കണ്ണനെ കാണാൻ വർഷങ്ങൾക്ക് ശേഷം ‘ബാലാമണി’ വീണ്ടും ഗുരുവായൂർ നടയിൽ

‘ഞാനേ കണ്ടുള്ളു, ഞാൻ മാത്രമേ കണ്ടുള്ളൂ’ നന്ദനത്തിലെ ബാലാമണിയുടെ ഈ ഡയലോഗ് മലയാളികൾ ഒരിക്കലും മറക്കില്ല. വീണ്ടും കണ്ണനെ കാണാൻ ഗുരുവായൂർ അമ്പലനടയിൽ ബാലാമണി എത്തി. തന്റെ ജന്മദിനത്തിന്റെ തലേദിവസമാണ് മലയാളികളുടെ പ്രിയപ്പെട്ട നടി നവ്യ നായർ ഗുരുവായൂരിൽ എത്തിയത്. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നവ്യയുടെ ഫാൻ പേജുകളിലാണ് വീഡിയോ എത്തിയിരിക്കുന്നത്. ഒക്ടോബർ പതിനാലിനായിരുന്നു നവ്യയുടെ ജന്മദിനം.
അതേസമയം, ജന്മദിന ആഘോഷങ്ങളുടെ വിശേഷങ്ങൾ നവ്യ നായർ തന്റെ ഇൻസ്റ്റഗ്രാം പ്രേജിൽ പങ്കുവെച്ചു. 1985, ഒക്ടോബർ 14ന് ആയിരുന്നു നവ്യ നായർ ജനിച്ചത്. ആലപ്പുഴയിലെ ഹരിപ്പാടിന് അടുത്ത് ചേപ്പാട് എന്ന ഗ്രാമത്തിലാണ് രാജു – വീണ ദമ്പതികളുടെ മകളായി നവ്യയുടെ ജനനം. ധന്യ എന്നായിരുന്നു പേര്. സിനിമയിൽ എത്തിയതിനു ശേഷമാണ് നവ്യ എന്ന പേര് സ്വീകരിച്ചത്. സിനിമ സംവിധായകൻ കെ മധു നവ്യയുടെ അങ്കിളാണ്.
2010ൽ ആയിരുന്നു സന്തോഷ് മേനോനുമായി നവ്യയുടെ വിവാഹം. വിവാഹത്തിനു ശേഷം സിനിമയിൽ അത്ര സജീവമല്ലായിരുന്നു താരം. എന്നാൽ ആ സമയത്ത് ടെലിവിഷൻ ഷോകളിൽ സജീവമായിരുന്നു. ദൃശ്യം, ദൃശ്യം രണ്ട് സിനിമകളുടെ കന്നഡ റീമേക്കിൽ നവ്യ ആയിരുന്നു നായിക. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്കു മടങ്ങിയെത്താൻ തയ്യാറെടുക്കുകയാണ് നവ്യ നായർ.