Film News

പുതിയ ഗാനവുമായി ചെക്കനിലൂടെ  നഞ്ചിയമ്മ

ചെക്കൻ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി...

പുതിയ ഗാനവുമായി ചെക്കനിലൂടെ  നഞ്ചിയമ്മ, ‘

മലയാള സിനിമാപ്രേമികൾക്ക് മനോഹരമായൊരു ഗാനവുമായി നഞ്ചിയമ്മ വീണ്ടുമെത്തുകയാണ്… മലയാളികൾ ഏറ്റുപാടിയ അയ്യപ്പനും കോശിയും സിനിമയിലെ ‘കലകാത്ത ‘ഗാനത്തിന് ശേഷം മനോഹരമായൊരു താരാട്ട് പാട്ടുമായാണ് നഞ്ചിയമ്മ ഈ തവണ വരുന്നത്. ഒട്ടേറെ പ്രവാസി മലയാളികളുടെ കലാസ്വപ്നങ്ങൾക്കു നിറം പകർന്ന ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലിനിർമ്മിച്ച് ഷാഫി എപ്പിക്കാട് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ചെക്കൻ’ എന്ന ചിത്രത്തിലൂടെയാണ് ഗായികയും, അഭിനേതാവുമായി നഞ്ചിയമ്മ വീണ്ടുമെത്തുന്നത്.

രചയിതാവും, സംഗീത സംവിധായകനും, ഗായകനുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ചെക്കനിലെ ആദ്യഗാനത്തിന്റെ വീഡിയോ ലോഞ്ചിംഗ് നിർവ്വഹിച്ചത്.നടൻ വിനോദ് കോവൂരും , സംവിധായകൻ ഷാഫി എപ്പിക്കാടും ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകരും സന്നിഹിതരായ ചടങ്ങ് കോഴിക്കോട് കൈതപ്രത്തിന്റെ വസതിയിൽ വെച്ചാണ് നടന്നത്. വൺ ടു വൺ മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് ‘ആത്‌ക്ക് അന്താ പക്കം’എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

ഗോത്ര വിഭാഗത്തിൽ ജനിച്ച ഗായകനായൊരു വിദ്യാർത്ഥിയുടെ കഥ പറയുന്ന ചിത്രം മനോഹരമായ ഗാനങ്ങളുടെ അകമ്പടിയോടെ വയനാടിന്റെ ദൃശ്യ ഭംഗിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പാരമ്പര്യമായി കിട്ടിയ സിദ്ധിയും, ഗായികയായ അമ്മൂമ്മ നഞ്ചിയമ്മയിൽ നിന്നും കിട്ടിയിരുന്ന അംഗീകാരവും നായകൻ ചെക്കന് ഏറെ പ്രോത്സാഹനമായിരുന്നെങ്കിലും വർത്തമാന കാലത്തും തുടരുന്ന ജാതിയുടെയും നിറത്തിന്റെയും പേരിലുള്ള അവഗണനകളും, മാറ്റിനിർത്തലുകളും നേരിടേണ്ടിവരുന്നൊരു ബാലന്റെ നിസ്സഹായതയാണ് സംവിധായകൻ ചെക്കനിലൂടെ വരച്ചു കാട്ടുന്നത് .

കാടിന്റെയും, സംഗീതത്തിന്റെയും അകമ്പടിയോടെ ഒരുങ്ങുന്ന ചിത്രത്തിൽ നാടൻ പാട്ടു ഗായകൻ മണികണ്ഠൻ പെരുമ്പടപ്പും മനോഹരമായ ഗാനങ്ങൾക്ക് രചനയും, സംഗീതവും നിർവഹിച്ചു ആലപിക്കുന്നുണ്ട്.അടുത്ത മാസം റിലീസ് പ്രതീക്ഷിക്കുന്ന ചിത്രം തിയേറ്റർ റിലീസ് തന്നെയാണ് ഉദ്ദേശിക്കുന്നത്.

ഗപ്പി,ചാലക്കുടിക്കാരൻ ചെങ്ങാതി, എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു പുരുഷനാണ് നായകൻ, ചെക്കനായി അഭിനയിക്കുന്നത്. നായിക ആതിരയാണ് . കൂടാതെ നഞ്ചിയമ്മ, വിനോദ് കോവൂർ , തസ്നിഖാൻ , അബു സലീം, അമ്പിളി, അലി അരങ്ങാടത്ത് ,മാരാർ, സലാം കല്പറ്റ, അഫ്സൽ തുവൂർ, ടിക് ടോക് താരങ്ങളായ അബു സാലിം , ഷിഫാന, ലിയാ അമൻ തുടങ്ങിയവരോടൊപ്പം ഒട്ടേറെ നാടക താരങ്ങളും വിവിധ വേഷത്തിൽ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

 

Back to top button