Current AffairsMalayalam ArticleMalayalam WriteUps

പൂരങ്ങളുടെ പൂരം or മരണങ്ങളുടെ മരണം

ഞാനൊരു തൃശ്ശൂർക്കാരിയല്ല. വഴുക്കി വീഴാതെ തൃശ്ശൂർ ഭാഷ കൃത്യമായി പറയാനും അറിയില്ല. പക്ഷേ കുടമാറ്റവും ആർപ്പു വിളികളും തേക്കിൻകടവ് മൈതാനിയേയും ഏറെ ഇഷ്ടപ്പെടുന്ന ഒരസ്സല് മലയാളി തന്നെയാണ് ഞാൻ.

ഏഴ് വർഷം മുമ്പ് കൊച്ചിയിലെ പേര് കേട്ട വെടിക്കെട്ട്‌ പുര കൊട്ടാരം അമ്പലത്തിൽ കത്തി ചാമ്പലായപ്പോൾ മുതൽ എല്ലാ പൂര പറമ്പും എനിക്ക്‌ ശവപറമ്പ് പോലെയാണ്‌. വിഷുവിന്‌ കത്തിക്കുന്ന കമ്പിത്തിരിയെ പോലും ഭയത്തോടെയല്ലാതെ എനിക്ക്‌ നോക്കാനാവില്ല. അന്ന് മരിച്ചവരുടെ കൂട്ടത്തിൽ എനിക്ക്‌ വേണ്ടപ്പെട്ടവരോ എന്റെ ബന്ധുക്കളോ ഇല്ല. പക്ഷേ ഉറക്കമില്ലാതെ ഞാൻ തള്ളി നീക്കിയത് ദിവസങ്ങളും ആഴ്ച്ചകളുമാണ്.

അന്നത്തെ ദേവസ്വം ബോർഡ്‌ മേധാവി ശക്തമായി തന്നെ പത്രക്കാരോട് എതിർത്തു. മാധ്യമങ്ങളെ ആട്ടിയോടിച്ചു. ക്ഷേത്ര ആചാരങ്ങളെ ചോദ്യം ചെയ്തവരൊക്കെ അയാളുടെ കണ്ണിൽ നിരീശ്വരവാദികളായിരുന്നു. ഇത്‌ യുക്തിവാദമല്ല. പക്ഷേ കൊട്ടിഘോഷിക്കുന്ന ഈ വാരസ്യാർക്ക് പോലും അറിയില്ല ഈ ആചാരത്തിന്റെ കാരണം. “തേവർക്ക്‌ ഇഷ്ടാണ്. അത്രേ എനിക്കറിയൂ. “എത്ര നിസാരമായ ഉത്തരം. മരിച്ചവരിൽ അയാളുടെ അമ്മയോ ഭാര്യയോ മകനോ ഉണ്ടായിരുന്നെങ്കിൽ ഒരു കോലായിലിരുന്ന് അയാളും കരഞ്ഞേനെ.f9c51356-e717-4f3f-bb50-a6fcfddc0ed6

“ഭരണഘടന വെറും ലിപികൾ തുന്നിക്കെട്ടിയ ശബ്ദമില്ലാത്ത പഴന്തുണിയായി തുടരുമ്പോൾ ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുമെന്ന് കാലം തെളിയിച്ചു.”

അന്ന് കരഞ്ഞത് കൊച്ചിയാണെങ്കിൽ ഇന്ന് കരയുന്നത് കൊല്ലമാണ്. നാളെയിനി ആരാണെന്ന് നമുക്ക് കാത്തിരുന്ന് കാണാം. കാരണം ഈ കുരുതി കൊടുക്കൽ അവസാനിക്കുന്നില്ലല്ലോ.

ആര് കരഞ്ഞാലും ഭരണം മാറി ആര് ഭരിച്ചാലും ശേഷക്രിയകൾ ഒന്നു തന്നെ. എക്സ്ക്ലൂസീവിന് വേണ്ടി പരക്കം പായുന്ന ‘മാധ്യമ ധർമ്മം’. ഇലക്ഷൻ അടുക്കുമ്പോൾ നേരിട്ടെത്തി ആശ്വസിപ്പിക്കുന്ന ‘മുതലാളി ധർമ്മം’. ആഴ്ച്ചയൊന്ന് തികയും മുമ്പ്‌ പാരിതോഷികം പ്രഖ്യാപിച്ച് കരയുന്നവരുടെ വായടപ്പിക്കാനുള്ള അവസാന കർമ്മം. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.

