എസ് പി ബി ക്കും ചിത്രച്ചേച്ചിക്കും പദ്‌മ പുരസ്‌കാരം;
കേരളത്തിലെ പദ്മ പുരസ്‌കാര ജേതാക്കൾ

രാജ്യം 72 മത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നതിനിടെ കേന്ദ്രസർക്കാർ നമ്മുടെ രാജ്യത്തിൻറെ പരമോന്നത അംഗീകാരമായ പദ്‌മ അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിൽ കല രംഗത്തുനിന്നും അന്തരിച്ച മുൻ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷണും കെ എസ് ചിത്രക്ക് പദ്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീയും പ്രഖ്യാപിച്ചു.
ബാലസുബ്രഹ്മണ്യം അടക്കം 7 പേർക്ക് ആണ് പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചത്. എന്നാൽ ചിത്ര ഉൾപ്പെടെ 10 പേർക്ക് പത്മഭൂഷനും 102 പേർ പത്മശ്രീ പുരസ്കാരത്തിനും അർഹരായി.ഇതിൽ കൈതപ്രം ഉൾപ്പടെ 5 പേർ കേരളത്തിൽ നിന്നുള്ളവരാണ്.
കായിക താരം പി.ടി.ഉഷയുടെ പരിശീലകനായിരുന്ന ഒ.എം.നമ്പ്യാർ (കായികം), ബാലൻ പുതേരി (സാഹിത്യം) കെ.കെ.രാമചന്ദ്ര പുലവർ (കല), ഡോ. ധനഞ്ജയ് ദിവാകർ (മെഡിസിൻ) എന്നിവരാണ് പത്മശ്രീ പുരസ്കാരത്തിന് അർഹരായ കേരളത്തിൽനിന്നുള്ള മറ്റുള്ളവർ.
പുരസ്‌കാരം ലഭിച്ചതിനെ കുറിച്ചു ചിത്ര പ്രതികരിച്ചത് ഇങ്ങനെയാണ്; “രാജ്യത്തിൻറെ അംഗീകാരം വലിയ സന്തോഷം നൽകുന്നു, എന്നെ കൈപിടിച്ചുനടത്തിയ എല്ലാവർക്കുമായി ഞാൻ ഈ പുരസ്‌കാരം സമർപ്പിക്കുന്നു.”
ഇനി നമുക്ക് പുരസ്‌കാരം ലഭിച്ചവരുടെ ലിസ്റ്റ് നോക്കാം….
മുൻജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേ, സുദർശൻ സാഹു, എസ്.പി.ബാലസുബ്രഹ്മണ്യം, സുദർശൻ റാവു, ബി.ബി.ലാൽ, ബിഎം ഹെഗ്ഡേ എന്നിങ്ങനെ ഏഴ് പേർക്കാണ് പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണ് പ്രഖ്യാപിച്ചിരിക്കുന്നത്. കെ.എസ്.ചിത്ര, മുൻസ്പീക്കർ സുമിത്രാ മഹാജൻ, പ്രധാനമന്ത്രിയുടെ മുൻപ്രിൻസിപ്പൾ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം വില്വാസ് പാസ്വൻ, മുൻ അസം മുഖ്യമന്ത്രി തരുണ് ഗൊഗോയി, മുൻ ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായി പട്ടേൽ എന്നിവർക്കാണ് പത്മഭൂഷണ് ബഹുമതി പ്രഖ്യാപിച്ചിരിക്കുന്നത്.
ഏതായാലും ഈ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ഏവർക്കും ബി 4 മലയാളത്തിന്റെ ഹൃദയംനിറഞ്ഞ ആശംസകൾ.