കനത്ത മഴയിലും ആവേശം വിടാതെ നാടും നാട്ടുകാരും: എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ പര്യടനത്തിൽ വൻ ജനപങ്കാളിത്തം

കോട്ടയം: കനത്ത മഴയിലും ആവേശം വിടാതെ നാടും നാട്ടുകാരും ഒപ്പം കൂടിയതോടെ എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ തുറന്ന വാഹനത്തിലെ പര്യടനത്തിന് ആവേശകരമായ സ്വീകരണം. ഓരോ വേദിയിലും താമര മാലകളും ചെണ്ടമേളവും ആർപ്പുവിളികളുമായി സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ കാത്തു നിൽക്കുന്ന നാട്ടുകാർ നരേന്ദ്രമോദിയുടെ കൈകൾക്കു കരുത്തുപകരാൻ മിനർവ മോഹൻ തന്നെ വിജയിക്കുമെന്നുറപ്പിക്കുന്നു.
ഇന്നലെ ചിങ്ങവനത്തു നിന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ തുറന്ന വാഹനത്തിലെ പ്രചാരണം ആരംഭിച്ചത്. മണ്ഡലത്തിലെ ഓരോ പ്രദേശത്തും നൂറുകണക്കിന് ആളുകളാണ് സ്ഥാനാർത്ഥിയെ കാത്തു നിന്നത്. ചിങ്ങവനത്തു നിന്നും എം.സി റോഡിലൂടെ പള്ളത്ത് എത്തിയ തുറന്ന വാഹനത്തിലെ പ്രചാരണ ജാഥയെ, ചെണ്ടമേളവും ആർപ്പു വിളികളുമായാണ് സ്വീകരിച്ചത്.

തുടർന്നു പാക്കിൽ, ചെട്ടിക്കുന്ന്, മറിയപ്പള്ളിവഴി തുറന്ന വാഹനത്തിലെ പ്രചാരണം വൈകിട്ട് സിമന്റ് കവലയിൽ എത്തി. ഈ യാത്ര സിമന്റ് കവലയിൽ എത്തിയപ്പോഴേയ്ക്കും കോരിച്ചൊരിയുന്ന മഴയും എത്തിയിരുന്നു. പെരുമഴയിൽ തെല്ലും ആവേശം ചോരാതെയായിരുന്നു സ്ത്രീകളും കുട്ടികളും വീട്ടമ്മാരും അടങ്ങുന്നവർ സ്ഥാനാർത്ഥിയെ കാത്തു നിന്നത്. വർണ്ണ ബലൂണുകളും ചെണ്ടമേളങ്ങളും ആർപ്പുവിളികളും ആഘോഷവുമായി എത്തിയവർ സ്ഥാനാർത്ഥിയ്ക്ക് വൻ സ്വീകരണമാണ് ഒരുക്കിയത്.മൂലേടത്ത് എത്തിയപ്പോഴേയ്ക്കും നരേന്ദ്രമോദിയ്ക്ക് ജെയ് വിളികളുമായി നൂറുകണക്കിനു സ്ത്രീകളാണ് സ്ഥാനാർത്ഥി മിനർവ മോഹനെ കാത്തു നിന്നത്. ഈ ആവേശം തുളുമ്പുന്ന അന്തരീക്ഷത്തിലാണ് സ്ഥാനാർത്ഥി വന്നിറങ്ങിയത്. ഇവിടെ വോട്ടർമാരിലേയ്ക്ക് ആവേശം നിറച്ച പ്രസംഗത്തോടെ ഇന്നലെ തുറന്ന വാഹനത്തിലെ പ്രചാരണം സമാപിച്ചു.

ശബരിമലയിൽ സ്തീകളെ പ്രവേശിപ്പിക്കാൻ ആവേശം കാണിച്ച സി.പി.എം എന്തുകൊണ്ട് ഒരു സ്ത്രീയെ പോലും മുഖ്യമന്ത്രിയാക്കിയില്ല: മിനർവ മോഹൻ
ശബരിമലയിൽ ഒരു സുപ്രീം കോടതിയുടെ വിധി വന്നതിനു പിന്നാലെ പൊലീസ് സംരക്ഷണയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ ആവേശം കാട്ടിയ സി.പി.എം എന്തുകൊണ്ടാണ് ഭരണമുണ്ടായിരുന്ന സംസ്ഥാനങ്ങളിൽ ഒരിടത്തു പോലും സ്ത്രീയെ മുഖ്യമന്ത്രിയാക്കാതിരുന്നതെന്നു നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ. എൻ.ഡി.എ സ്ഥാനാർത്ഥിയുടെ തുറന്ന വാഹനത്തിലെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നൽകിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു അവർ. സ്ത്രീ ശാക്തീകരണമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നു സി.പി.എം പറയുന്നു. എന്നാൽ, കേരളത്തിലും ബംഗാളിലും തൃപുരയിലും അധികാരത്തിൽ വർഷങ്ങളോളം ഇരുന്നിട്ടും ഒരിടത്തും സ്ത്രീയെ മുഖ്യമന്ത്രിയാക്കാൻ ഒരു ടേം പോലും സി.പി.എം തയ്യാറായില്ല. ഇതാണ് എല്ലാ വിഷയങ്ങളിലും സി.പി.എം സ്വീകരിക്കുന്ന നിലപാടെന്നും അവർ പറഞ്ഞു.