കോടതിയോട് വാദിച്ചു ജയിച്ചെന്ന പേരിൽ അഭിമാനം കൊളളുന്ന തൃശ്ശൂർക്കാരോട്‌ പൂരം വേണ്ടെന്ന് പറഞ്ഞവരാരും പൂര വിദ്വേഷികളല്ല. കാരണമറിയാത്ത ഈ ആചാരത്തിന്റെ പേരിൽ, വെറും പത്ത് മിനുട്ടിന്റെ ആനന്ദത്തിന്റെ പേരിൽ കൊല്ലം ഇന്നൊരു കുരുതികളമായി ശേഷിക്കയാണ്. പാതിയിൽ പൊലിഞ്ഞു പോയ സ്വപ്നങ്ങൾ, വേദന തിന്ന്‌ മടുത്ത് മരണം കാത്ത് കിടക്കുന്ന ജീർണ്ണിച്ച ശരീരങ്ങൾ, കാക്ക കമ്പിയിൽ തൂങ്ങി കിടക്കും പോലെ വരി വരിയായി മോർച്ചറിക്ക് മുന്നിൽ ഉറ്റവരെ പൊതിഞ്ഞു കെട്ടി വാങ്ങാൻ നിൽക്കുന്ന വേറെയും കുറേ മുഖങ്ങൾ.

ശരിയാണ് അവരൊന്നും നമ്മുടെ ആരുമല്ല. ബന്ധമോ സ്വന്തമോ അല്ല. പക്ഷേ ഒരേ ആകാശത്തിന് കീഴിൽ ഒരേ വായു ശ്വസിക്കുന്നിടത്തോളം അവരെങ്ങനെ നമുക്കന്യരാകും? അതിന്റെ ചൂടാറും മുമ്പേ അതേ ചാട്ടുളി കൊണ്ട് ആഘോഷിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടല്ലോ. സമ്മതിക്കണം. പൂരങ്ങളുടെ പൂരം എന്ന പേര് സത്യത്തിൽ ഒരഭിമാനമല്ല. അതിൽ വെടിക്കെട്ടും വെളുക്കും വരെയുളള എഴുന്നള്ളിപ്പും ഉള്ളിടത്തോളം അതൊരു മരണപത്രത്തിന്റെ പകർപ്പാണ്‌.

ഇത് തൃശ്ശൂർ ക്കാരോട് മാത്രം പറയുന്നതല്ല.അനധികൃതമായ വെടിക്കെട്ടിനെയും ആനയോട്ടത്തിനെയും ആന എഴുന്നള്ളിപ്പിനെയും ‘ഭക്തിയുടെ’ പേരിൽ പ്രോത്സാഹിപ്പിക്കുന്ന എല്ലാ ‘ഭക്തന്മാർക്കും’ വേണ്ടിയാണ്. “ഒന്നുകിൽ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ നടത്തുക അല്ലെങ്കിൽ ഈ പണിക്ക് പോകാതിരിക്കുക. വെറുതെ ചരമക്കോളം കുത്തി നിറയ്ക്കാഞ്ഞിട്ട്  ആർക്കാണിവിടെ ഉറക്കം കിട്ടാത്തത്??”

പിന്നെ അപകടങ്ങൾ കൂടിയിട്ടും വാഹനങ്ങൾ നിരോധിക്കുന്നുണ്ടോ, പ്രസവത്തി ലൂടെ സ്‌ത്രീകൾ ഒരുപാട് മരിച്ചിട്ടും പ്രസവം നിർത്തലാക്കുന്നുണ്ടോ എന്നൊക്കെ വാദിക്കാൻ വരുന്ന ‘ബുദ്ധിമാന്മാർ’ തിരിച്ചറിയുക, നിങ്ങൾ ഇരിക്കുന്ന കൊമ്പ് തന്നെയാണ് നിങ്ങൾ മുറിക്കുന്നത്. നാളെ നേരം പുലരുമ്പോൾ വാഹനം നിരോധിക്കപ്പെട്ടു എന്ന വാർത്ത വായിക്കുന്നതും ദുബായിലുള്ള നിന്റെ അപ്പൻ മരിച്ചെന്നും അറിയുന്നത് ഒരുമിച്ചാണെങ്കിൽ കുഴഞ്ഞില്ലേ.. നിന്റപ്പന്റെ ശവം അറബികടലിലൂടെ ഒഴുക്കി വിടേണ്ടി വരും നാട്ടിലെത്തിക്കാൻ. ആകാശമാണെങ്കിലും എന്റെ അറിവിൽ വിമാനവും ഒരു വാഹനമാണ്. ഇനി പ്രസവം. അതിനെ പറ്റി കൂടുതലൊന്നും പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അമ്മ വീട്ടിൽ ഫ്രീയാണെങ്കിൽ ചോദിച്ചാ മതി. പറഞ്ഞു തരും.

-Jayasree Sadasivan

Jayasree Sadasivan
Jayasree Sadasivan

Leave a Reply

Back to top button