കോവിഡ് പ്രതിസന്ധിയിൽ കേരളം

സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് ഉയരുമെന്ന് ആശങ്ക. ആശുപത്രികളോട് സജ്ജമാകാൻ നിർദേശം നൽകി സംസ്ഥാന സർക്കാർ .
ഇന്നും നാളെയുമായി വീണ്ടും സംസ്ഥാനത്ത് കൂട്ട പരിശോധന . മൂന്ന് ലക്ഷത്തോളം പേരിൽ പരിശോധന നടത്താനാണ് തീരുമാനം. ഇതിന്റെ ഫലങ്ങൾ കൂടി വരുന്നതോടെ രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് ഉയർന്നേക്കുമെന്നാണ് കൊവിഡ് കോർ കമ്മറ്റി യോഗത്തിലെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ആശുപത്രികളോട് സജ്ജമാകാൻ നിർദേശം നൽകിയിരിക്കുന്നത്. വാക്സീൻ ക്ഷാമം തുടരുന്നതിനിടെ 5.5 ലക്ഷം വാക്സീൻ കേന്ദ്രത്തിൽ നിന്നും ഇന്ന് ലഭ്യമാകുമെന്നതാണ് പ്രതീക്ഷ.
കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. രാവിലെ പതിനൊന്നിനാണ് യോഗം. ഓൺലൈൻ വഴി ചേരുന്ന യോഗത്തിൽ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതഉദ്യോഗസ്ഥരും പൊലീസ് മേധാവിയും പങ്കെടുക്കും. സർക്കാരിന്റെ തുടർ നടപടികൾക്ക് യോഗം രൂപം നൽകും. രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള രാത്രികാല കർഫ്യു സംസ്ഥാനത്ത് നിലവിൽ വന്നിട്ടുണ്ട് . രാത്രി ഒമ്പത് മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് നിയന്ത്രണം.
കൂടാതെ കൊവിഡ് തീവ്ര വ്യാപനത്തിൽ കനത്ത ആശങ്ക നിലനിൽക്കുന്ന എറണാകുളം ജില്ലയിൽ ഇന്ന് മുതൽ പ്രാദേശിക ലോക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ് . മൂന്ന് പഞ്ചായത്തുകളും, കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലും ഉൾപ്പെടെ 113 വാർഡുകളെയാണ് കണ്ടൈന്റമെന്റ് സോണായി പ്രഖ്യാപിച്ച് ലോക്ഡൌൺ ഏർപ്പെടുത്തിയിരിക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനിയന്ത്രിതമായി ഉയർന്നതോടെ വെങ്ങോല, മഴുവന്നൂർ, എടത്തല പഞ്ചായത്തുകളും ഇന്ന് വൈകീട്ട് ആറ് മണി മുതൽ അടച്ചിടും. അവശ്യസേവനങ്ങൾക്ക് മാത്രമാകും അനുമതി. ഈ മേഖലകളിൽ കൂടുതൽ പേരെ ഇന്ന് മുതൽ കൂട്ട പരിശോധനക്ക് വിധേയരാക്കും. എറണാകുളം ജില്ലയിൽ ഇന്ന് കുറഞ്ഞത് 20,000 ഡോസ് വാക്സീൻ വിതരണം ചെയ്യാൻ കഴിയുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രതീക്ഷ .