Film News

രാജ്യദ്രോഹം, നടി കങ്കണക്കെതിരെ മുംബൈ പോലീസ് സമന്‍സ് അയച്ചു

രാജ്യദ്രോഹ കേസില്‍ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കും മുംബൈ പൊലീസ് സമന്‍സ് അയച്ചു. ഈ മാസം 26, 27 തിയ്യതികളില്‍ ചോദ്യംചെയ്യലിന് ഹാജരാകണം. മുംബൈ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഇരുവര്‍ക്കുമെതിരെ ബാന്ദ്ര പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. 124 എ (രാജ്യദ്രോഹം), 153 എ (മതത്തിന്‍റെയോ വംശത്തിന്‍റെയോ ഭാഷയുടെയോ ജനന സ്ഥലത്തിന്‍റെയോ പേരില്‍ സാമുദായിക സ്പര്‍ധയുണ്ടാക്കല്‍), 295 എ മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

കങ്കണ ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്തുന്നു, ട്വീറ്റുകളിലൂടെ സാമുദായിക സ്പര്‍ധയുണ്ടാക്കുന്നു എന്ന പരാതിയാണ് കോടതിയിലെത്തിയത്. സഹില്‍ അഷ്റഫ് അലി എന്നയാള്‍ നല്‍കി ഹര്‍ജി പരിഗണിച്ച കോടതി, അന്വേഷണം നടത്താന്‍ പൊലീസിനോട് നിര്‍ദേശിക്കുകയായിരുന്നു.

സുശാന്ത് രാജ്പുതിന്‍റെ മരണത്തിന് പിന്നാലെയുള്ള കങ്കണയുടെ ചില പരാമര്‍ശങ്ങളാണ് പരാതിക്ക് അടിസ്ഥാനം. കങ്കണയും ശിവസേനയും തമ്മിലുള്ള പരസ്യ പോരിന് ഈ പരാമര്‍ശങ്ങള്‍ വഴിതുറന്നു. മുംബൈയെ പാക് അധീന കശ്മീരിനോട് കങ്കണ താരതമ്യം ചെയ്തതിനെതിരെ ശിവസേന നേതാക്കള്‍ പ്രതികരിച്ചു. മുംബൈയില്‍ ക്രമസമാധാനം തകര്‍ന്നുവെന്നും അവിടെ ജീവിക്കാന്‍ ഭയമാണെന്നും കങ്കണ പറഞ്ഞു. കങ്കണക്ക് പിന്നില്‍ ബിജെപിയാണെന്നാണ് ശിവസേനയുടെ വിമര്‍ശനം.

കങ്കണയുടെ മുംബൈയിലെ കെട്ടിടം നിയമ വിരുദ്ധ നിര്‍മാണമാണെന്ന് ചൂണ്ടിക്കാട്ടി മുംബൈ കോര്‍പറേഷന്‍ പൊളിക്കാന്‍ തുടങ്ങിയതോടെ വാക്പോര് രൂക്ഷമായി. തന്‍റെ ഓഫീസ് തനിക്ക് രാമക്ഷേത്രമാണെന്നും അതാണ് തകര്‍ത്തതെന്നും പറഞ്ഞ് വീണ്ടും കങ്കണ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി. രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു.

microsoft project 2016 lizenz kaufen

Back to top button