ഞു പോവാറുണ്ട്‌ .

പാതി മുറിഞ്ഞ താരാട്ടു പോലെ ഉറക്കം വിട്ടുണരുമ്പോ മനസ്സു ശൂന്യമാവും. അറിയാത്തൊരു കണ്ണു നീർ തുളളി വന്നു കൺ കോണുകളിൽ കൂടു കൂട്ടും.

അമ്മയാവുകാന്നുള്ളത് ഒരു നിയോഗമാണ് ..

പലർക്കും പലകാരണങ്ങൾ കൊണ്ടതിനു കഴിയണം എന്നില്ല . വിവാഹിതയായ ഒരു സ്ത്രീയെ കണ്ടുമുട്ടുമ്പോ ആദ്യം ചോദിക്കുന്ന ചോദ്യം അവളുടെ മാതൃത്വത്തെ ചോദ്യം ചെയ്യുന്ന രീതിയിലാവാതിരിക്കട്ടെ.

ഒരു കുഞ്ഞിനു ജൻമം നൽകിയെന്നതു കൊണ്ടു മാത്രം അമ്മയായി മാറില്ല…

ജൻമം നൽകാത്തതു കൊണ്ടു അമ്മയല്ലാതാവുന്നുമില്ല!!

സ്‌നേഹവും സഹാനുഭൂതിയും വാത്സല്യവും പേറി നടക്കുന്ന ഓരോ പെൺകുട്ടിയും അമ്മയാണു …

Courtesy: Joycee

-Jayasree Sadasivan

Jayasree Sadasivan
Jayasree Sadasivan

Leave a Reply

Back to top button