Malayalam ArticleMalayalam WriteUps

ഒരു തുറന്ന പ്രണയ ലേഖനം

ഒരിക്കലും മറുപടി അയക്കാത്ത എന്റെ കള്ളത്താടിക്കാരന്.. നമ്മൾ ആദ്യമായി കണ്ടത്‌ എന്നാണെന്ന് നീ ഓർക്കുന്നുണ്ടോ? മേലത്തെ കാവിൽ പൂരം നടക്കുമ്പൊ ആറാട്ടിന്റെയന്ന് ഒഴിഞ്ഞിരുന്ന സർപ്പക്കാവിന്റെ മറ പറ്റി നീ ബീഡി വലിച്ചോണ്ട് നിക്കുന്നു. ഇതൊരമ്പലമല്ലേ ഇവിടിരുന്നാണോ വലിക്കണേ എന്ന് ഇല്ലാത്ത പക്വത ഉണ്ടാക്കി ഞാൻ ചോദിച്ചതോർമ്മയുണ്ടോ? അന്ന് കൈയിലെ ആ ബീഡി കുറ്റിയും കളഞ്ഞ്‌ എന്നെയൊന്ന് തറപ്പിച്ചു നോക്കിയിട്ട് നീയങ്ങ് നടന്നു പോയി. ചുരുക്കി പറഞ്ഞാൽ ഞാൻ കാണുമ്പൊ മുതൽ നീയിങ്ങനെയാ. റേഷനരി പോലെ കടിച്ചു പിടിച്ചിടും വാക്കുകൾ നാവിനിടയിൽ. എന്നിട്ടൊരു ഒഴിഞ്ഞു മാറ്റമാണ്.

ഇത്രേം വായിച്ചപ്പൊ തന്നെ കണ്ടില്ലേ, മുഖം ദേഷ്യം കൊണ്ടു ചുവന്നു. പതിവ്‌ പോലെ മുഴുവൻ വായിക്കാതെ കീറി കളയാൻ ഭാവിക്കണ്ട. അധികം വലിച്ചു നീട്ടില്ല.. ആദ്യത്തെ ആ കൂടിക്കാഴ്ച്ചയെ പറ്റി പറയാൻ കാരണം ഇന്ന്‌ മേലത്ത് അങ്ങനെയൊരു കാവില്ല. ഓരം ചേർന്ന് കിടക്കുന്ന കുളമില്ല. ഉത്സവം കൊണ്ടാടാൻ തേവരുമില്ല. അവിടെയിന്ന് വെറും കാടും പടലോം മാത്രം. ഊര് ചുറ്റി നടക്കണ നീയെങ്ങനെയാ ഞാൻ പറയാതെ ഇതൊക്കെ അറിയാ.. നാട്ടിലേക്ക് വന്നിട്ടിപ്പൊ എത്ര നാളായീന്ന് നിശ്ചയണ്ടോ? ഇണ്ടാവില്ല. ആത്മാവ് ചങ്ങലയ്ക്കിട്ടവനെവിടുന്നാ കണക്ക് കൂട്ടാനുള്ള ബോധം. ന്നാലേ ഞാൻ പറയാം. പതിനേഴ്‌ വർഷം .. പത്ത് മാസം.. രണ്ടാഴ്ച്ച.. കൂടെ, കൂട്ടിയാൽ കൂടാത്ത നാഴികയും വിനാഴികയും. അത്രേമായി നിന്റെ നിഴൽ ഈ നാട്ടിൽ വീണിട്ട്. ന്നെ കണ്ടിട്ടും അത്രേം നാളായി എന്നൊരു പരിഭവത്തിന്റെ ധ്വനി കൂടി അതിലുണ്ടെന്നു കൂട്ടിക്കോളു. ഇണ്ടെങ്കിലും അത്‌ നിന്നെ ബാധിക്കില്ല്യാലോ.

തന്നിഷ്ടക്കാരൻ ഊര് തെണ്ടി.. താടിയും മുടിയുമൊക്കെ വളർത്തി ആ പഴേ ജുബ്ബയുമിട്ട് തോന്ന്യാസിയായി നടക്കാനാണല്ലോ പണ്ടേ ഇഷ്ടം. ആയിക്കോ. ഇഷ്ടം പോലെ ആയിക്കോ. പരാതിയില്ല. ഓരോ തുലാമഴ പെയ്തൊഴിയുമ്പോഴും മാനത്ത് മിണ്ടാതെ മറയുന്ന കൊള്ളിയാനെ പോലെ ഓരോരുത്തരായി കളം വിട്ടു പോയി തുടങ്ങി. പേടി തോന്നാറില്ല. ആകെ ഒരു മരവിപ്പാണ്. നീ അക്ഷരങ്ങളെ മറന്ന് എല്ലാത്തിൽ നിന്നുമകന്നിങ്ങനെ ജീവിക്കുമ്പൊ സ്വപ്നങ്ങൾക്ക് പോലും ഞാനിന്ന് അന്യമായി തീരുന്നു. ഉറക്കമില്ലാത്ത രാത്രികൾക്കും കുത്തിക്കുറിക്കുന്ന വാക്കുകൾക്കും ഞാനിന്നൊരു ഭാരമായിത്തീരുന്നു. എന്നാണിനി എന്റെ ചിലങ്കയും നിലയ്ക്കുക എന്നറിയില്ല.

ശ്രുതിയും താളവുമൊക്കെ ലാവണത്തിൽ പിഴച്ചു തുടങ്ങിയിട്ടുണ്ട്. തട്ടകത്തിലേക്കുള്ള വഴികൾ പലതും മറന്നു തുടങ്ങിയിട്ടുണ്ട്‌. നീയിങ്ങനെ അലക്ഷ്യമായി അലയുമ്പോൾ എന്റെ മനസിന്റെ യാത്രയെ ഞാനെങ്ങനെ കടിഞ്ഞാണിടും?? അറിയില്ല.. എനിക്കറിയില്ല.. നീയും അറിയുന്നില്ല.. പലതും പറയുന്നില്ല.. സാരമില്ല.. നീ അങ്ങനെയാണ്.. ഞാൻ ഇങ്ങനെയും. അതിനിയാർക്കും മാറ്റാനാകില്ല. കടവത്ത് കോല് കുത്തി കാത്ത് നിൽക്കണ തോണിക്കാരന് പോലും ഒരുറപ്പുണ്ട്. കാറൊഴിയും മുമ്പ് അക്കരയ്ക്ക് ആരെങ്കിലും കടത്തിറങ്ങുമെന്ന്. കുത്തൊഴുക്കി വിട്ട എന്റെ മനസ്സിന് അത് പോലുമില്ല.. മറുപടി അയക്കില്ലെന്നറിഞ്ഞും പ്രതീക്ഷിച്ചു കൊണ്ട് സ്വന്തം…….. –

Leave a Reply

Back to top button